ന്യൂദല്‍ഹി: ഭാഷയുടെ പ്രശ്‌നം നിലനില്‍ക്കെ തന്നെ ഇന്ത്യയില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികള്‍ മെഡിസിന്‍ പഠിക്കാനായി ഉക്രൈന്‍ അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് പോവുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ തന്നെ പഠിക്കാന്‍ സൗകര്യമൊരുക്കണമെന്നും സ്വകാര്യ മേഖലയിലുള്ളവര്‍ ഇതിനായി ഉടന്‍ തന്നെ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ മാധ്യമമായ ഡെക്കാന്‍ ഹെറാള്‍ഡാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട യൂണിയന്‍ ബജറ്റിന്റെ വെബിനാറില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കവെയായിരുന്നു മോദി ഇക്കാര്യം പറഞ്ഞത്. മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള ഭൂമി അനുവദിക്കുന്നതിനായി എല്ലാ സര്‍ക്കാരുകളും നയങ്ങള്‍ രൂപീകരിക്കണമെന്നും അങ്ങനെയെങ്കില്‍ ഇന്ത്യയ്ക്ക് ഒരുപാട് മികച്ച ഡോക്ടര്‍മാരെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉക്രൈന്‍-റഷ്യ യുദ്ധ സാഹചര്യത്തില്‍ ഉക്രൈനില്‍ മെഡിസിന്‍ പഠിക്കാന്‍ പോയ വിദ്യാര്‍ത്ഥികള്‍ അവിടെ കുടുങ്ങിയതിന്റെ പശ്ചാത്തലത്തിലായിരുന്നു മോദിയുടെ പരാമര്‍ശം.
ഇന്ത്യയില്‍ നിന്നുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ ഉക്രൈന്‍ പോലുള്ള പല രാജ്യങ്ങളിലും മെഡിസനടക്കമുള്ള കോഴ്‌സുകള്‍ പഠിക്കാന്‍ പോകുന്നുണ്ടെന്നും അതുവഴി കോടിക്കണക്കിന് രൂപയാണ് വിദേശ രാജ്യങ്ങളിലേക്ക് ഒഴുകുന്നതെന്ന് മോദി പറയുന്നു. ഇത് അവസാനിപ്പിക്കാന്‍ സ്വകാര്യ മേഖലയിലുള്ളവര്‍ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
‘നമ്മുടെ കുട്ടികള്‍ പഠനത്തിന്റെ ആവശ്യങ്ങള്‍ക്കായി നിരവധി ചെറിയ രാജ്യങ്ങളിലേക്ക് പോവുന്നുണ്ട്. മെഡിസിന്‍ പഠിക്കാനായാണ് ഇതില്‍ ഭൂരിഭാഗം പേരും പോവുന്നത്. അവിടെ ഭാഷ ഒരു പ്രധാന പ്രശ്‌നമാണ്. എന്നിട്ടും അവര്‍ വീണ്ടും അത്തരം രാജ്യങ്ങളിലേക്ക് തന്നെ പോവുകയാണ്.
നമ്മുടെ രാജ്യത്തെ സ്വകാര്യകമ്പനികള്‍ക്കും ഈ മേഖലയിലേക്ക് വലിയ തോതില്‍ കടന്നു വന്നുകൂടെ? സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതുസംബന്ധിച്ച് നയങ്ങള്‍ രൂപീകരിക്കാവുന്നതല്ലേ,’ മോദി ചോദിക്കുന്നു.
ഇന്ത്യയ്ക്ക് സാമ്പത്തികമായി ധാരാളം നേട്ടമുണ്ടാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും, ഇന്ത്യയക്ക് നിരവധി ഡോക്ടര്‍മാരെ ലഭിക്കുമെന്നും മോദി പറയുന്നു.
അതേസമയം, ഉക്രൈനില്‍ നിന്നുള്ള ആദ്യ സംഘം ഇന്ന് ഇന്ത്യയിലെത്തും. 470 പേരുടെ സംഘത്തെയാണ് റുമേനിയ വഴി ഇന്ന് ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നത്. തിരിച്ചെത്തുന്നവരില്‍ 17 മലയാളികളുമുണ്ട്. കൂടുതല്‍ ആളുകളെ എത്തിക്കുന്നതിനായി കൂടുതല്‍ വിമാനങ്ങള്‍ ഇന്ന് തന്നെ മുംബൈയില്‍ നിന്ന് ഉക്രൈനിലേക്ക് പുറപ്പെടുമെന്നാണ് വിവരം.
ഇന്ത്യന്‍ സമയം രാവിലെ 9.30 ഓടെയാണ് ആദ്യസംഘം റൊമേനിയിലെ ബുക്കാറെസ്റ്റിലെ വിമാനത്താവളത്തില്‍ എത്തിയത്. ഭക്ഷണവും വെള്ളവും ഇവര്‍ക്ക് എംബസി അധികൃതര്‍ വിതരണം ചെയ്തിരുന്നു.
മടക്കയാത്രക്കുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായി വിദ്യാര്‍ത്ഥികളും എംബസി അധികൃതരും അറിയിച്ചു. മുംബൈയിലേക്ക് എത്തുന്ന ആദ്യ സംഘത്തെ സ്വീകരിക്കാന്‍ കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ എത്തും. റൊമേനിയന്‍ അതിര്‍ത്തി വഴി രണ്ടാമത്തെ സംഘത്തെയും ഇന്ന് വിമാനത്താവളത്തില്‍ എത്തിക്കും. ദല്‍ഹിയില്‍ നിന്നും രണ്ടാം വിമാനവും ഇന്ന് ബുക്കാറെസ്റ്റിലേക്ക് എത്തും. ഹംഗറിയിലേക്കും ഇന്ന് വിമാനമുണ്ട്.
അതേസമയം, രക്ഷാദൗത്യങ്ങള്‍ വിലയിരുത്താനായി ഇന്ന് കേന്ദ്ര മന്ത്രിസഭായോഗം ചേരും. സുരക്ഷാകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് യോഗം ചേരുന്നത്. ഉക്രൈന്‍ സാഹചര്യങ്ങളെ യോഗം വിലയിരുത്തും.
Content Highlight: Study medicine in India, not smaller foreign nations, PM Modi says amid Ukraine crisis