| Friday, 26th May 2017, 8:43 pm

കാരന്തൂര്‍ മര്‍ക്കസിലേക്ക് വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ അക്രമം; പൊലീസ് ലാത്തിവീശി; സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള മര്‍ക്കസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ച് ആക്രമസക്തമായി. റോഡ് ഗതാഗതം തടസപ്പെടുത്താതെ പിരിഞ്ഞു പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ അതിന് തയ്യാറായില്ല.

തുടര്‍ന്ന് പൊലീസ് ഇവരെ റോഡില്‍ നിന്ന് നീക്കാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ത്ഥികള്‍ ചെറുത്തുനില്‍ക്കുകയായിരുന്നു. കാരന്തൂര്‍ മര്‍ക്കസ് ഓഫീസിനു നേരെ വിദ്യാര്‍ത്ഥികള്‍ കല്ലെറിയുകയും ചെയ്തു. സംഘര്‍ഷത്തെത്തുടര്‍ന്ന് പൊലീസ് വിദ്യാര്‍ഥികള്‍ക്ക് നേരെ ലാത്തി വിശി.

ലാത്തിചാര്‍ജ്ജില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ക്ക് പരിുക്കേറ്റിട്ടുണ്ട്. നിരവധിപ്പേര്‍ക്ക് കല്ലെറിലും പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആറ് വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. മര്‍ക്കസിന് നേരെ കല്ലേറുണ്ടായതോടെയാണ് പൊലീസ് ലാത്തി വീശിയത്.


Also Read: ‘മോദി ഹിന്ദു രാഷ്ട്രത്തിന്റെ രാജാവോ ഗോസ്വാമിമാരുടെ മാത്രം പ്രതിനിധിയോ അല്ല’; കന്നുകാലി കശാപ്പു നിരോധനത്തെ എന്തു വില കൊടുത്തും ചെറുക്കണമെന്ന് വി.എസ്


നേരത്തെ കോഴിക്കോട്-വയനാട് പാത വിദ്യാര്‍ത്ഥികള്‍ ഉപരോധിക്കുകയും ചെയ്തിരുന്നു. എസ്.എഫ്.ഐ, കെ.എസ്.യു, എം.എസ്.എഫ്, എ.ബി.വി.പി, എസ്.ഐ.ഒ, എസ്.എസ്.എഫ് തുടങ്ങിയ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു സമരം. ആക്രമസക്തരായ സമരക്കാര്‍ ടയര്‍ കത്തിച്ച് റോഡിലിട്ടതോടെ കോഴിക്കോട്-ബാംഗ്ലൂര്‍ ദേശീയ പാതയില്‍ മണിക്കൂറുകളോളമാണ് ഗതാഗതം തടസ്സപ്പെട്ടത്.

അംഗീകാരമില്ലാത്ത കോഴ്‌സ് നടത്തി തങ്ങളില്‍ നിന്നു ലക്ഷങ്ങള്‍ വാങ്ങി വഞ്ചിച്ചെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. കോളേജ് കവാടത്തിന് മുന്നില്‍ തട്ടിപ്പ് ആരോപിച്ച് വിദ്യാര്‍ഥികള്‍ സമരം നടത്തിവുകയായിരുന്നു. എ.ഐ.സി.ടിയുടെ അംഗീകാരമുണ്ടെന്ന് പറഞ്ഞ പോളിടെക്‌നിക് കോഴ്‌സിന് പി.എസ്.സിയുടെയോ യു.പി.എ.സിയുടെയോ അംഗീകാരമില്ലെന്ന് മനസിലായത്. വിദ്യാര്‍ഥികളെ പെരുവഴിയിലാക്കിയിട്ടും നിഷേധാത്മക സമീപനമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് സമരക്കാര്‍ ആരോപിക്കുന്നു.

We use cookies to give you the best possible experience. Learn more