| Wednesday, 16th September 2020, 3:01 pm

ലക്ഷദ്വീപ് | ചിത്രങ്ങളിലൂടെ | ബിജു ഇബ്രാഹിം

ബിജു ഇബ്രാഹിം

ലക്ഷദ്വീപിലെ അഗത്തിയില്‍ എത്തുന്നത്, അവിടെ ഇഖ്റ ഹോസ്പിറ്റലിന്റെ മാനേജര്‍ ആയ അബ്ദുറഹിമാന്‍ സാഹിബിന്റെ കൂടെയാണ്!
അദ്ദേഹം എന്നെ ഇഷ്ടം കൊണ്ട് കൂടെ കൂട്ടി എന്ന് പറയുന്നതാകും കൂടുതല്‍ ശരി,കൂടെ ഹോസ്പിറ്റലിന്റെ കുറച്ച് ഫോട്ടോകള്‍ എടുക്കുകയും വേണം.

അങ്ങോട്ടേയ്ക്കുള്ള യാത്ര ഒരു കപ്പലില്‍ ആയിരുന്നു. ആദ്യമായാണ് ഞാന്‍ കപ്പലില്‍ യാത്ര ചെയ്യുന്നത്. അതിന്റെ ആഹ്ലാദവും ഉള്ളില്‍ ഉണ്ടായിരുന്നു. ഒരു ദിവസം വേണം ദ്വീപില്‍ എത്താന്‍. കപ്പലില്‍ മീന്‍ ബിരിയാണി ആണ് പ്രധാന വിഭവം;ലക്ഷദ്വീപിലും അതു തന്നെ ആണ്.
മത്സ്യത്തെ പ്രധാനമായും ആശ്രയിക്കുന്ന അവര്‍ക്ക് അതു തന്നെ ആവുമല്ലോ പ്രധാനം.

കപ്പലില്‍, ഡോര്‍മെറ്ററിയില്‍ ആയിരുന്നു കിടത്തം. കൂടെ ഇഖ്റ ഹോസ്പിറ്റലിലെ കുറച്ചു പേരും ഉണ്ട്. അവരോടൊക്കെ വേഗം തന്നെ കൂട്ടായി. പലപ്പോഴും കപ്പലിന്റെ മുകള്‍ത്തട്ടില്‍ പോയിരിക്കും.അവിടെ ദ്വീപിലെ കുറെ പേരുണ്ടാകും. അവരില്‍ നിന്നും മുറുക്കാനൊക്കെ വാങ്ങി, രസകരമായി പോകുകയാണ്.

ഇടയ്ക്ക് ഫോട്ടോകള്‍ എടുക്കുന്നു. അവരോട് കുശലം പറയുന്നു. അങ്ങിനെ സന്ധ്യയോട് അടുക്കുന്നു.


ആ സമയം കപ്പലില്‍ വെച്ചു ഒരാള്‍ കൂട്ടാവുന്നു,മുഹമ്മദ് അസ്ലം. കേരളത്തില്‍ പി.ജി കഴിഞ്ഞ് തിരികെ ലക്ഷദ്വീപിലേക്ക് പോകുന്ന വഴിയാണ്, അസ്‌ലം. വളരെ പെട്ടെന്ന് തന്നെ എന്റെ ഉള്ളില്‍ അസ്ലം പ്രേമപൂര്‍വം കയറി കൂടി. ഞങ്ങള്‍ പല കാര്യങ്ങളും സംസാരിച്ചു.പലതരം ”ഭ്രാന്തുകള്‍”, അവന്റെ പ്രണയം, കുടുംബം, കടല്‍,തിരമാല, ഫോട്ടോഗ്രാഫി അങ്ങനെ വായില്‍ വന്നതൊക്കെ ഞങ്ങള്‍ക്കിടയില്‍ വിഷയങ്ങളായി. പാതിരാത്രി കഴിയുവോളം ഒന്നിച്ചു കടല്‍ നോക്കിയിരുന്നു. പിന്നീട്, ഏതോ യാമത്തില്‍ ഉറങ്ങി എന്ന് വരുത്തി.

ഉറക്കത്തിലും ഉള്ളില്‍ നിറഞ്ഞു നിന്നിരുന്നത് പ്രഭാതക്കാഴ്ചകളുടെ ചിന്തകളായിരുന്നു. അതുകൊണ്ടാവാം, പിറ്റേന്ന് പുലരും മുന്‍പു തന്നെ ഉണര്‍ന്നു. എന്നിട്ട്, വേഗം തന്നെ കപ്പലിന്റെ മുകളിലേക്ക് ഓടിക്കയറി! അവിടെ നിന്നു കൊണ്ട്, കടലിന്റെ പുലര്‍കാല വെളിച്ചം കണ്‍കുളിര്‍ക്കെ കണ്ടു. അസ്ലമും കൂട്ടിനുണ്ടായിരുന്നു.

അഗത്തി ദ്വീപില്‍ എത്തിയപ്പോള്‍ നേരം വെളുത്തിരുന്നു. ഒരാഴ്ച്ചയാണ് അഗത്തി ദ്വീപില്‍ താമസിച്ചത്, അവിടെയും അസ്‌ലം കൂടെ തന്നെ ഉണ്ടായിരുന്നു. ആ ദിവസങ്ങളില്‍ പലപ്പോഴായി, രാവു പുലരുന്ന സമയങ്ങളില്‍ തുടങ്ങി പല വെളിച്ചങ്ങളും ഞങ്ങള്‍ ഒരുമിച്ചു കണ്ടു;അനുഭവിച്ചു!

ലക്ഷദ്വീപിന്റെ സംസ്‌കാരം പല വിധത്തില്‍ സവിശേഷവും വ്യത്യസ്തവുമാണ്. ഭാരതത്തിന്റെ പ്രധാന ഭൂപ്രദേശത്തില്‍ നിന്നും ചിതറിക്കിടക്കുന്ന ദ്വീപുകളുടെ സമൂഹം എന്ന നിലയില്‍ ലക്ഷദ്വീപ് പ്രധാനമായും പല മുഖ്യധാരാ ഇടങ്ങളിലും പ്രതിനിധീകരിക്കപ്പെടുന്നില്ല. ലക്ഷദ്വീപിലെ തദ്ദേശീയ ജനസംഖ്യയില്‍ ഏറിയ പങ്കും മുസ്ലിങ്ങളാണ്. അവര്‍, ഇന്ത്യയിലെ മുഖ്യധാര-മുസ്ലിങ്ങളില്‍ നിന്ന് വ്യത്യസ്തമായി, പരമ്പരാഗതമായി സ്ത്രീകള്‍ക്ക് മേല്‍കോയ്മയുള്ള ‘വൈവാഹിക’ വിവാഹ സംസ്‌കാരം (മരുമക്കത്തായം) പിന്തുടരുന്നവരാണ്.ഇതിനാല്‍ ഇവിടെ സ്ത്രീകള്‍ അവരുടേതായ ഇടവും സ്വാതന്ത്യവും അനുഭവിക്കുന്നുണ്ട്.

ചില ദ്വീപുകളില്‍ സ്ത്രീകള്‍ക്ക് മാത്രമായി പള്ളികള്‍ വരെ ഉണ്ടായിരുന്നതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. എന്നിരുന്നാലും,ആധുനികവല്‍ക്കരണവും പരിഷ്‌കരണപ്രസ്ഥാനങ്ങളും മൂലമുള്ളസാംസ്‌കാരിക സ്വാധീനം ഇതില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ ദ്വീപുകളില്‍ കാണാം.

ഒട്ടും വേഗത ഇല്ലാത്തതാണ് ദ്വീപിലെ ജനങ്ങളുടെ ജീവിതം; ഒരു കാത്തിരിപ്പിന്റെ സ്വഭാവമുണ്ട് അതില്‍. രാത്രികളിലും സ്ത്രീകളെ കടല്‍ത്തീരത്ത് കാണാം! പണ്ട് തന്റെ പ്രിയതമന്‍ ആഴക്കടലില്‍ പോയി ആഴ്ച്ചകള്‍ കഴിഞ്ഞു തിരിച്ചു വരുന്നതും കാത്തുനിന്നിരുന്ന ഭാവം ഇപ്പൊഴും അവരുടെ മുഖത്ത് ഉള്ളതു പോലെ തോന്നും.

മത്സ്യം ലക്ഷദ്വീപുകാരുടെ പ്രധാന ജീവിത മാര്‍ഗം ആണ്. ഭൂരിപക്ഷം പേരും കടല്‍ ജോലി ചെയ്യുന്നരാണ്. കഴിഞ്ഞ വര്‍ഷം കുറച്ച് കുട്ടികള്‍ കടലില്‍ കാണാതായതും ദിവസങ്ങള്‍ കഴിഞ്ഞു അവരെ രക്ഷപ്പെടുത്തിയതും ആയി ഒരുപാട് വാര്‍ത്തകള്‍ ലക്ഷദ്വീപുമായി വായിച്ചറിഞ്ഞതാണ്.

ഉണക്കമീന്‍ ഉണ്ടാക്കി കയറ്റുമതി ചെയ്യുന്നത് ആണ് ഇവിടെ പ്രധാന കച്ചവടം.
വര്‍ഷത്തില്‍ ഒരിക്കല്‍ മല്‍സ്യവുമായി ബന്ധപ്പെട്ട് മൂന്നോളം ദിവസം നീളുന്ന ഫെസ്റ്റിവലും നടക്കാറുണ്ട്. ഓരോ വര്‍ഷവും ഓരോ ദ്വീപിലാകും ഫെസ്റ്റിവല്‍ നടക്കുക. എനിക്ക് അതില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കിലും അവരുടെ വാക്കുകളില്‍ നിന്നും ആ ഫെസ്റ്റിവല്‍ ദിനങ്ങള്‍ സ്വപ്നം കാണാന്‍ കഴിഞ്ഞു.

ചുറ്റുമുള്ള ദ്വീപില്‍ നിന്നെല്ലാം ആളുകള്‍ വന്ന് പല വിഭവങ്ങള്‍ കൊണ്ട് നിറയും കടല്‍ക്കര മുഴുവന്‍. കോറല്‍ ഞങ്ങള്‍ക്ക് പടച്ചവനാണെന്ന് ദ്വീപുവാസികള്‍ പറയും! അവരുടെ ജീവിതത്തേയും,ജീവനെയും സംരക്ഷിച്ചു നിര്‍ത്തുന്ന പടച്ചവന്‍.

ഒരാഴ്ച്ച നില്ക്കാന്‍ കഴിഞ്ഞു. എങ്കിലും ഇനിയും തിരിച്ചു വരണം,ദ്വീപുകള്‍ മുഴുവന്‍ യാത്ര ചെയ്ത്, താമസിച്ച്, അവരെ അറിഞ്ഞ്,പകര്‍ത്തി വെക്കണം തുടങ്ങിയ സ്വപ്നങ്ങളും ഉള്ളില്‍ നിറച്ചാണ് അന്ന് കേരളത്തിലേക്ക് മടങ്ങിയത്.

ലക്ഷദ്വീപ് ഇപ്പൊഴും ഉള്ളില്‍ തെളിഞ്ഞിരിക്കുന്നുണ്ട്. ദ്വീപും, കടലും, മനുഷ്യരും ….

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Stunning images of lakshadweep islands-Biju Ibrahim- photos

ബിജു ഇബ്രാഹിം

We use cookies to give you the best possible experience. Learn more