| Monday, 1st April 2019, 8:03 pm

കുട്ടികളെ മാനസീകമായി പീഡിപ്പിച്ചു: ഫീസ് അടക്കാത്തതിന്റെ പേരില്‍ കുട്ടികളെ വെയിലത്ത് നിര്‍ത്തിയ സ്‌കൂളിനെതിരെ നിയമ നടപടിയുമായി മാതാപിതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലുവ: സ്‌കൂള്‍ ഫീസ് അടക്കാത്തതിന്റെ പേരില്‍ രണ്ട് വിദ്യാര്‍ത്ഥികളെ രണ്ടരമണിക്കൂറോളം പരീക്ഷാഹാളിന് പുറത്ത് നിര്‍ത്തിയ സംഭവത്തില്‍ ആലുവ സെറ്റില്‍മെന്റ് സ്‌കൂളിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി വിദ്യാര്‍ത്ഥിയുടെ അമ്മ. പരീക്ഷാഹാളിന് പുറത്ത് നിര്‍ത്തിയ മകനെ സ്‌കൂള്‍ അധികൃതര്‍ മാനസീകമായി പീഡിപ്പിച്ചെന്നും ഇത് ആദ്യത്തെ സംഭവമല്ലെന്നും ദേവനാരായണന്റെ അമ്മ സരിഗ പ്രവീണ്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

“ഫീസ് അടക്കാത്തതിന്റെ പേരില്‍ മൂന്ന് ദിവസമായി കുട്ടിയെ മാറ്റിയിരുത്തിയാണ് പരീക്ഷ എഴുതിച്ചത്. ഇക്കാര്യം മാനേജ്‌മെന്റ് ഞങ്ങളെ വിളിച്ച് അറിയിക്കുക പോലും ചെയ്തില്ല. വെയിലത്ത് നിര്‍ത്തിയതിനേക്കാള്‍ മറ്റുകുട്ടികളുടെ മുന്നില്‍ വെച്ച് മകനെ അപമാനിച്ചു. ഇത് അവനെ മാനസികമായി തളര്‍ത്തി. സകൂള്‍ വിട്ട് വന്ന് അവന് ഭക്ഷണം കഴിക്കാന്‍ പോലും പറ്റിയിരുന്നില്ല” സരിഗ പറഞ്ഞു.

Read Also : ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനായി കേസ് നല്‍കിയ പ്രേരണാകുമാരി ഇപ്പോള്‍ ചൗക്കീദാര്‍ പ്രേരണ; തെളിവ് നിരത്തി കടകംപള്ളി സുരേന്ദ്രന്‍

Read Also : പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരാണ് ബി.ജെ.പി; തൊഴിലുറപ്പ് പദ്ധതിയുടെ കരട് രേഖ തയ്യാറാക്കിയ സാമ്പത്തിക ശാസ്ത്രജ്ഞന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധി

.

ഇത് മാനേജ്‌മെന്റിന്റെ ക്രൂരതയാണ്. ഇതില്‍ സ്‌കൂളിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും നാളെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുമെന്നും പറഞ്ഞു.

രണ്ടാം ക്ലാസില്‍ പഠിക്കുന്ന എട്ടു വയസുള്ള കുട്ടിയോട് കാണിച്ച ക്രൂരത അറിഞ്ഞ് തനിക്ക് സഹിക്കാന്‍ പറ്റിയില്ലെന്നും എവിടെയൊക്കെ കയറി ഇറങ്ങേണ്ടി വന്നാലും സ്‌കൂളിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും സരിഗ പറഞ്ഞു.

ഹൈസ്‌കൂളിലെ രണ്ടാംക്ലാസുകാരായ രണ്ട് വിദ്യാര്‍ഥികളാണ് സ്‌കൂള്‍ അധികൃതരുടെ പീഡനത്തിന് ഇരയായത്. സംഭവത്തില്‍ ബാലാവകാശ നിയമപ്രകാരം ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആലുവ സെറ്റില്‍മന്റെ് എച്ച്.എസ്. എസ് എല്‍.പി വിഭാഗത്തിലെ രണ്ടാം ക്ലാസ് വദ്യാര്‍ഥികളായ കാരക്കുന്നു സ്വദേശി ദേവനാരായണന്‍, വെളിയത്തുനാട് സ്വദേശി റൈഹാന്‍ എന്നീ കുഞ്ഞുങ്ങളെയാണ് അധ്യാപകര്‍ വെയിലില്‍ നിര്‍ത്തിയത്.

അതില്‍ റൈഹാനെ ബസ് ഫീസ് അടക്കാത്തതിന്റെ പേരിലാണ് പീഡിപ്പിച്ചതെന്നും നിസാര കാര്യത്തിന് പോലും കുട്ടികളെ പീഡിപ്പിക്കുന്നവരാണ് സ്‌കൂള്‍ മാനേജ്‌മെന്റെന്നും കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധിക്കാത്തവരാണ് അവിടത്തെ അധ്യാപകരെന്നും സരിഗ പറഞ്ഞു.

മാനേജ്മന്റെ് നിര്‍ദേശപ്രകാരമാണ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികളെ അധ്യാപകന്‍ വെയിലില്‍ നിര്‍ത്തിയത്. പരീക്ഷ എഴുതാന്‍ കഴിയാതെ കുട്ടികള്‍ വീട്ടിലെത്തി രക്ഷിതാക്കളോട് സംഭവം പറയുകയായിരുന്നു. രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ സ്‌കൂള്‍ ഫീസ് അടക്കാത്തതിനാലാണ് പരീക്ഷ എഴുതിക്കാതിരുന്നതെന്നായിരുന്നു മറുപടി. ഇതുപോലും പരിഗണിക്കാതെയാണ് കുട്ടികളെ വെയിലില്‍ നിര്‍ത്തിയതെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.

ഈ മാസത്തെ ഫീസടയ്ക്കാത്തതിന്റെ പേരിലാണ് പരീക്ഷ എഴുതാനെത്തിയ രണ്ടുപേരെയും അധ്യാപകന്‍ പരീക്ഷാ ഹാളില്‍നിന്ന് പുറത്താക്കിയത്. ഹാളിന് പുറത്തെ കൊടുംചൂടില്‍ രണ്ടരമണിക്കൂറോളം ഇരുന്ന കുട്ടികള്‍ അവശരായി വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കള്‍ വിവരമറിഞ്ഞത്. തുടര്‍ന്നാണ് കുട്ടികളിലൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സംഭവത്തില്‍ പ്രതിഷേധിച്ച് കരുമാല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജി.ഡി. ഷിജുവിന്റെ നേതൃത്വത്തില്‍ രക്ഷിതാക്കളും നാട്ടുകാരും സ്‌കൂള്‍ ഉപരോധിച്ചിരുന്നു. തുടര്‍ന്ന് ആലുവ ഡി.ഇ.ഒ വത്സലകുമാരി സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. കുറ്റക്കാരായ അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്യാമെന്നും പൊലീസ് കേസെടുക്കുമെന്നും മാനേജ്മന്റെിനോട് വിശദീകരണം തേടുമെന്നും ഉറപ്പും നല്‍കിയോടെയാണ് പ്രതിഷേധക്കാര്‍ സമരം അവസാനിപ്പിച്ചത്.

എന്നാല്‍ ഫീസടക്കാത്ത കുട്ടികളെ പുറത്തുനിര്‍ത്തുന്നത് സാധാരണ നടപടി മാത്രമാണെന്നും കുട്ടികളെ വെയിലത്ത് നിര്‍ത്തിയിട്ടില്ലെന്നുമാണ് മാനേജ്മന്റെ് വിശദീകരണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റക്കാര്‍ക്കെതിരെ മാതൃകപരമായ നടപടി വേണമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം.

We use cookies to give you the best possible experience. Learn more