| Wednesday, 8th January 2025, 9:31 pm

എന്നാ ഒരു ഡൈവാ ഇത്! ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് കിവീസിന്റെ സൂപ്പര്‍മാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ശ്രീലങ്കയ്‌ക്കെതിരെ നടന്ന രണ്ടാം ഏകദിനത്തിലും വിജയം സ്വന്തമാക്കി ന്യൂസിലാന്‍ഡ്. സീഡന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് 37 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സാണ് കിവീസ് നേടിയത്. മഴ കാരണം വെട്ടിക്കുറച്ച മത്സരത്തില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലങ്ക 142 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

മത്സരത്തില്‍ ഏറെ ശ്രദ്ധേയമായ ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ലങ്കയുടെ ബാറ്റിങ്ങില്‍ അവസാനഘട്ടം ഇറങ്ങിയ ഇഷാന്‍ മലിങ്കയെ പുറത്താക്കിയ നഥാന്‍ സ്മിത്തിന്റെ സൂപ്പര്‍ ക്യാച്ചാണ് ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാക്കിയത്.

മത്സരത്തിലെ 29ാം ഓവറില്‍ വില്‍ ഒറോര്‍ക്കിന്റെ പന്ത് തേഡ് മാനിലേക്ക് ഉയര്‍ത്തിയടിച്ച ഇഷാനെ ഐതിഹാസികമായ ഡൈവ് ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു നഥാന്‍. ഏറെ ദൂരെ നിന്ന് ഓടിയെത്തിയ ശേഷം ഫുള്‍ സ്‌ട്രെച്ചില്‍ ചാടി പന്ത് കൈക്കലാക്കുകയായിരുന്നു നഥാന്‍.

മത്സരത്തില്‍ ന്യൂസിലാന്‍ഡിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് യുവ താരം രചിന്‍ രവീന്ദ്രയാണ്. 63 പന്തില്‍ നിന്ന് 79 റണ്‍സ് നേടിയാണ് താരം പുറത്തായത്. മാര്‍ക്ക് ചാമ്പ്മാന്‍ 62 റണ്‍സ് നേടിയിരുന്നു. ലങ്കയ്ക്കുവേണ്ടി ബൗളിങ്ങില്‍ മിന്നും പ്രകടനം കാഴ്ചവച്ചത് മഹീഷ് തീക്ഷണയാണ്. നാല് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.

മറുപടി ബാറ്റിങ്ങില്‍ ലങ്കക്കുവേണ്ടി കാമിന്ദു മെന്‍ഡിസ് 64 റണ്‍സ് നേടി മികവ് പുലര്‍ത്തി. മറ്റാര്‍ക്കും തന്നെ കാര്യമായ സംഭാവന ടീമിന് നല്‍കാന്‍ സാധിച്ചില്ല. കിവീസിന് വേണ്ടി വില്‍ ഒറോര്‍ക്ക് മൂന്നു വിക്കറ്റും ജേക്കബ് രണ്ട് വിക്കറ്റ് നേടി തകര്‍പ്പന്‍ പ്രകടനം നടത്തി.

Content Highlight: Stunning Catch By Nathan Smith Against Eshan Malinga

We use cookies to give you the best possible experience. Learn more