കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്‌ക്കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രിയും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുമായ പ്രഫുല്‍ പട്ടേലിന്റെ നീക്കങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികളും രംഗത്തെത്തിയിരിക്കുകയാണ്.
ദ്വീപിലെ പാല്‍ ഉത്പന്നങ്ങളുടെ ഉത്പാദനം നിര്‍ത്തി അമൂല്‍ ഉത്പന്നങ്ങള്‍ എത്തിക്കാന്‍ സര്‍ക്കാര്‍ നടത്തി വരുന്ന അഡ്മിനിസ്‌ട്രേഷന്റെ നയത്തിനെതിരെയാണ് ദ്വീപ് സ്റ്റുഡന്റ് അസോസിയേഷന്‍ പ്രതിഷേധിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
ലക്ഷദ്വീപിലെ ഡയറി ഫാമുകള്‍ അടച്ചു പൂട്ടാനാണ് മൃഗസംരക്ഷണ ഡയറക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്. ഫാമുകള്‍ അടക്കുന്നതിലൂടെ ലക്ഷദ്വീപില്‍ സര്‍ക്കാര്‍ തലത്തില്‍ പാല്‍, പാല്‍ ഉത്പന്ന വിപണനം നിലയ്ക്കും. ഇതോടെ ജീവനക്കാര്‍ക്ക് ജോലിയും നിലയ്ക്കും.
സ്വകാര്യ കമ്പനികള്‍ക്ക് വഴിയൊരുക്കുന്നതാണ് പുതിയ ഉത്തരവെന്നാണ് ഉയരുന്ന ആക്ഷേപം.
ഫാമിലെ പശുക്കളെ ലേലം ചെയ്യുന്നതില്‍ പങ്കെടുക്കരുതെന്നും അമൂല്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നുമാണ് ലക്ഷദ്വീപ് സ്റ്റുഡന്‍സ് അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.
‘ഡയറി ഫാമുകള്‍ അടച്ചു പൂട്ടാനുള്ള വകുപ്പ് മേധാവിയുടെ ഉത്തരവ് തികച്ചും പ്രതിഷേധാര്‍ഹമാണ്. ഫാമുകളില്‍ ഉള്ള പശുക്കളെ ലേലം ചെയ്യാനും തീരുമാനിച്ചതായി അറിയാന്‍ കഴിഞ്ഞു. ഈ ലേലത്തില്‍ ആരും പങ്കെടുക്കരുത്. മാത്രമല്ല, അഡ്മിനിസ്‌ട്രേറ്റര്‍ കച്ചവട ലക്ഷ്യങ്ങള്‍ മാത്രം ലക്ഷ്യമിട്ട് അമൂല്‍ ഉത്പന്നങ്ങള്‍ ദ്വീപുകളില്‍ എത്തിക്കാന്‍ ശ്രമിക്കുന്നു.
സര്‍ക്കാര്‍ സംവിധാനത്തലൂടെ ജനങ്ങളിലേക്കെത്തിക്കാനുള്ള ഈ കപട നീക്കത്തെ തിരിച്ചറിഞ്ഞുകൊണ്ട് ഇറക്കുമതി ചെയ്യപ്പെടുന്ന ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണം. അറേബ്യന്‍ സീ കപ്പലില്‍ 24ാം തീയതി കവരത്തിയില്‍ എത്തുന്ന അമൂല്‍ ഉത്പന്നങ്ങള്‍ തടയണം,’ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും കുടിയൊഴിപ്പിക്കലും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കം സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രിയുടെ വിശ്വസ്തനും മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയുമായ ഫ്രഫുല്‍ പട്ടേലിനെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്.
ലക്ഷദ്വീപ് ജനതയെ പിന്തുണച്ച് ഇതിനോടകം നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. രാജ്യസഭാ എം.പി എളമരം കരീം, നടന്‍ പൃഥ്വിരാജ്, നടി റിമ കല്ലിങ്കല്‍, ഫുഡ്‌ബോള്‍ താരം സി കെ വിനീത് തുടങ്ങി നിരവധി പേരാണ് ലക്ഷദ്വീപിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയത്.