| Monday, 17th August 2020, 3:00 pm

സര്‍,ഒരു വലിയ വിഭാഗത്തിന്റെ ശബ്ദമാണ് നിങ്ങള്‍; പ്രൊഫസര്‍ ഹാനി ബാബുവിന്റെ പിറന്നാള്‍ കത്തുകളെഴുതി ആഘോഷിച്ച് വിദ്യാര്‍ഥികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ എന്‍.ഐ.എ അറസ്റ്റ് ചെയ്ത ദല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഹാനിബാബുവിന്റെ പിറന്നാള്‍ വ്യത്യസ്തമായി ആഘോഷിച്ച് അദ്ദേഹത്തിന്റെ വിദ്യാര്‍ഥികള്‍.

ഇന്നലെ അദ്ദേഹത്തിന്റെ 54-ാം പിറന്നാളായിരുന്നു. ഈയവസരത്തില്‍ അദ്ദേഹത്തിന് ആശംസകള്‍ നേരാനും അതിലൂടെ അദ്ദേഹത്തിനോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും വിദ്യാര്‍ഥികള്‍ മുന്നോട്ട് വന്നു.

ഹാനി ബാബുവിന് ആശംസകള്‍ നേര്‍ന്നും പിന്തുണ പ്രഖ്യാപിച്ചും കത്തുകള്‍ എഴുതിയാണ് അവര്‍ അദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷിച്ചത്. നിരവധി വിദ്യാര്‍ഥികളാണ് അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് കത്തുകള്‍ എഴുതിയത്. തെരഞ്ഞെടുത്ത കത്തുകളില്‍ ചിലത് പ്രസിദ്ധപ്പെടുത്തുകയും ചെയ്തിരുന്നു.

ഭാഷയോടും മാതൃഭാഷയോടുമുള്ള സ്‌നേഹവും ഭാഷ -സംസ്‌കാര വിഷയങ്ങളോടുള്ള താല്പര്യവും വിദ്യാര്‍ഥികളില്‍ ഉണ്ടാക്കിയ അധ്യാപകനാണ് അദ്ദേഹമെന്നാണ് വിദ്യാര്‍ഥികള്‍ അവരുടെ കത്തുകളിലൂടെ പറഞ്ഞത്.

ഹാനി ബാബുവിന്റെ അറസ്റ്റില്‍ പ്രതിഷേധ സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ ദല്‍ഹി പൊലീസ് അറസ്റ്റ് വാറന്റുമായി രംഗത്തെത്തിയിരുന്നു. നിരവധി വിദ്യാര്‍ഥികള്‍ക്കെതിരെ ഇത്തരത്തില്‍ കേസെടുത്തിരിക്കുകയാണ്.

പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത ആള്‍ ഇന്ത്യ സ്റ്റുഡന്റ്സ് യൂണിയന്‍ അംഗമായ അഭിഗ്യാന്‍ എന്ന വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭഗത് സിംഗ് ഏക്താ മഞ്ചിലെ അംഗങ്ങളായ വിദ്യാര്‍ഥികളെയും പൊലീസ് ഇത്തരത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അഭിഗ്യാന്‍, സുശീല്‍, സല്‍മാന്‍, സംഗീത, രാജ്ബിര്‍ കൗര്‍, നവദീപ് കൗര്‍ എന്നീ വിദ്യാര്‍ഥികള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി ദല്‍ഹി പൊലീസ് അറിയിച്ചു.

വിദ്യാര്‍ഥികളെയും പ്രതിഷേധ സമരങ്ങളെയും അടിച്ചമര്‍ത്തി തങ്ങള്‍ക്കെതിരെയുള്ള ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിദ്യാര്‍ഥി നേതാക്കള്‍ക്ക് നേരേ യു.എ.പി.എ ചുമത്തുന്നതും ഈ അജണ്ടയുടെ ഭാഗമാണ്. ഈ അനീതികള്‍ക്കെതിരെ പോരാടാന്‍ തന്നെയാണ് ഐസയുടെ തീരുമാനമെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു.

ദല്‍ഹി സര്‍വകലാശാലയിലെ അധ്യാപകനും അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഹാനി ബാബുവിനെ കഴിഞ്ഞ മാസമാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മുമ്പ് എന്‍.ഐ.എയുടെ മുംബൈ ഓഫീസില്‍ വെച്ച് അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.

ദല്‍ഹി സര്‍വകലാശാലയിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റിലെ അധ്യാപകനാണ് ഹാനി ബാബു.

ഭീമാ കൊറെഗാവ് സംഭവവുമായി ബന്ധപ്പെട്ട് 2019 സെപ്റ്റംബറില്‍ മഹാരാഷ്ട്ര പൊലിസ് ഹാനി ബാബുവിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ലാപ്ടോപ് ഉള്‍പ്പടെയുള്ള ഉപകരണങ്ങളും അദ്ദേഹത്തിന്റെ അക്കാദമിക്ക് രേഖകളും പിടിച്ചെടുത്തിരുന്നു.

ലാപ്ടോപിലെ ചില വിവരങ്ങളിലൂടെ ഹാനി ബാബുവിന് മാവോയിസ്റ്റ് ബന്ധമുള്ളതായി കണ്ടെത്തി എന്നാണ് എന്‍.ഐ.എ അവകാശപ്പെടുന്നത്.
മഹാരാഷ്ട്ര പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്ന ഭീമ കൊറേഗാവ് കേസിന്റെ അന്വേഷണം പിന്നീട് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു. ഇന്ത്യയിലെ അറിയപ്പെടുന്ന ബുദ്ധിജീവികളും അഭിഭാഷകരും അധ്യാപകരും സാമൂഹ്യപ്രവര്‍ത്തകരുമെല്ലാമായ നിരവധി പേര്‍ കേസില്‍ മാവോയിസ്റ്റ് ബന്ധമാരോപിക്കപ്പെട്ട് ഇതിനകം അറസ്റ്റിലായിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


content highlights: hany babu birthday letters

We use cookies to give you the best possible experience. Learn more