കോഴിക്കോട്: ഫാറൂഖ് ട്രെയിംനിംഗ് കോളേജില്‍ പെണ്‍കുട്ടികളെ അധിക്ഷേപിച്ചു സംസാരിച്ച അധ്യപകനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച്. കെ.എസ്.യു, എസ്.എഫ്.ഐ, എ.ബി.വി.പി, സംഘടനകളാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്
മാര്‍ച്ചിനെക്കൂടാതെ ഇന്ന് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വത്തക്ക വിതരണവും വൈകീട്ട് കോളേജിനു മുന്നില്‍ നടത്തും.
കോളേജിലെ അസിസ്റ്റന്റ് പ്രഫസറായ ജവഹര്‍ മുനവറിന്റെ പരാമര്‍ശത്തിനെതിരെയാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. വിദ്യാര്‍ഥികളെ അധിക്ഷേപിച്ച് മുനവര്‍ സംസാരിക്കുന്ന ഓഡിയോ ഡൂള്‍ന്യൂസാണ് പുറത്തുവിട്ടത്.
സംഭവത്തില്‍ ഇന്ന് അധ്യാപകനോട് വിശദീകരണം നല്‍കാന്‍ പ്രിന്‍സിപ്പാള്‍ ആവശ്യപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസ് ഓഡിയോ പുറത്തുവിട്ടതിനു പിന്നാലെ അധ്യാപകനെതിരെ സോഷ്യല്‍ മീഡിയകളിലും മറ്റും വലിയ തോതിലുള്ള പ്രതിഷേധം ഉയര്‍ന്നിരുന്നു. ഓഡിയോ പുറത്തുവന്നതോടെ അധ്യാപകനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥികളും രംഗത്തെത്തിയിരുന്നു.
ചൂഴ്‌ന്നെടുത്ത വത്തക്ക പോലെ മുലയും കാണിച്ച് നടക്കുകയാണ് പെണ്‍കുട്ടികള്‍” എന്നാണ് അധ്യാപകന്‍ പറഞ്ഞത്. ഫാമിലി കൗണ്‍സിലിങ്ങിനിടെ ഫാറൂഖ് ട്രെയിനിങ്കോളേജിലെ അസിസ്റ്റന്റ് പ്രഫസറും ഫാമിലി കൗണ്‍സിലറുമായ ജവഹര്‍ മുനവര്‍ നടത്തിയ പ്രസംഗത്തിലാണ് വിദ്യാര്‍ത്ഥിനികളെ അപമാനിക്കുന്ന പരാമര്‍ശങ്ങളുള്ളത്.
“മുസ്ലിം പെണ്‍കുട്ടികള്‍ മക്കന കൊണ്ട് മാറിടം മറയ്ക്കുന്നില്ല, വത്തക്കയുടെ ചുവപ്പ് കാണിക്കാന്‍ കഷ്ണം മുറിച്ചുവെക്കുന്നതു പോലെ മാറിടം കാണിക്കുന്നു “എന്നായിരുന്നു അധ്യാപകന്റെ പരാമര്‍ശനം. ഭൂരിപക്ഷവും മുസ്ലിം പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജില്‍ അവരുടെ വസ്ത്ര ധാരണം മത ശാസനകള്‍ക്ക് വിരുദ്ധമാണെന്നും അധ്യാപകന്‍ പറഞ്ഞിരുന്നു. പര്‍ദ്ദ പൊക്കിപ്പിടിച്ച് ലഗിന്‍സും കാണിച്ചാണ് പെണ്‍കുട്ടികള്‍ ക്യാമ്പസില്‍ നടക്കുന്നത്. ഇങ്ങനെ വസ്ത്രം ധരിക്കുന്ന കുട്ടികള്‍ക്ക് സ്വര്‍ഗം ലഭിക്കില്ലെന്നും രക്ഷിതാക്കള്‍ ബോധവത്ക്കരിക്കണമെന്നുമായിരുന്നു അധ്യാപകന്റെ ഉപദേശം.
അധ്യാപകനെതിരെ മാനേജ്മെന്റിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് വിദ്യാര്‍ഥികള്‍.