India
മോദി പ്രഭാവം മങ്ങി, ഒറ്റക്ക് ഭരിക്കാനാവില്ല; ബി.ജെ.പിക്കേറ്റ തിരിച്ചടി വാര്‍ത്തയാക്കി ലോകമാധ്യമങ്ങള്‍
ന്യൂദല്‍ഹി: 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കേറ്റ തിരിച്ചടി പ്രധാന വാര്‍ത്തയാക്കി ലോക മാധ്യമങ്ങള്‍.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 293 സീറ്റുകള്‍ നേടി എന്‍.ഡി.എ അധികാരം നിലനിര്‍ത്തിയെങ്കിലും ബി.ജെ.പിയുടെ സീറ്റുകളില്‍ വന്ന ഇടിവും മോദി പ്രഭാവം മങ്ങുകയാണോ എന്ന ചോദ്യവുമാണ് വിവിധ മാധ്യമങ്ങള്‍ ഉയര്‍ത്തിയത്.
232 സീറ്റുകള്‍ നേടി ബി.ജെ.പിക്ക് വലിയ പ്രഹരമേല്‍പ്പിച്ച ഇന്ത്യാ മുന്നണിയുടെ മുന്നേറ്റത്തേയും ലോകമാധ്യമങ്ങള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ തെരഞ്ഞെടുപ്പിനെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
‘അധികാരത്തില്‍ തുടരാന്‍ ബി.ജെ.പിക്ക് സഹായം ആവശ്യമുണ്ട്, മോദിക്ക് ചുറ്റുമുള്ള അജയ്യതയുടെ പ്രഭാവലയം നഷ്ടപ്പെട്ടു’ എന്നായിരുന്നു ന്യൂയോര്‍ക്ക് ടൈംസ് അവരുടെ വാര്‍ത്തയ്ക്ക് നല്‍കിയ തലക്കെട്ട്.
മോദി വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുമെങ്കിലും, ഈ തെരഞ്ഞെടുപ്പ് ഇന്ത്യാ മുന്നണിയും ബി.ജെ.പിയും തമ്മിലുള്ള കടുത്ത പോരാട്ടത്തിന് വഴിയൊരുക്കിയെന്നും സഖ്യകക്ഷികളുടെ പിന്തുണയില്ലാതെ സര്‍ക്കാരുണ്ടാക്കാന്‍ മോദിക്ക് സാധിക്കില്ലെന്നും ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.
ഇന്ത്യയിലെ ജനങ്ങളുടെ അസംതൃപ്തിയാണ് വോട്ടെടുപ്പ് ഫലത്തിലൂടെ പ്രകടമായത് എന്നായിരുന്നു വാഷിങ്ടണ്‍ പോസ്റ്റ് അവരുടെ വാര്‍ത്തയില്‍ പറഞ്ഞത്. ജയിച്ചെങ്കിലും മോദി അത്ര സുരക്ഷിതമായ അവസ്ഥയിലല്ലെന്നും വാഷിങ്ടണ്‍ പോസ്റ്റ് പറയുന്നു.
പത്ത് വര്‍ഷം മുന്‍പ് അധികാരത്തിലെത്തിയ മോദിക്ക് ഇത്തവണ സഖ്യകക്ഷികളുടെ പിന്തുണയില്ലാതെ പ്രധാനമന്ത്രി കസേരിയില്‍ ഇരിക്കാനാവില്ലെന്നായിരുന്നു സി.എന്‍.എന്‍ വാര്‍ത്തയില്‍ പറഞ്ഞത്. ജനങ്ങള്‍ മോദിയെ മുട്ടുകുത്തിച്ചെന്നും ബി.ജെ.പിയുടെ സീറ്റിലുണ്ടായ കുറവ് അത് വ്യക്തമാക്കുന്നുണ്ടെന്നും അവര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെല്ലാം കാറ്റില്‍പറത്തുന്ന ജനവിധിയാണ് വന്നതെന്നും ഇന്ത്യാ മുന്നണിയുടെ വന്‍ മുന്നേറ്റത്തിന് രാജ്യം സാക്ഷ്യം വഹിച്ചുവെന്നുമായിരുന്നു ബി.ബി.സിയുടെ വാര്‍ത്ത. മോദി പ്രഭാവം മങ്ങിയെന്നും ബി.ബി.സി വാര്‍ത്തയില്‍ പറഞ്ഞു.
മോദിക്കും ബി.ജെ.പിക്കും കനത്ത തിരിച്ചടി നല്‍കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് ഉണ്ടായത് എന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തത്. ബി.ജെ.പിയുടെ വോട്ട് ഷെയറില്‍ വലിയ ഇടിവ് സംഭവിച്ചതായി ടൈംസ് മാഗസിനും റിപ്പോര്‍ട്ടില്‍ പറഞ്ഞു.
മോദി അത്ര അനിവാര്യനല്ലെന്ന് തെളിഞ്ഞെന്നായിരുന്നു ചൈനീസ് പത്രമായ ചൈന ഡെയ്‌ലി എഴുതിയത്. ബി.ജെ.പിയുടെ സീറ്റുകള്‍ കുറഞ്ഞത് മോദിക്ക് വെല്ലുവിളിയാകുമെന്ന് ചൈനയുടെ ഗ്ലോബല്‍ ടൈംസും റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമാണെന്ന് ജനങ്ങള്‍ തെളിയിച്ചു എന്നായിരുന്നു അമേരിക്ക ആസ്ഥാനമായ വോക്‌സ് മീഡിയയുടെ തലക്കെട്ട്. അതേസമയം ന്യൂനപക്ഷ ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് പാക്കിസ്ഥാന്‍ പത്രമായ ഡോണ്‍ തെരഞ്ഞെടുപ്പ് ഫലത്തെ വിശകലനം ചെയ്തത്. ഇന്ത്യ വിദ്വേഷത്തെ പരാജയപ്പെടുത്തി, മുസ്‌ലീങ്ങളായ സഖ്യകക്ഷികളുടെ സഹായം മോദിക്ക് സ്വീകരിക്കേണ്ടി വരുമെന്നായിരുന്നു അവര്‍ വാര്‍ത്തയില്‍ പറഞ്ഞത്.
ഇന്ത്യയിലെ ഏറ്റവും ദരിദ്രരായ വോട്ടര്‍മാര്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഭാരതീയ ജനതാ പാര്‍ട്ടിയെ വിജയത്തില്‍ നിന്ന് തടഞ്ഞിരിക്കുന്നു. ഭരിക്കാന്‍ സഖ്യത്തിന്റെ പിന്തുണ വേണമെന്ന അവസ്ഥയില്‍ അദ്ദേഹത്തെ എത്തിച്ചു എന്നായിരുന്നു ലണ്ടന്‍ ആസ്ഥാനമായുള്ള ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.
‘അതിശയകരമായ നിരാശ’ എന്നായിരുന്നു ജപ്പാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. ‘ബി.ജെ.പിക്ക് ഭൂരിപക്ഷം നഷ്ടപ്പെടുമ്പോഴും ഇന്ത്യയില്‍ അധികാരം നിലനിര്‍ത്തുമെന്ന് നരേന്ദ്ര മോദി ഉറപ്പിക്കുന്നു.’എന്നായിരുന്നു വാര്‍ത്തയില്‍ പറഞ്ഞത്.
Content Highlight: Stunning setback’, ‘Modi loses aura of invincibility’: global media reported Lok Sabha elections