| Sunday, 22nd May 2022, 9:45 am

ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല; അന്നും വില്ലന്‍ പന്ത്; ദല്‍ഹിയെ പുറത്താക്കിയ പന്തിന്റെ മണ്ടന്‍ തീരുമാനങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഒടുവില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് പടിക്കല്‍ കലമുടച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ വിജയിച്ച് ഐ.പി.എല്ലിന്റെ പ്ലേ ഓഫിലേക്ക് ആധികാരികമായി തന്നെ കയറാനുള്ള അവസരം കളഞ്ഞുകുളിച്ചാണ് പന്തും കൂട്ടരും ഐ.പി.എല്ലിനോട് വിട പറയുന്നത്.

കൈയില്‍ കിട്ടിയ, ജയിക്കാവുന്ന മത്സരം എങ്ങനെ തോല്‍ക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ദല്‍ഹിയുടെ മത്സരം. ജയിക്കണമെന്ന വാശി ആരാധകര്‍ക്കും കോച്ചിനും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകള്‍ക്കുമടക്കം ഉണ്ടായിട്ടും, ക്യാപ്റ്റനും മറ്റ് ടീമംഗങ്ങള്‍ക്കും ഇല്ലാതെ പോയതായിരുന്നു ക്യാപ്പിറ്റല്‍സിന്റെ പരാജയ കാരണം.

ദല്‍ഹി ക്യപ്റ്റന്‍ റിഷബ് പന്തിന്റെ മണ്ടന്‍ തീരുമാനങ്ങളാണ് ടീമിനെ തോല്‍പ്പിക്കാനിടയായതെന്നാണ് ക്രിക്കറ്റ് ലോകം അഭിപ്രായപെടുന്നത്. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കളിച്ച ക്വാളിഫയര്‍ മത്സരത്തില്‍ തോറ്റപ്പോഴും പന്തിന് സമാനമായ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

കഴിഞ്ഞ മത്സരത്തില്‍ നിര്‍ണായകമായ ക്യാച്ച് മിസ്സാക്കിയതും ഡി.ആര്‍.എസ്സിന് അപ്പീല്‍ നല്‍കാതിരുന്നതുമടക്കം ദല്‍ഹിയുടെ തോല്‍വിയുടെ കാരണക്കാരന്‍ പന്ത് തന്നെയാണെന്നാണ് വിമര്‍ശകപക്ഷം.

മുംബൈ ഇന്നിംഗ്‌സിലെ 15ാം ഓവറിലായിരുന്നു ടിം ഡേവിഡെനതിരെയുള്ള കീപ്പര്‍ ക്യാച്ച് അപ്പീല്‍ വന്നത് എന്നാല്‍ ക്ലിയര്‍ എഡ്ജുണ്ടായിരുന്ന ആ വിക്കറ്റിന് റിവ്യു കൊടുക്കാന്‍ മടിച്ചു നില്‍ക്കുകയായിരുന്നു റിഷബ് പന്ത്.

ആദ്യ പന്തില്‍ തന്നെ ടിമ്മിനെ മടക്കാന്‍ അവസരമുണ്ടായിട്ടും അറച്ചുനിന്ന പന്തിനെ ഞെട്ടിച്ച് 11 പന്തില്‍ നിന്നും 34 റണ്‍സടിച്ച് ടിം ഡേവിഡ് മുംബൈയെ വിജയത്തിലേക്കടുപ്പിച്ചു.

കീപ്പിംഗ് ഗ്ലൗസില്‍ നിന്നും ഒരു ഈസി ക്യാച്ച് ചോര്‍ന്നു പോകുന്നതും ആദ്യ പന്തില്‍ തന്നെ പുറത്തായ ടിം ഡേവിഡിനെതിരെ റിവ്യൂ എടുക്കാന്‍ തയാറാവാതെ പോകുന്നതും ലൈനില്‍ നിന്നും ഒരുപാട് അകലെ പിച്ച് ചെയ്യുന്നൊരു എല്‍.ബി.ഡബ്ല്യൂ അപ്പീലില്‍ റിവ്യൂ നല്‍കുന്നതുമൊക്കെ പക്വതയുള്ള നായകനിലേക്ക് തനിക്കേറെ ദൂരമുണ്ടെന്ന് പന്ത് പറയാതെ പറയുന്നുണ്ട്.

കഴിഞ്ഞ വര്‍ഷവും പന്തിന്റെ മണ്ടന്‍ തീരുമാനമാണ് ദല്‍ഹിക്ക് വിനയായത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ ക്വാളിഫയര്‍ മത്സരത്തില്‍ അവസാന ഓവറില്‍ ചെന്നൈക്ക് 13 റണ്‍ വേണ്ടിയിരിക്കെ പന്ത് ടോം കറനെ ഏല്‍പിക്കുകയായിരുന്നു.

റബാദയെ പോലെ ഒരു ലോകോത്തര ബൗളര്‍ ഉണ്ടായിട്ടും ക്രീസില്‍ നില്‍ക്കുന്നത് സാക്ഷാല്‍ ധോണിയാണെന്ന് വ്യക്തമായ ബോധമുണ്ടായിട്ടും പന്ത് അവസാന ഓവര്‍ ടോം കറനെ ഏല്‍പിച്ചതായിരുന്നു ക്യാപ്പിറ്റല്‍സിനെ പരാജയത്തിലേക്ക് തള്ളിവിട്ടത്.

മീഡിയോക്കര്‍ ബൗളറായ ടോം കറനെതിരെ 13 റണ്‍ എന്നത് ധോണിക്ക് പൂ പറിക്കും പോലെ നിസാരമായിരുന്നു.

പന്തിന്റെ മോശം പെര്‍ഫോമെന്‍സില്‍ ഏറെ ആശങ്കപ്പെടേണ്ടിയിരിക്കുന്നു. ടി-20 ലോകകപ്പില്‍ ഇന്ത്യന്‍ വിക്കറ്റിന് പിന്നില്‍ നില്‍ക്കാന്‍ ഏറെ സാധ്യത കല്‍പിക്കുന്നതും സെലക്ടര്‍ ഫേവറിറ്റുമാണ് പന്ത്. താരം തന്റെ തെറ്റുകള്‍ തിരുത്തിയില്ലെങ്കില്‍ പന്തിനും ഇന്ത്യയ്ക്കും ഒരുപോലെ ദോഷമാവുമെന്നുറപ്പ്.

Content highlight: Stupid decisions of Rishabh Pant that knocked out Delhi from IPL

We use cookies to give you the best possible experience. Learn more