ഞങ്ങള്‍ക്ക് നല്ലൊരു ആശുപത്രി വേണം; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചോര കൊണ്ട് കത്തെഴുതി വിദ്യാര്‍ത്ഥികള്‍
national news
ഞങ്ങള്‍ക്ക് നല്ലൊരു ആശുപത്രി വേണം; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചോര കൊണ്ട് കത്തെഴുതി വിദ്യാര്‍ത്ഥികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st August 2022, 11:09 pm

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രക്തം കൊണ്ട് കത്തെഴുതി വിദ്യാര്‍ത്ഥികള്‍. കര്‍വാറിലെ മഹാത്മാഗാന്ധി റോഡില്‍ തടിച്ചുകൂടിയ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയും പിന്നീട് രക്തം കൊണ്ട് എഴുതി തയ്യാറാക്കിയ കത്ത് പോസ്റ്റ് ചെയ്യുകയുമായിരുന്നു.

വിവിധ സംഘടനകളിലെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് പ്രതിഷേധം നടത്തിയത്.

‘ഞങ്ങള്‍ക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വേണം എന്നായിരുന്നു വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ എഴുതിയിരുന്നത്.

ഉടന്‍ തന്നെ ആശുപത്രി അനുവദിക്കാനുള്ള നടപടികള്‍ ആരംഭിച്ചില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ മോദിക്ക് മുന്നറിയിപ്പ് നല്‍കി.

ഭൂമിശാസ്ത്രപരമായി ജില്ലയ്ക്ക് വിസ്തൃതിയുണ്ടെങ്കിലും ജില്ലയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പ്പിറ്റലോ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലോ ഇല്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. അടിയന്തിര ഘട്ടങ്ങളില്‍ ചികിത്സക്കായി ഗോവ, ഹുബ്ബള്ളി, ഉഡുപ്പി, മംഗളൂരു എന്നിവടങ്ങളിലേക്ക് പോകേണ്ട അവസ്ഥയാണെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കൃത്യമായി ചികിത്സ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ജില്ലയിലെ ഹൊന്നാവര്‍ സ്വദേശികളായ നാലു പേര്‍ മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലയില്‍ ആധുനിക സേവനങ്ങളുള്ള ആശുപത്രി വേണമെന്ന ആവശ്യം ശക്തമായത്.

ഈ ആവശ്യം മോദി സര്‍ക്കാര്‍ അംഗീകരിക്കുന്നതു വരെ രക്തത്തില്‍ കത്തെഴുതുന്നത് തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.

Content Highlight: Students wrote letter to PM Narendra Modi written with blood requesting to grant a superspeciality hospital in Uttara Kannada