| Wednesday, 13th September 2023, 1:05 pm

വിദ്യാർത്ഥികൾക്ക് മാതൃക എം.പി; ദളിത്‌ സ്ത്രീ തയ്യാറാക്കിയ ആഹാരം കഴിക്കാൻ വിസമ്മതിച്ച് വിദ്യാർത്ഥികൾ, ഒപ്പമിരുന്ന് കഴിച്ച് കനിമൊഴി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൂത്തുക്കുടി: ദളിത്‌ സ്ത്രീ പാചകം ചെയ്ത ആഹാരം കഴിക്കാൻ വിസമ്മതിച്ച ഉസിലാംപെട്ടിയിലെ പഞ്ചായത്ത്‌ യൂണിയൻ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികൾക്കൊപ്പമിരുന്ന് ആഹാരം കഴിച്ച് കനിമൊഴി എം.പി. കനിമൊഴിക്കൊപ്പം മന്ത്രി ഗീത ജീവൻ, കളക്ടർ സെന്തിൽ രാജ എന്നിവരും ഉണ്ടായിരുന്നു.

മുഖ്യമന്ത്രിയുടെ പ്രഭാത ഭക്ഷണ പദ്ധതിക്കായി പാചകക്കാരിയായി നിയോഗിച്ചത് ദളിത്‌ വിഭാഗത്തിലെ മുനിയസെൽവിയെ ആയിരുന്നു. പ്രാദേശിക സ്വയംസഹായ സംഘത്തിന്റെ ഭാഗമായാണ് മുനിയസെൽവി സ്കൂളിൽ എത്തിയത്. 11 കുട്ടികൾക്കാണ് പദ്ധതി പ്രകാരം പ്രാതൽ ലഭിക്കുക. ദളിത്‌ സ്ത്രീ പാചകം ചെയ്ത ആഹാരം കഴിച്ചാൽ ഗ്രാമത്തിൽ നിന്ന് പുറത്താക്കുമെന്ന് മാതാപിതാക്കൾ ഭയപ്പെടുത്തിയതിനെ തുടർന്ന് തേവർ സമുദായത്തിൽപെട്ട ഒമ്പതോളം വിദ്യാർത്ഥികൾ സ്കൂളിൽ നിന്ന് പ്രാതൽ കഴിക്കാൻ വിസമ്മതിച്ചു.

ഇത് സംബന്ധിച്ച് മുനിയ സെൽവി പരാതികൾ ഒന്നും നൽകിയിരുന്നില്ല. എന്നാൽ സ്കൂളിൽ ആഹാരസാധനങ്ങളുടെ അധിക സ്റ്റോക്ക് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുനിയ സെൽവി നേരിട്ട വിവേചനം പുറത്തുവന്നത്.

താൻ ദളിത്‌ വിഭാഗത്തിൽപെട്ട ആളായതുകൊണ്ട് ആഹാരം കഴിക്കരുതെന്ന് കുട്ടികളോട് മാതാപിതാക്കൾ പറഞ്ഞിട്ടുണ്ടെന്നും സംഭവം വേദനിപ്പിക്കുന്നതാണെന്നും യുവതി പരിശോധനക്ക് വന്ന ഉദ്യോഗസ്ഥരോട് പറഞ്ഞു.
ഇതിനെതുടർന്ന്, പൊലീസ് മാതാപിതാക്കളോട് വിശദീകരണം തേടുകയും ജില്ലാ കളക്ടറെ വിവരം അറിയിക്കുകയും ചെയ്തു. പിന്നാലെ, സ്ഥലം എം.പിയായ കനിമൊഴിയും കളക്ടറും മന്ത്രിയും സ്കൂളിലെത്തി വിദ്യാർത്ഥികളോടും മാതാപിതാക്കളോടും മുനിയ സെൽവിയോടും സംസാരിച്ചു. കുട്ടികൾക്കൊപ്പമിരുന്ന് പ്രാതലും കഴിച്ചാണ് സംഘം മടങ്ങിയത്.

സംസ്ഥാനത്ത് കഴിഞ്ഞ മാസം പ്രഭാത ഭക്ഷണ പദ്ധതി ആരംഭിച്ചതിന് ശേഷം രണ്ടാമത്തെ സംഭവമാണ് ഇത്. കാരൂരിലെ സ്കൂളിലും ദളിത്‌ സ്ത്രീ പാചകം ചെയ്യുന്നതിനാൽ 15 കുട്ടികൾ ആഹാരം കഴിക്കാൻ വിസമ്മതിച്ചിരുന്നു. ജില്ലാ കളക്ടർ സ്കൂൾ സന്ദർശിച്ച് വിദ്യാർത്ഥികൾക്കൊപ്പം ആഹാരം കഴിക്കുകയും ചെയ്തിരുന്നു. വിവേചനം തുടർന്നാൽ മാതാപിതാക്കൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചിരുന്നു.

Content Highlight: Students refuse meal by Dalit cook, eat after DMK leaders join them for breakfast

We use cookies to give you the best possible experience. Learn more