| Sunday, 1st January 2023, 9:45 am

ബാറ്റര്‍ പറഞ്ഞത് ഒപ്പിയെടുത്ത് സ്റ്റംപ് മൈക്ക്, ആ നിമിഷം തന്നെ ലോകത്തോട് ക്ഷമ ചോദിച്ച് കമന്റേറ്റര്‍; ഇതും ക്രിക്കറ്റിന്റെ മനോഹാരിതയാണ്

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയന്‍ ഫ്രാഞ്ചൈസി ലീഗായ ബിഗ് ബാഷ് ലീഗില്‍ സിഡ്‌നി തണ്ടര്‍ ഹൊബാര്‍ട്ട് ഹറികെയ്ന്‍സിനെ പരാജയപ്പെടുത്തിയിരുന്നു. 62 റണ്‍സിനായിരുന്നു ഹറികെയ്ന്‍സിന്റെ തോല്‍വി.

ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച ഹറികെയ്ന്‍സിന് പിഴക്കുകയായിരുന്നു. ഓപ്പണര്‍ അലക്‌സ് ഹേല്‍സിന്റെയും നാലാമന്‍ ഒലിവര്‍ ഡേവിസിന്റെയും കരുത്തില്‍ വമ്പന്‍ സ്‌കോറാണ് സിഡ്‌നി പടുത്തുയര്‍ത്തിയത്.

അലക്‌സ് ഹേല്‍സ് 45 പന്തില്‍ നിന്നും 77 റണ്‍സ് സ്വന്തമാക്കിയപ്പോള്‍, ഒലിവര്‍ ഡേവിസ് 32 പന്തില്‍ നിന്നും 65 റണ്‍സ് തന്റെ പേരില്‍ എഴുതിച്ചേര്‍ത്തു. ഇവര്‍ക്ക് പുറമെ മാത്യു ജില്‍ക്‌സ്, റിലി റൂസോ എന്നിവരും തങ്ങളുടെ സംഭാവന നല്‍കിയപ്പോള്‍ സിഡ്‌നി സ്‌കോര്‍ 228ലേക്കുയര്‍ന്നു.

നേരത്തെ, ഈ സീസണില്‍ വെറും 15 റണ്‍സിന് ഓള്‍ ഔട്ടായ അതേ സിഡ്‌നി തന്നെയാണോ ഇത് എന്ന് എതിരാളികളെക്കൊണ്ടും കാണികളെ കൊണ്ടും ഒരുപോലെ തോന്നിപ്പിച്ച പ്രകടനമായിരുന്നു തണ്ടര്‍ ബാറ്റര്‍മാര്‍ പുറത്തെടുത്തത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൊബാര്‍ട്ടിന് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. ഓപ്പണര്‍ ഡിയാര്‍സി ഷോര്‍ട്ടിനെ വളരെ പെട്ടെന്ന് തന്നെ ടീമിന് നഷ്ടമായിരുന്നു. എന്നാല്‍ വണ്‍ ഡൗണ്‍ ബാറ്റര്‍ മാത്യു വേഡ് കളമറിഞ്ഞ് കളിച്ചതോടെ ഹറികെയ്ന്‍സ് മത്സരത്തിലേക്ക് മടങ്ങിയെത്തി.

19 പന്തില്‍ നിന്നും അര്‍ധ സെഞ്ച്വറി തികച്ച വേഡ് 30 പന്തില്‍ നിന്നും 67 റണ്‍സ് നേടിയാണ് കളം വിട്ടത്.

വേഡിന് ശേഷം വന്നവര്‍ക്കെല്ലാം കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ പോവുകയായിരുന്നു. ടിം ഡേവിഡും ജിമ്മി നീഷവും ഒരു ചെറുത്ത് നില്‍പിന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

ആറ് പന്തില്‍ നിന്നും 13 റണ്‍സ് നേടി നില്‍ക്കവെയാണ് നീഷം പുറത്താകുന്നത്. ബ്രന്‍ഡന്‍ ഡോഗറ്റിന് വിക്കറ്റ് സമ്മാനിച്ചാണ് നീഷം മടങ്ങിയത്.

മികച്ച രീതിയില്‍ ക്രീസില്‍ നില്‍ക്കവെ ഡോഗറ്റിന്റെ ഡെലവറി ജഡ്ജ് ചെയ്യുന്നതില്‍ നീഷമിന് പിഴക്കുകയായിരുന്നു. ഷോട്ടിന് ശ്രമിച്ച നീഷം ടോബി ഗ്രേക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.

താന്‍ ആഗ്രഹിച്ച രീതിയിലല്ല ഷോട്ട് കളിച്ചതെന്നും പന്ത് സര്‍ക്കിളിനുള്ളില്‍ ഫീല്‍ഡ് ചെയ്യുന്ന ഗ്രേക്ക് എളുപ്പത്തില്‍ ക്യാച്ചെടുക്കാന്‍ സാധിക്കുമെന്നും മനസിലാക്കിയ നീഷം നിരാശ കൊണ്ട് F വേര്‍ഡ് പറയുകയായിരുന്നു.

താരം പറഞ്ഞത് സ്റ്റംപ് മൈക്ക് കൃത്യമായി ഒപ്പിയെടുക്കുകയും മത്സരം ടെലികാസ്റ്റിലൂടെ കണ്ട എല്ലാവരും വ്യക്തമായി കേള്‍ക്കുകയുമായിരുന്നു. സ്റ്റംപ് മൈക്കില്‍ നിന്നും F വേര്‍ഡ് കേട്ടതോടെ ഉടന്‍ തന്നെ കമന്റേറ്റര്‍മാര്‍ ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.

12ാം ഓവറിലെ ആദ്യ പന്തില്‍ നാലാം വിക്കറ്റായി നീഷം പുറത്തായതോടെ കാര്യങ്ങളെല്ലാം ചടങ്ങ് മാത്രമായി. ഒടുവില്‍ 16ാം ഓവറിന്റെ അഞ്ചാം പന്തില്‍ ഹറികെയ്ന്‍സ് 166 റണ്‍സിന് ഓള്‍ ഔട്ടാവുകയും 62 റണ്‍സിന് പരാജയപ്പെടുകയുമായിരുന്നു.

കഴിഞ്ഞ മത്സരത്തിലെ വിജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിക്കാനും സിഡ്നിക്കായി. ഏഴ് മത്സരത്തില്‍ നിന്നും നാല് ജയമടക്കം എട്ട് പോയിന്റാണ് സിഡ്നിക്കുള്ളത്.

അഞ്ച് മത്സരത്തില്‍ നിന്നും രണ്ട് ജയം മാത്രമുള്ള ഹറികെയ്ന്‍സ് ആറാം സ്ഥാനത്താണ്.

(സിഡ്‌നി തണ്ടര്‍ – ഹൊബാര്‍ട്ട് ഹറികെയ്ന്‍ മത്സരത്തിന്റെ ഹൈലൈറ്റ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

Content Highlight: Stump Mike took catch what the batter said, and the commentator apologized to the world at that very moment

We use cookies to give you the best possible experience. Learn more