ഉപഭോക്താക്കളുടെ ആത്മാര്‍ത്ഥതയില്‍ ആപ്പിളിനെ കടത്തിവെട്ടി ആന്‍ഡ്രോയിഡ്
Android
ഉപഭോക്താക്കളുടെ ആത്മാര്‍ത്ഥതയില്‍ ആപ്പിളിനെ കടത്തിവെട്ടി ആന്‍ഡ്രോയിഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th March 2018, 9:35 am

ആനപ്രേമികളെപ്പോലെയാണ് ആപ്പിള്‍ ഫോണ്‍ പ്രേമികളെന്നാണ് കരുതിപ്പോന്നിരുന്നത്. കൂടിയ വിലയില്‍ കുറഞ്ഞ ഫീച്ചേഴ്‌സുമായി എത്തുന്ന ഐഫോണിനെ പലപ്പോഴും പാരമ്പര്യം പറഞ്ഞാണ് ആരാധകര്‍ പ്രതിരോധിക്കാറ്. എന്നാല്‍ പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത് മറിച്ചാണ്. ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കാണ് ഐ ഓഎസിനേക്കാള്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തോട് ആത്മാര്‍ത്ഥതയുള്ളതെന്നാണ് പഠനം.

എല്‍.എല്‍.സിയിലെ കണ്‍സ്യൂമര്‍ ഇന്റലിജന്‍സ് റിസര്‍ച്ചാണ് പഠനം നടത്തിയത്. തിരഞ്ഞെടുത്ത 500 ഓളം പേരിലാണ് പഠനം. ഒരേ ഫീച്ചറുകളുള്ള ഫോണുകള്‍ ഉപയോഗിക്കുന്നവരില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. പഠനവിധേയമായവര്‍ മറ്റൊരു ഓ.എസിലേക്ക് മാറിയിട്ടുണ്ടോ എന്നാണ് പരിശോധിച്ചത്. 2016-1017 കാലഘട്ടത്തിലുള്ള വിവരങ്ങളാണ് അപഗ്രഥിച്ചത്.

2016 മുതലുള്ള പഠനത്തില്‍ ആപ്പിള്‍ 88 ശതമാനം ഉപഭോക്താക്കളെ നിലനിര്‍ത്തിയപ്പോള്‍ 91 ശതമാനം ഉപഭോക്താക്കളെയും നിലനിര്‍ത്തി ആന്‍ഡ്രോയിഡിന്റെ ഗൂഗിള്‍ മുന്നിട്ട് നിന്നു. എന്തായാലും ആന്‍ഡ്രോയിഡിന് ആപ്പിളിനേക്കാള്‍ ഉപഭോക്താക്കാള്‍ ഉള്ളതിനാല്‍ ഇക്കാര്യം പെട്ടെന്ന് തിരിച്ചറിയാനാകില്ല.

“ആന്‍ഡ്രോയിഡിനും ആപ്പിളിനുമുള്ള ആത്മാര്‍ത്ഥമായ ഉപഭോക്താക്കളില്‍ 2015 മുതല്‍ വലിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.”- സി.ഐ.ആര്‍.പി ഫൗണ്ടര്‍ മൈക്ക് ലെവിന്‍ പറഞ്ഞു. “ഈ അവസരത്തില്‍ ഉപഭോക്താക്കള്‍ രണ്ട് ഓ.എസില്‍ ഒരെണ്ണം തിരഞ്ഞെടുക്കും. അത് പഠിച്ച് അതിന് വേണ്ട ആപ്ലിക്കേഷനുകളിലും സ്റ്റോറേജിലും നിക്ഷേപം നടത്തും. ആപ്പിളും ഗൂഗിളും അവരുടെ ഇത്തരം ആത്മാര്‍ത്ഥ ഉപഭോക്താക്കളിലേക്ക് എങ്ങനെ സേവനങ്ങളും ഉല്‍പ്പന്നങ്ങളും വില്‍ക്കണമെന്ന് പഠിക്കേണ്ടിയിക്കുന്നു.” അദ്ദേഹം പറഞ്ഞു.

പഠന കാലയളവില്‍ താരതമ്യേന പ്രാധാന്യം കുറഞ്ഞ വിന്‍ഡോസ് ഫോണുകള്‍ പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.