| Saturday, 4th May 2019, 4:12 pm

കോഴിക്കോട് നിപ വൈറസ് ബാധിച്ച മൂന്നുപേര്‍ രോഗത്തെ അതിജീവിച്ചതായി പഠന റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് നിപ വൈറസ് ബാധിച്ച മൂന്നുപേര്‍ രോഗത്തെ അതിജീവിച്ചതായി കണ്ടെത്തല്‍. അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്.

നിപ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിന്റെ ഭാഗമായി വൈറസ് ബാധിച്ചവരുമായി ഇടപഴകിയ 155 ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 279 പേരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് 18 പേരെക്കൂടാതെ മൂന്നുപേര്‍ക്ക് കൂടി വൈറസ് ബാധയുണ്ടായിയെന്ന് കണ്ടെത്തിയത്. ഈ മൂന്നുപേരുടെ ശരീരത്തില്‍ നിപ വൈറസിനെതിരായ ആന്റി ബോഡി കണ്ടെത്തുകയായിരുന്നു. ഇവരില്‍ ആര്‍ക്കും തന്നെ നിപ രോഗിയുമായി ഇടപഴകിയശേഷം നിരീക്ഷണ കാലയളവില്‍ എന്തെങ്കിലും തരത്തിലുള്ള പനിയോ അസ്വസ്ഥതകളോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ലേഖനത്തില്‍ പറയുന്നു.

വൈറസ് ബാധയുണ്ടായ രണ്ടുപേര്‍ നിപ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ബന്ധുക്കളാണ്. ഒരാള്‍ അടിയന്തര ചികിത്സാ വിഭാഗത്തിലെ ജീവനക്കാരനായിരുന്നു. മൂന്നുപേരും നിപ രോഗിയുടെ ശരീരദ്രവവുമായി ഇടപഴകിയവരായിരുന്നെന്നും ലേഖനത്തില്‍ പറയുന്നു.

ശരീരം സ്വയം പ്രതിരോധശേഷി ആര്‍ജിച്ചതിനാലാണ് മൂന്നുപേരും രക്ഷപ്പെട്ടതെന്നാണ് വിലയിരുത്തല്‍. ഉയര്‍ന്ന പ്രതിരോധശേഷിയുള്ളവരായതുകൊണ്ടോ വൈറസുകളുടെ എണ്ണം കുറഞ്ഞതുകൊണ്ടോ ആയിരിക്കാം ഇവരില്‍ രോഗലക്ഷണങ്ങള്‍ കാണാതിരുന്നതെന്നാണ് നിഗമനം.

2018ല്‍ 18 പേരിലാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. ഇവരുമായി ആരോഗ്യപ്രവര്‍ത്തകരും ബന്ധുക്കളും അടക്കം അടുത്ത് ഇടപഴകിയ 279 പേരുടെ രക്തസാമ്പിളുകളാണ് പരിശോധിച്ചത്. ചെന്നൈയിലെ എപ്പിഡമോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, ന്യൂദല്‍ഹിയിലെ ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് എന്നീ സ്ഥാപനങ്ങളിലെ ആരോഗ്യ വിദഗ്ധര്‍, സംസ്ഥാന ആരോഗ്യ ഡയറക്ടര്‍, കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ എന്നിങ്ങനെ 21 പേര്‍ ലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

പഴംതീനി വവ്വാലുകളാണ് നിപ വൈറസിന്റെ വാഹകര്‍. എന്നാല്‍ വവ്വാലുകളില്‍ രോഗബാധയുണ്ടാകാറില്ല. വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരാം. എന്നാല്‍ ഇതുവരെ മനുഷ്യരെ നിപാ രോഗാണുവാഹകരമായി കണ്ടെത്തിയിട്ടില്ലെന്നും ലേഖനം പറയുന്നു.

രോഗബാധയുള്ളവരുമായി അടുത്തിടപഴകുമ്പോഴാണ് വൈറസ് ബാധയുണ്ടാകുന്നത്. ബംഗ്ലാദേശ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിപ വ്യാപനമുണ്ടായത് അടുത്തിടപഴകിയവരിലാണ്. അതേരീതിയില്‍ തന്നെയാണ് കേരളത്തിലും രോഗബാധയുണ്ടായത്. എന്നാല്‍ കേരളത്തില്‍ രോഗത്തിന്റെ പ്രാരംഭ ഉറവിടം കണ്ടെത്താനായിട്ടില്ല. മറ്റുള്ളവര്‍ക്കെല്ലാം രോഗം പടര്‍ന്നത് നിപ രോഗികളായവരുമായി ഇടപഴകിയതിനെ തുടര്‍ന്നാണെന്നാണ് ലേഖനത്തില്‍ പറയുന്നത്.

2018 മെയിലാണ് കേരളത്തിലെ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ രോഗബാധയുണ്ടായത്. 2018 മെയ് മൂന്നിനാണ് ആദ്യ രോഗിയെ ആശുപത്രിയിലെത്തിക്കുന്നത്. എന്നാല്‍ ഇയാളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കാനോ ലാബ് പരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കാനോ സാധിച്ചിട്ടില്ല. മെയ് മൂന്നിനും 29നും ഇടയില്‍ 18 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ലാബ് പരിശോധനയിലൂടെ രോഗം സ്ഥിരീകരിച്ചവരില്‍ 16 രോഗികള്‍ മരണപ്പെട്ടിരുന്നു.

രോഗം സ്ഥിരീകരിച്ച 18 ല്‍ 17 രോഗികളും ഗുരുതരമായ നാഡീസംബന്ധമായ അല്ലെങ്കില്‍ ശ്വസനസംബന്ധമായ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഒരാള്‍ക്ക് അത്ര നിസാരമായ, സങ്കീര്‍ണമല്ലാത്ത ലക്ഷണങ്ങളായിരുന്നു ഉണ്ടായിരുന്നതെന്നും ലേഖനത്തില്‍ പറയുന്നു. നിപ രോഗിയുമായി അടുത്ത് ഇടപഴകിയ ആളായിരുന്നു ഈ രോഗി. റിപാവൈറിന്‍ ഉപയോഗിച്ചുള്ള ചികിത്സയെ തുടര്‍ന്ന് ഈ രോഗി നിപയെ അതിജീവിക്കുകയും ചെയ്തു. നിപ രോഗിയുമായി അടുത്ത് ഇടപഴകിയിട്ടും വലിയ തോതിലുള്ള രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതെന്ത് എന്ന സംശയമാണ് കൂടുതല്‍ പഠനങ്ങള്‍ നടത്തുന്നതിലേക്ക് നയിച്ചതെന്നാണ് ലേഖനത്തില്‍ ഇവര്‍ പറയുന്നത്.

ഇതേത്തുടര്‍ന്നാണ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രോഗികളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തിയത്. രോഗം സ്ഥിരീകരിച്ച രോഗികളുമായി ഇടപഴകിയ 2600 പേരെയാണ് ജില്ലാ ആരോഗ്യ അധികൃതര്‍ നിരീക്ഷണത്തില്‍ നിര്‍ത്തിയത്. ഇതില്‍ 300 പേരെയായിരുന്നു സര്‍വ്വേയുടെ ഭാഗമാക്കാന്‍ തീരുമാനിച്ചത്. നിരീക്ഷണത്തില്‍ കഴിഞ്ഞ ആരോഗ്യപ്രവര്‍ത്തകരല്ലാത്ത 191 പേരില്‍ 124 പേര്‍ മാത്രമാണ് സാമ്പിളുകള്‍ നല്‍കാന്‍ തയ്യാറായത്. അത് ഈ പഠനത്തിന്റെ ഒരു പോരായ്മയായി ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

We use cookies to give you the best possible experience. Learn more