നീലകുഡി: തമിഴ്നാട് കേന്ദ്ര സര്‍വകലാശാലയില്‍ ഹോസ്റ്റല്‍ മെസ്സിനെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികളോട് ഹോസ്റ്റല്‍ ഒഴിയണമെന്ന് അധികൃതര്‍. സര്‍വകലാശാല നടപടിയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ രാത്രി വൈകിയും ഹോസ്റ്റല്‍ ബഹിഷ്‌കരിച്ച് സമരം നടത്തുകയാണ്. ഹോസ്റ്റല്‍ ഭക്ഷണത്തില്‍ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്നതിനെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികളോടാണ് നാളെ പതിനൊന്നു മണിയ്ക്ക മുന്നേ അധികൃതര്‍ ഹോസ്റ്റല്‍ ഒഴിയാന്‍ ആവശ്യപ്പെട്ടത്.
സംഭവത്തില്‍ പ്രതിഷേധിച്ച് രാത്രി ഏറെ വൈകിയും വിദ്യാര്‍ത്ഥിനികളടക്കമുള്ളവര്‍ ഹോസ്റ്റലിനു മുന്നില്‍ പ്രതിഷേധിക്കുകയാണ്. ഹോസ്റ്റലിലെ മെസ്സില്‍ നിന്നും രാസപദാര്‍ത്ഥങ്ങളുടെ പാക്കുകള്‍ കഴിഞ്ഞദിവസം കണ്ടെടുത്തതാണ് വിദ്യാര്‍ത്ഥികളെ സമരത്തിലേക്ക് നയിച്ചത്. ഇതിനു മുമ്പും പരിശോധനയില്‍ ഇത്തരം കാര്യങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
“ഇതിനു മുന്നേയും മെസ്സില്‍ നടന്ന പരിശോധനയില്‍ പുഴുക്കളെയും പ്ലാസ്റ്റിക്കുകളും കണ്ടെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സമരം നടത്തി പാചകക്കാരെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇത്.” വിദ്യാര്‍ത്ഥിനി ശ്രീലക്ഷ്മി ഡൂള്‍ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞദിവസം രാസപദാര്‍ത്ഥങ്ങളും പാക്കുകളും കണ്ടെടുത്തതിനെത്തുടര്‍ന്ന മെസ്സ് കമ്മിറ്റിയോഗം ചേര്‍ന്നെങ്കിലും തീരുമാനമായിരുന്നില്ല. ഇതേത്തുടര്‍ന്ന് ഇന്നു വിദ്യാര്‍ത്ഥികള്‍ സമരരംഗത്തിറങ്ങുകയായിരുന്നു. മൂന്നു ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. “രാവിലെ 9 മണിയ്ക്കാണ് സമരം തുടങ്ങുന്നത്. എന്നാല്‍ വൈകീട്ട് 9 മണിയായപ്പോള്‍ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നു പറഞ്ഞ് വി.സി യൂണിവേഴ്സിറ്റി അടച്ചിടുകയാണെന്നും നാളെ പതിനൊന്നു മണിയാകുമ്പോഴേക്ക് എല്ലാവരും പോകണമെന്നും പറയുകയായിരുന്നു” ശ്രീലക്ഷ്മി പറഞ്ഞു.
ഒറ്റപ്പെട്ട പ്രദേശത്താണ് ഹോസ്റ്റല്‍ സ്ഥിതി ചെയ്യുന്നതെന്നും ഇന്ത്യയിലെ പലസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെയുണ്ടെന്നും പറയുന്ന വിദ്യാര്‍ത്ഥികള്‍ തിരിച്ച് പോകാനുള്ള സൗകര്യമില്ലെന്നും പറയുന്നു. നാളെ പതിനൊന്ന് മണിയ്ക്ക് മുന്നേ പോകണമെന്നത് നിരുത്തരവാദപരമായ കാര്യമാണെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് രാത്രി ഏറെ വൈകിയും വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്.
വീഡിയോ കാണാം: