ന്യൂദല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തില്‍ പങ്കെടുത്ത ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ഥികളെ പൊലീസ് ലൈംഗികമായി ഉപദ്രവിച്ചതായി റിപ്പോര്‍ട്ട്.
ഫെബ്രുവരി പത്തിന് നടന്ന സമരത്തില്‍ പൊലീസ് ചില രാസവാതകങ്ങളും വിദ്യാര്‍ഥികള്‍ക്ക് നേരേ പ്രയോഗിച്ചതായി നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണിന്റെ ഫാക്ട് ഫൈന്‍ഡിംഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏകദേശം 45 വിദ്യാര്‍ഥികള്‍ക്ക് നേരേയാണ് ലൈംഗിക ഉപദ്രവമുണ്ടായത്. 30 വിദ്യാര്‍ത്ഥികളും 15 വിദ്യാര്‍ത്ഥിനികളും ലൈംഗികമായി ഉപദ്രവിക്കപ്പെട്ടു എന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
സ്ത്രീകളെ പുരുഷ പൊലീസുകാര്‍ ലൈംഗികമായി ഉപദ്രവിച്ചു. അവരുടെ വസ്ത്രങ്ങള്‍ കീറിയെറിയാന്‍ ശ്രമിച്ചു. മാറില്‍ ഇടിക്കുകയും ബൂട്ട് കൊണ്ട് ചവിട്ടുകയും ചെയ്തു.
വിദ്യാര്‍ഥികളുടെ ലൈംഗികാവയവത്തില്‍ ലാത്തി കുത്തിക്കയറ്റി. ക്രൂരമായ ഉപദ്രവത്തെ തുടര്‍ന്ന് ഇവര്‍ക്ക് ലൈംഗികാവയത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
16 മുതല്‍ 60 വയസ്സു വരെയുള്ള സ്ത്രീകള്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടിരുന്നു. സിസേറിയന്‍ കഴിഞ്ഞ ഒരു യുവതി തന്നെ അടിക്കരുതെന്ന് കരഞ്ഞുപറഞ്ഞിട്ടും പൊലീസുകാരന്‍ നിര്‍ത്തിയില്ല.
പുരുഷന്‍മാര്‍ക്ക് നേരേയും പൊലീസ് ലൈംഗികാതിക്രമം നടത്തിയിട്ടുണ്ട്. പുരുഷന്മാരുടെ ലൈംഗികാവയവത്തെ അവര്‍ മര്‍ദ്ദിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പൊലീസ് യൂണിഫോമണിഞ്ഞ ചിലര്‍ തങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് അധ്യാപകരും വിദ്യാര്‍ഥികളും പറയുന്നു. പൊലീസ് ഹെല്‍മെറ്റോ യൂണിഫോമോ ഇല്ലാത്തവരും ഇത്തരം മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയതായും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. അതിക്രമത്തിന് ഒരാഴ്ചയ്ക്ക് ശേഷം പലര്‍ക്കും ലൈംഗികാവയങ്ങളില്‍ നിന്ന് രക്തസ്രാവം ഉണ്ടായിരുന്നു. പല വിദ്യാര്‍ഥികള്‍ക്കും ശ്വാസമുട്ടലും ഛര്‍ദ്ദിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.