| Thursday, 17th November 2022, 7:56 am

'കണ്ണ് തുറക്കൂ അധികാരികളെ.. കൂട്ടിലടക്കാന്‍ നോക്കരുതേ'; ഹോസ്റ്റല്‍ രാത്രി പത്തിന് അടക്കുന്നു, മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ലേഡീസ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധം. ഹോസ്റ്റല്‍ രാത്രി പത്തിന് അടക്കുന്നതിനെതിരെയായിരുന്നു സമരം. ഹോസ്റ്റിലിന് മുമ്പില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധം.

പത്ത് മണിക്ക് ഹോസ്റ്റലിനകത്ത് കയറണമെന്നാണ് നേരത്തെ വിദ്യാര്‍ത്ഥിനികള്‍ക്ക് നല്‍കിയിട്ടുളള നിര്‍ദേശം. ഇതിനെതുടര്‍ന്ന് ബുധനാഴ്ച രാത്രി പത്തുമണിക്ക് ഹോസ്റ്റല്‍ അടക്കുകയും ചെയ്തു. ഇതോടെ പ്രാക്ടിക്കല്‍ ക്ലാസ് കഴിഞ്ഞെത്തിയ വിദ്യാര്‍ത്ഥിനികള്‍ക്ക് പുറത്തു നില്‍ക്കേണ്ടി വന്നു.

ഇതിനെത്തുടര്‍ന്ന് ഹോസ്റ്റലിനകത്ത് ഉണ്ടായിരുന്ന വിദ്യാര്‍ത്ഥിനികളടക്കം സംഘടിച്ചെത്തി പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. തുല്യമായ നീതി എന്ന ആവശ്യം ഉന്നയിച്ചായിരുന്നു സമരം.

‘കണ്ണ് തുറക്കൂ അധികാരികളെ.. കൂട്ടിലടക്കാന്‍ നോക്കരുതേ, ആരിവിടിനിയും പേടിക്കുന്നു… സ്വാതന്ത്ര്യത്തിന് കണ്ണികളേ,’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഒരു മണിക്കൂറിലേറെ നേരമാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്.

പ്രാക്ടിക്കല്‍ ക്ലാസ്സ് ഉള്‍പ്പെടെയുള്ളവ കഴിഞ്ഞ് എത്തുമ്പോള്‍ സമയം ഒരുപാട് വൈകാറുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഇത്തരം നിയന്ത്രണങ്ങളില്ലെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.

ആണ്‍കുട്ടികള്‍ക്ക് ഇല്ലാത്ത എന്ത് വ്യത്യാസമാണ് പെണ്‍കുട്ടികള്‍ക്ക് ഇവിടെയുള്ളതെന്നും, പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് നിയന്ത്രണങ്ങള്‍ ഉള്ളതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

പത്ത് മണിക്ക് ശേഷം ഹോസ്റ്റലില്‍ കയറണമെന്നായിരുന്നു നേരത്തെ തന്നെ വിദ്യാര്‍ത്ഥികള്‍ക്കുണ്ടായിരുന്ന നിര്‍ദേശം. എന്നാലിത് കര്‍ശനമായി പാലിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം മുതല്‍ രാത്രി പത്തിന് തന്നെ ഹോസ്റ്റലില്‍ കയറണമെന്ന് നിര്‍ദേശം വരികയും, പത്ത് മണിക്ക് തന്നെ ഹോസ്റ്റല്‍ അടക്കുകയുമായിരുന്നു. ഇതോടെ പ്രാക്ടിക്കല്‍ ക്ലാസ് കഴിഞ്ഞെത്തിയ വിദ്യാര്‍ത്ഥികള്‍ പുറത്ത് നില്‍ക്കേണ്ട സ്ഥിതി ഉണ്ടാവുകയായിരുന്നു. ഇതോടെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്.

Content Highlight: Students Protest In front Of Kozhikode Medical College Ladies Hostel

We use cookies to give you the best possible experience. Learn more