Kerala News
വിദ്യാര്‍ത്ഥികളോട് സ്‌കൂളില്‍ പോവേണ്ടെന്ന് ആഹ്വാനം; പരാതി നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 12, 04:19 pm
Wednesday, 12th February 2025, 9:49 pm

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളോട് സ്‌കൂളില്‍ പോകേണ്ടെന്ന് ആഹ്വാനം ചെയ്ത യൂട്യൂബര്‍ക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കി. പത്തനംതിട്ട എസ്.പിക്ക് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറാണ് പരാതി നല്‍കിയത്. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഇക്കാര്യം പൊതുവിദ്യാഭ്യാസ വകുപ്പിനെ അറിയിക്കുകയായിരുന്നു.

മാര്‍ച്ചില്‍ പരീക്ഷ വരുന്നതിനാല്‍ ഇനി സ്‌കൂളില്‍ പോയി സമയം പാഴാക്കരുത് എന്ന നിലയില്‍ യൂട്യൂബ് ചാനലിലൂടെ കുട്ടികളോട് ആഹ്വാനം ചെയ്ത യൂട്യൂബര്‍ക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് കേസ് ഫയല്‍ ചെയ്തുവെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

പത്തനംതിട്ട എസ്.പിക്ക് പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറാണ് പരാതി നല്‍കിയതെന്നും യൂട്യൂബ് വീഡിയോ ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ഇക്കാര്യത്തില്‍ ഇടപെടാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നുവെന്നും മന്ത്രി അറിയിച്ചു.

പരാതി നല്‍കിയതിന്റെ തുടര്‍ച്ചയായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഡി.ജി.പിയെ നേരില്‍ കാണുമെന്നും പരീക്ഷയെഴുതാന്‍ മതിയായ അറ്റന്‍ഡന്‍സ് നിര്‍ബന്ധമാണെന്ന കാര്യം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

Content Highlight: Students urged not to go to school; Public Education Department filed a complaint