| Saturday, 22nd February 2020, 8:21 am

എട്ട് ലക്ഷത്തിലധികം അഡ്വാന്‍സ് വാങ്ങി ടൂര്‍ ഏജന്റിന്റെ തട്ടിപ്പ്; 39 മലയാളി വിദ്യാര്‍ത്ഥികള്‍ ദല്‍ഹിയില്‍ കുടുങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: പഠന യാത്രയ്ക്കു പോയ 39 മലയാളി വിദ്യാര്‍ത്ഥികള്‍ ദല്‍ഹിയില്‍ കുടുങ്ങി. തൃശൂര്‍ മണ്ണുത്തി ഡയറി സയന്‍സ് കോളേജിലെ അവസാന വര്‍ഷ ബിടെക് വിദ്യാര്‍ത്ഥികളാണ് ടൂര്‍ ഏജന്റിന്റെ തട്ടിപ്പിനിരയായത്.

വിദ്യാര്‍ത്ഥികളുടെ കയ്യില്‍ നിന്നും എട്ട് ലക്ഷത്തിലധികം രൂപ അഡ്വാന്‍സ് വാങ്ങിയാണ് തിരുവനന്തപുരം ആദിത്യ ഡെസ്റ്റിനേഷന്‍ എന്ന സ്ഥാപനം ടൂറിന് നേതൃത്വം നല്‍കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രണ്ട് അധ്യാപകരും ഒരു അനധ്യാപികയും ഉള്‍പ്പെടുന്ന സംഘം 18നാണ് ദല്‍ഹിയിലെത്തിയത്. ഇന്നലെ ഹരിയാനയിലെ കര്‍ണാലിലേക്ക് പോകാനിരിക്കേയാണ് ഹോട്ടലില്‍ പണം അടച്ചിട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ അറിയുന്നത്.

ടൂര്‍ ഉടമയെ വിളിച്ചെങ്കിലും ഫോണ്‍ ഓഫ് ആയിരുന്നു. തിരുവനന്തപുരത്തെ ഓഫീസും അടച്ചിട്ടിരുന്നു. ടൂര്‍ ഗൈഡായ ആളെക്കുറിച്ചുള്ള വിവരങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിട്ടില്ല.

ടൂര്‍ ഏജന്‍സി ഉടമ അരുണിനെപ്പറ്റി അന്വേഷിച്ചപ്പോള്‍ അയാള്‍ മൂന്നു ദിവസമായി വീട്ടില്‍ എത്തിയിട്ടില്ലെന്നും അറിയാന്‍ കഴിഞ്ഞു. വിദ്യാര്‍ത്ഥികള്‍ പിരിച്ചെടുത്ത 86000 രൂപയാണ് ഹോട്ടലില്‍ കൊടുത്തത്. ദല്‍ഹിയില്‍ യാത്ര ചെയ്യാന്‍ ഉപയോഗിച്ച ബസിനുള്ള തുകയും ടൂര്‍ ഏജന്‍സി നല്‍കിയില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു.

ആദിത്യ ഡെസ്റ്റിനേഷന്‍സ് എന്ന ട്രാവല്‍ ഏജന്‍സിക്ക് അംഗത്വമില്ലെന്ന് ട്രാവല്‍-ടൂറിസം മേഖലയിലെ ഔദ്യോഗികസംഘടനകള്‍ അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഏജന്‍സിക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തട്ടിപ്പ് അറിഞ്ഞതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് കേരള ഹൗസില്‍ താമസവും ഭക്ഷണവും ഒരുക്കി.

We use cookies to give you the best possible experience. Learn more