| Wednesday, 1st October 2014, 10:27 am

അമല്‍ ജ്യോതി എഞ്ചിനിയറിങ് കോളേജില്‍ വിദ്യാര്‍ത്ഥികളുടെ കൂട്ടസമരം തുടരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കോട്ടയം: ഹോസ്റ്റലുകളിലും ക്ലാസ് റൂമുകളിലും വിദ്യാര്‍ത്ഥികളുടെ അവകാശങ്ങളെ അടിച്ചമര്‍ത്തുന്ന മാനേജ്‌മെന്റ് നടപടികളില്‍ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനിയറിങ് കോളേജുകളുടെ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍. ക്ലാസ് റൂമുകള്‍ ബഹിഷ്‌കരിച്ചുള്ള ഇവരുടെ പ്രതിഷേധം മൂന്നാം ദിവസത്തിലെത്തി.

മാനേജ്‌മെന്റിനെതിരെ മുദ്രാവാക്യം വിളിച്ച് കോളേജ് കവാടത്തിന് മുന്നില്‍ മണിക്കൂറുകളോളം വിദ്യാര്‍ത്ഥികള്‍ ഒറ്റയ്‌ക്കെട്ടായി ഉപരോധ സമരം നടത്തി. കോളേജില്‍ നിന്നും അകത്തേക്കോ പുറത്തേക്കോ വാഹനങ്ങള്‍ കടത്തിവിടാതെയായിരുന്നു വിദ്യാര്‍ത്ഥികളുടെ സമരം. ഒരു രാഷ്ട്രീയപാര്‍ട്ടികളുടെയും പിന്‍ബലമില്ലാതെയാണ് വിദ്യാര്‍ത്ഥികള്‍ സമരരംഗത്തിറങ്ങിയത്.

ഹോസ്റ്റലില്‍ നിന്നും നല്‍കുന്നത് ഗുണനിലവാരമില്ലാത്ത ഭക്ഷണമാണ്. എന്നാല്‍ ഇതിനെതിരെ പ്രതിഷേധിക്കാന്‍ പോലും തങ്ങള്‍ക്ക് അവകാശമില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

മാനേജ്‌മെന്റിന്റെ കാടന്‍ നയങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പ്പിക്കുവാനും ക്ലാസ് മുറികളില്‍ വിദ്യാര്‍ത്ഥികളെ തളച്ചിടുവാനുമാണ് മാനേജ്‌മെന്റുകള്‍ ശ്രമിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. അമിത ഫീസ് നല്‍കി പഠിക്കുന്ന തങ്ങള്‍ക്ക് മാനുഷിക പരിഗണന പോലും നല്‍കാത്ത പെരുമാറ്റമാണ് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്.

“ഞങ്ങളുടെ സ്വന്തം റൂമുകളില്‍ 12 മണി കഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് പഠിക്കാന്‍ പറ്റുന്നില്ല. ഭക്ഷ്യവിഷബാധ കാരണം കുറേപ്പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞങ്ങളുടെ കയ്യില്‍ നിന്നും അന്യായമായി ഫീസ് കൈപ്പറ്റുന്നുണ്ട്. സിസ്റ്റര്‍മാരുടെ അടുത്ത് ഞങ്ങളെന്തെങ്കിലും പറയാന്‍ ചെല്ലുമ്പോള്‍ അവരുടെ വായിലെ തെറി മുഴുവന്‍ കേള്‍ക്കണം. സ്റ്റഡി ടൈമിലെല്ലാത്തപ്പോള്‍  കൂട്ടുകാര്‍  കൂടിയിരുന്ന് സംസാരിക്കാന്‍ പാടില്ല. തൊട്ടതിനും പിടിച്ചതിനുമെല്ലാം ഫൈന്‍.” സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥി പറയുന്നു.

” മോശം ഭക്ഷണമാണെന്ന് പരാതിപ്പെട്ടപ്പോള്‍ ഞങ്ങളോട് ടി.സി വാങ്ങിച്ച് പോയ്‌ക്കോളാനാണ് പറഞ്ഞത്. ഞങ്ങളുടെ കയ്യില്‍ നിന്നും വാങ്ങുന്ന ഫീസിന് അനുസൃതമായ സൗകര്യങ്ങളൊന്നും ഇവിടെ ലഭിക്കുന്നില്ല. താടിവെയ്ക്കാന്‍ അനുവാദമില്ല. ജീന്‍സ് ഇടുവാന്‍ അനുവാദമില്ല. ഞങ്ങളുടെ രക്ഷിതാക്കളെ വരെ തെറി വിളിക്കുന്നു.” മറ്റൊരു വിദ്യാര്‍ത്ഥി പറഞ്ഞു.

മാറി മാറി വരുന്ന ഭരണാധികാരികളെ സ്വാധീനിച്ചുകൊണ്ട് അനധികൃതമായാണ് മാനേജ്‌മെന്റ് പ്രവര്‍ത്തിക്കുന്നതെന്നും കച്ചവട സ്ഥാപനം മാത്രമായാണ് കോളേജിനെ കാണുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു വിദ്യാര്‍ത്ഥി സമരം അമല്‍ ജ്യോതി കോളേജില്‍ ഉണ്ടായിരിക്കുന്നത്.

എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. തങ്ങളിവിടെ നല്‍കുന്നത് നല്ല ഭക്ഷണമാണെന്നും അവര്‍ അവകാശപ്പെടുന്നു.

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്. അതേസമയം സമരം തുടരുന്ന സാഹചര്യത്തില്‍ മാനേജ്‌മെന്റ് കോളേജിന് ഒരാഴ്ച അവധി പ്രഖ്യാപിച്ചു.

//www.youtube.com/v/col0t6pDxpw?hl=en_GB&version=3&rel=0

We use cookies to give you the best possible experience. Learn more