കുന്നമംഗലം: മര്‍കസ് കവാടത്തിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്ന സമരവേദിയില്‍ സംഘര്‍ഷാവസ്ഥ. സമരപ്പന്തലില്‍ കെട്ടിയ മാനേജ്‌മെന്റിന്റെ അനുഭാവ സംഘടനയായ എസ്.എസ്.എഫിന്റെ പതാക സംസ്ഥാന കമ്മിറ്റിയുടെ അനുമതിയോടെയല്ലെന്നതിനാല്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയതാണ് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായത്. തുടര്‍ന്ന് പൊലീസ് സമരക്കാരുമായി ചര്‍ച്ച നടത്തി കൊടി നീക്കി.
എന്നാല്‍ എസ്.എസ്.എഫില്‍ മെമ്പര്‍ഷിപ്പുള്ള വ്യക്തിയാണ് താനെന്നും താനടക്കമുള്ള പ്രവര്‍ത്തകരാണ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുദ്രാവാക്യം മുഴക്കിയതും പതാക ഇവിടെ കെട്ടിയതുമെന്നും എസ്.എസ്.എഫ് പ്രവര്‍ത്തകന്‍ വ്യക്തമാക്കുന്നുണ്ട്.
എസ്.എസ്.എഫിന്റെ സ്റ്റേറ്റ് കമ്മിറ്റി തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായും ഈ പതാക ഇവിടെ നിന്നും അഴിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടതായും അത് മാനിച്ച് പതാക അഴിച്ചുമാറ്റുകയാണെന്നും ഇദ്ദേഹം പറഞ്ഞു. കൊടി മാത്രമേ അഴിച്ചുമാറ്റുന്നുള്ളൂവെന്നും സമരത്തിന് ഐക്യദാര്‍ഢ്യം ഉണ്ടാകുമെന്നും ഇദ്ദേഹം വ്യക്തമാക്കി. സമരവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്നതിന് കളക്ടര്‍ ഇന്ന് യോഗം വിളിച്ചിട്ടുണ്ട്.
മര്‍കസ് കവാടത്തിന് മുന്നില്‍ലെ സമരപ്പന്തല്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ പൊലീസിന്റെ നേതൃത്വത്തില്‍ പൊളിച്ചുമാറ്റിയിരുന്നെങ്കിലും വിദ്യാര്‍ത്ഥികള്‍ റോഡരികില്‍ പന്തല്‍കെട്ടി സമരം തുടരുകയാണ്. അംഗീകാരമില്ലാത്ത കോഴ്‌സുകള്‍ നടത്തി ലക്ഷങ്ങള്‍ തട്ടിയെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ മര്‍കസിന് മുന്നില്‍ സമരം ചെയ്യുന്നത്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി ബിജിത്ത് ലാല്‍ എന്നിവര്‍ പന്തല്‍സന്ദര്‍ശിച്ചു.
Dont Miss ‘ആ വിട ചൊല്ലലില്‍ പ്രകൃതി പോലും കരഞ്ഞു’; വിചെന്റ കാല്‍ഡറോണിന് വിട ചൊല്ലി അത്‌ലറ്റിക്കോ മാഡ്രിഡ്
സമരത്തിന് പിന്തുണ അറിയിച്ച് എസ്.കെ.എസ്.എസ്.എഫ്, എസ്.ഐ.ഒ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കുന്നമംഗലത്ത് സര്‍വകക്ഷിയോഗം ചേരുകയും സമരസഹായ സമിതി രൂപീകരിക്കുകയും ചെയ്തു.
കാരന്തൂരിലെ മര്‍ക്സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് എഞ്ചിനീയറിങ്ങ് ടെക്നോളജി എന്ന സ്ഥാപനത്തില്‍ സിവില്‍ എഞ്ചിനീയറിങ്ങ്, ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്ങ് ഡിപ്ലോമാ കോഴ്സുകള്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളാണ് സമരം നടത്തുന്നത്.
2012 ല്‍ പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനം 2017 ലെ ആദ്യമാസത്തോടെ മാനേജ്മെന്റ് അടച്ചുപൂട്ടിയിരുന്നു. എന്നാല്‍ ഇതിനിടയില്‍ അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ ഈ സ്ഥാപനത്തില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയിരുന്നു. കോഴ്സിന് ചേരുന്ന സമയത്ത് പി.എസ്.സി, യു.പി.എസ്.സി, നോര്‍ക്ക അറ്റസ്റ്റേഷന്‍, പ്ലേസ്മെന്റ് തുടങ്ങിയ വാഗ്ദ്ധാനങ്ങളായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്നത്.
എന്നാല്‍ പഠനം കഴിഞ്ഞ് മറ്റുസംസ്ഥാനങ്ങളിലേക്ക് തുടര്‍പഠനത്തിനും വിദേശത്തേക്ക് ജോലിക്ക് ശ്രമിച്ചപ്പോഴുമാണ് സ്ഥാപനം നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് യാതൊരു അംഗീകരവുമില്ലെന്നത് വിദ്യാര്‍ത്ഥികള്‍ മനസ്സിലാക്കുന്നത്. തുടര്‍ന്ന് പരാതിയുമായി മര്‍കസിലെത്തിയവരോട് 15 ദിവസത്തിനകം പരിഹാരം കാണാം എന്നായിരുന്നു മാനേജ്മെന്റിന്റെ നിലപാട്. 15 ദിവസം കഴിഞ്ഞിട്ടും പരിഹാരം ഉണ്ടാവാത്തതിനാല്‍ വീണ്ടും മര്‍ക്കസിലെത്തിയവരോട് എം.ഐ.ഇ.ടി എന്ന സ്ഥാപനം മര്‍കസിന്റേതല്ലെന്നും അത് വാടക കെട്ടിടം മാത്രമാണെന്നുമുള്ള നിലപാടായിരുന്നു മാനേജ്മെന്റിന്റേതെന്നാണ് സമരം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
ഒന്നര ലക്ഷത്തോളം രൂപയാണ് ഫീസായി ഈടാക്കിയിരുന്നത്. ഈ ഫീസടക്കമുള്ള നഷ്ടപരിഹാരം നല്‍കുക, മര്‍ക്കസ് സ്ഥാപനങ്ങളില്‍ ഏതൊക്കെയാണ് വാടക, ബിസിനസ് സംരഭങ്ങളെന്ന് തുറന്ന് പറയുക തുടങ്ങിയ ആവശ്യങ്ങളാണ്് മര്‍കസിന് മുന്നില്‍ സമരം നടത്തുന്ന നൂറോളം വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുന്നത്.