| Saturday, 15th July 2023, 5:26 pm

'വിദ്യാര്‍ത്ഥികളെ കൈകാര്യം ചെയ്യും'; എടവണ്ണയില്‍ സദാചാര പോസ്റ്റര്‍; മറുപടിയുമായി വിദ്യാര്‍ത്ഥികളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: എടവണ്ണ ബസ് സ്റ്റാന്റില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ സദാചാര പോസ്റ്റര്‍. എടവണ്ണ ജനകീയ കൂട്ടായ്മയുടേതെന്ന പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. വിദ്യാര്‍ത്ഥികള്‍ക്കൊരു മുന്നറിയിപ്പെന്ന പേരിലാണ് പോസ്റ്റര്‍ സ്ഥാപിച്ചിരിക്കുന്നത്. അഞ്ച് മണിക്ക് ശേഷം വിദ്യാര്‍ത്ഥികളെ കാണാനിടയായാല്‍ അവരെ കൈകാര്യം ചെയ്യുമെന്നും പോസ്റ്ററില്‍ പറയുന്നുണ്ട്.

‘കോണിക്കൂടിലും ഇല മറവിലും പരിസരബോധമില്ലാതെ സ്‌നേഹപ്രകടനം കാഴ്ച വെക്കുന്ന ആഭാസവിദ്യരായ വിദ്യാര്‍ത്ഥികളോട് ഞങ്ങള്‍ക്കൊന്നേ പറയാനുള്ളൂ. ഇനി മുതല്‍ ഇത്തരം ഏര്‍പ്പാടുകള്‍ ഇവിടെ വെച്ച് വേണ്ട. വേണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് താലി കെട്ടി കൈപ്പിടിച്ച് വീട്ടില്‍ കൊണ്ടുപോയി തുടരാവുന്നതാണ്.

മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ട് പോകുന്നവരെ എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാം. ആയതിനാല്‍ 5 മണിക്ക് ശേഷം ഈ പരിസരത്ത് വിദ്യാര്‍ത്ഥികളെ കാണാനിട വന്നാല്‍ അവരെ നാട്ടുകാര്‍ കൈകാര്യം ചെയ്യുന്നതും രക്ഷിതാക്കളെ വിളിച്ച് ഏല്‍പ്പിക്കുന്നതുമാണ്.

ഇത് സദാചാര ഗുണ്ടായിസമല്ല. വളര്‍ന്ന് വരുന്ന കുട്ടികളും കുടുംബവുമായി ജീവിക്കുന്ന നാട്ടുകാരുടെ അവകാശമാണ്,’ എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.

എന്നാല്‍ ഇതിനെതിരെ വിദ്യാര്‍ത്ഥികളും പോസ്റ്ററുകള്‍ വെച്ചിരുന്നു.

‘ആധുനിക ഡിജിറ്റല്‍ സ്‌കാനറിനെ തോല്‍പ്പിക്കുന്ന സാങ്കേതിക മികവുള്ള കണ്ണുമായി ബസ് സ്റ്റാന്റിലേയും പരിസരത്തെയും കോണിക്കൂടിലേക്ക് സദാചാര ആങ്ങളമാരുടെ ടോര്‍ച്ചടിക്കുന്നതിന് മുമ്പ് അവനവന്റെ വിദ്യാര്‍ത്ഥികളായ മക്കള്‍ (ആണ്‍, പെണ്‍ മക്കള്‍ വ്യത്യാസമില്ലാതെ) കൈകാര്യം ചെയ്യുന്ന മൊബൈലും വാട്‌സ് ആപ്പും ഇന്‍സ്റ്റാഗ്രാമും ആദ്യമൊന്ന് തെരഞ്ഞ് നോക്കണം.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 7 എ.എം മുതല്‍ 7 പി.എം വരെയാണ് കണ്‍സഷന്‍ ടൈം എന്നറിയാതെ 5 മണി കഴിഞ്ഞ് കൈകാര്യം ചെയ്ത് കളയാമെന്ന് ആഹ്വാനം ചെയ്യാനും ബോര്‍ഡ് വെക്കാനും ഒരു വ്യക്തിക്കോ സമൂഹത്തിനോ അധികാരവും അവകാശവും നിയമവുമില്ലെന്ന് സദാചാര കമ്മറ്റിക്കാര്‍ ഓര്‍ക്കണം,’ എന്നാണ് വിദ്യാര്‍ത്ഥി പക്ഷം എടവണ്ണ എന്ന പേരോട് കൂടി പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ പറയുന്നത്.

എന്നാല്‍ ഇരു പോസ്റ്ററുകളും ശനിയാഴ്ച പൊലീസ് എടുത്ത് മാറ്റിയിട്ടുണ്ട്.

CONTENT HIGHLIGHTS: ‘Students will be dealt with’; Moral poster in Edavanna; Students with answers

We use cookies to give you the best possible experience. Learn more