ന്യൂദല്‍ഹി: ജാമിയ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലയില്‍ നടന്ന പൊലീസ് അക്രമത്തിനെതിരെ ദല്‍ഹി പൊലീസ് ആസ്ഥാനത്തു വിദ്യാര്‍ഥികള്‍ നടത്തിയ ഉപരോധസമരം വിജയം. ജാമിയയില്‍ നിന്നു ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്ത അമ്പതോളം വിദ്യാര്‍ഥികളെ തിങ്കളാഴ്ച പൊലീസ് വിട്ടയച്ചതോടെയാണ് സമരം വിജയിച്ചത്. ഇതേത്തുടര്‍ന്ന് സമരക്കാര്‍ പൊലീസ് ആസ്ഥാനത്തു നിന്നു പിന്‍വാങ്ങുന്നതായി അറിയിച്ചു.
ജെ.എന്‍.യു, ജാമിയ വിദ്യാര്‍ഥികളാണു സമരത്തിനു നേതൃത്വം നല്‍കിയത്. സി.പി.ഐ.എം നേതാവ് ബൃന്ദാ കാരാട്ട്, സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ, സി.പി.ഐ നേതാവ് ആനി രാജ, ദളിത് നേതാവും ഭീം ആര്‍മി തലവനുമായ ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയവര്‍ പ്രതിഷേധത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പൊലീസ് ആസ്ഥാനത്തിനു മുന്നിലെത്തി സമരക്കാര്‍ക്കൊപ്പം അണിചേര്‍ന്നിരുന്നു.
തങ്ങള്‍ക്കെതിരെ നടന്ന പൊലീസ് അക്രമത്തില്‍ നടത്തിവരുന്ന പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കില്ലെന്നും ഉപരോധസമരം മാത്രമാണു പിന്‍വലിച്ചതെന്നും ജാമിയ വിദ്യാര്‍ഥികള്‍ അറിയിച്ചു.
ജാമിയയിലെ അക്രമത്തിനെതിരെ രാജ്യമെമ്പാടും ഇന്നലെ രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി വിദ്യാര്‍ഥികളും രാഷ്ട്രീയപ്പാര്‍ട്ടികളും വിവിധ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
ജാമിയ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അലിഗഢ് മുസ്‌ലിം സര്‍വകലാശാല, ബനാറസ് ഹിന്ദു സര്‍വകലാശാല, ബോംബെ സര്‍വകലാശാല എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി.
ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദല്‍ഹി സര്‍വകലാശാലയില്‍ വിദ്യാര്‍ഥി സംഘടനയായ ഐസ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പരീക്ഷകള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്നാണ് ജാമിയയില്‍ പൊലീസ് അക്രമം അഴിച്ചുവിട്ടത്. പൊലീസ് പ്രവേശിച്ചത് അനുവാദം കൂടാതെയും നിയമം ലംഘിച്ചാണെന്നും സര്‍വകലാശാലാ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പൊലീസ് അനുവാദമില്ലാതെ സര്‍വകലാശാലാ കാമ്പസില്‍ കയറി നടത്തിയ അക്രമത്തെത്തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ക്കാണു ഗുരുതരമായ പരിക്കേറ്റത്.