| Sunday, 3rd July 2022, 3:25 pm

സാഹചര്യത്തെ ചൂഷണം ചെയ്യാന്‍ ഇവനെ കഴിഞ്ഞേ ഒരാളുണ്ടാവൂ!! ബെയര്‍‌സ്റ്റോയെ ചൊറിഞ്ഞ് കോഹ്‌ലി; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഏറ്റവുമധികം പേടിക്കണം എന്ന് വിലയിരുത്തപ്പെട്ട ബാറ്ററാണ് ജോണി ബെയര്‍സ്‌റ്റോ. ന്യൂസിലാന്‍ഡിനെതിരെ നടന്ന പരമ്പരയില്‍ ബെയര്‍‌സ്റ്റോയുടെ തല്ല് വാങ്ങിക്കൂട്ടാത്ത ഒരു കിവി ബൗളറും ഉണ്ടായിരുന്നില്ല.

രണ്ട് സെഞ്ച്വറിയും അണ്‍ബീറ്റണ്‍ 77 റണ്‍സുമടക്കം 377 റണ്‍സായിരുന്നു താരം അടിച്ചുകൂട്ടിയത്. കിവീസിന്റെ പെട്ടിയിലെ അവസാനത്തെ ആണിയും തനിക്ക് തന്നെ അടിക്കണം എന്ന വാശിയിലായിരുന്നു താരം റണ്ണടിച്ചുകൂട്ടിയത്.

ടെസ്റ്റില്‍ ടി-20 കളിച്ചായിരുന്നു ബെയര്‍സ്‌റ്റോ കിവീസിനെ കണക്കറ്റ് പ്രഹരിച്ചത്. എന്നാല്‍ ന്യൂസിലാന്‍ഡിനെ തല്ലിയൊതുക്കിയ സംഹാരശേഷി ഇന്ത്യക്കെതിരെ ഇതുവരെ താരത്തിന് പുറത്തെടുക്കാനായിട്ടില്ല.

ന്യൂസിലാന്‍ഡിനെ 3-0ന് വൈറ്റ് വാഷ് ചെയ്ത് പരമ്പര സ്വന്തമാക്കാന്‍ ഇംഗ്ലണ്ടിനെ ഏറ്റവുമധികം സഹായിച്ച ബെയര്‍‌സ്റ്റോ ഇന്ത്യയ്‌ക്കെതിരെ ഇരുട്ടില്‍ തപ്പുകയായിരുന്നു

താരത്തിന്റെ ഈ അവസ്ഥയെ കളിയാക്കാനായിരുന്നു മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ശ്രമിച്ചത്. തന്റെ മുഴുവന്‍ ഫോമും പുറത്തെടുക്കാന്‍ സാധിക്കാതെ വന്ന ബെയര്‍‌സ്റ്റോയെ ടിം സൗത്തിയുടെ പേര് പറഞ്ഞ് സ്ലെഡ്ജ് ചെയ്യാനായിരുന്നു വിരാട് ശ്രമിച്ചത്.

ഇംഗ്ലണ്ട് ഇന്നിങ്‌സിലെ 14ാം ഓവറിലായിരുന്നു കോഹ്‌ലി ബെയര്‍സ്‌റ്റോയെ ചൊറിഞ്ഞത്. ഷമിയുടെ ലൈനും ലെങ്തും മനസിലാക്കാനാവാതെ പതറിയ ബെയര്‍‌സ്റ്റോയെ വീണ്ടും മാനസികമായി തളര്‍ത്താനുള്ള കോഹ്‌ലിയുടെ തന്ത്രമായിരുന്നു അത്.

‘ലിറ്റില്‍ ബിറ്റ് ഫാസ്റ്റര്‍ ദാന്‍ സൗത്തി’ (സൗത്തിയേക്കാള്‍ അല്‍പം കൂടി വേഗമേറിയ കളി അല്ലേ) എന്നായിരുന്നു കോഹ്‌ലി പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ സ്റ്റംപ് മൈക്ക് ഒപ്പിയെടുക്കുകയും ചെയ്തിരുന്നു.

നിലവില്‍, 29 ഓവര്‍ പിന്നിടുമ്പോള്‍ 90 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. ന്യൂസിലാന്‍ഡിനെതിരെ വൈറ്റ് അറ്റയറില്‍ അടിച്ചുകളിച്ച താരം ആങ്കറിങ് ഇന്നിങ്‌സിലേക്ക് കളം മാറ്റിച്ചവിട്ടാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. 54 പന്തില്‍ നിന്നും 12 റണ്‍സ് മാത്രമാണ് ബെയര്‍‌സ്റ്റോക്ക് നേടാനായത്.

ക്യാപ്റ്റന്‍ ബുംറ മൂന്നും ഷമി, സിറാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കിയാണ് മത്സരം ഇന്ത്യയുടെ വരുതിയിലാക്കിയത്. അഞ്ചാം ടെസ്റ്റില്‍ സമനിലയെങ്കിലും നേടാനായാല്‍ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാക്കാം.

Content Highlight:  Stump mic catches Virat Kohli sledging Jonny Bairstow using Tim Southee’s name during India vs England 5th Test

We use cookies to give you the best possible experience. Learn more