|

മഞ്ഞുരുകുന്നതിന്റെ തോത് റെക്കോര്‍ഡിലെന്ന് പഠനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

snow-01ന്യൂദല്‍ഹി: ലോകത്ത് മഞ്ഞുരുകുന്നതിന്റെ തോത് റെക്കോര്‍ഡിലെന്ന് പഠനം. 2001 മുതല്‍ 2010 വരെയുള്ള വര്‍ഷങ്ങളിലെ മഞ്ഞുരുകുന്നതിന്റെ തോത് 20ാം നൂറ്റാണ്ടിനെ അപേക്ഷിച്ച് രണ്ട് മുതല്‍ മൂന്ന് മടങ്ങുവരെ വര്‍ധിച്ചെന്നാണ് പഠനം കാണിക്കുന്നത്. ആഗോള താപനം നിയന്ത്രിച്ചാല്‍ പോലും മഞ്ഞുരുകല്‍ തുടരുമെന്നാണ് ഇപ്പോഴത്തെ അവസ്ഥയില്‍ നിന്ന് മനസിലാകുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

ആഗോള താപനമാണ് മഞ്ഞുരുകുന്നതിന് ഒരു പ്രധാന കാരണമെന്നും പുഴയും കായലും പോലുള്ള ശുദ്ധജല സ്രോതസുകള്‍ക്ക് ഇത് വലിയ ഭീഷണിയാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. മഞ്ഞുമലകളില്‍ നിന്ന് ഉത്ഭവിക്കുന്ന നദികളെയും അവയിലൂടെ രൂപപ്പെടുന്ന സമതലങ്ങളെയും ആശ്രയിച്ച് കോടിക്കണക്കിന് ജനങ്ങളാണ് ജീവിക്കുന്നത്. ശുദ്ധജലസ്രോതസ്സുകള്‍ നശിക്കുകയാണെങ്കില്‍ അത് കൃഷിനാശം പോലുള്ള വന്‍ ദുരന്തങ്ങളിലേക്ക് നയിക്കും.

കഴിഞ്ഞ 120 വര്‍ഷത്തിനിടയില്‍ മഞ്ഞുരുകല്‍ പ്രതിഭാസത്തിലുണ്ടായ മാറ്റം സുറിച്ച് സര്‍വകലാശാലയിലെ വോള്‍ഡ് ഗ്ലേഷ്യര്‍ മോണിറ്ററിങ് സര്‍വീസ് വിശകലനം ചെയ്തിട്ടുണ്ട്. 30 ല്‍ ഏറെ രാജ്യങ്ങളിലെ വിവരങ്ങളാണ് സംഘടന ശേഖരിച്ചിരിക്കുന്നത്.