| Thursday, 19th September 2024, 6:13 pm

ഇസ്രഈലി വിസിറ്റിങ് പ്രൊഫസര്‍ക്കെതിരെ ബ്രസീലില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്രസീലിയ: ഇസ്രഈലി വിസിറ്റിങ് പ്രൊഫസര്‍ക്കെതിരെ ബ്രസീലിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം. ഫ്രൊഫസര്‍ ജോര്‍ജ് ഗോര്‍ഡിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. ഗസയിലെ ഫലസ്തീനികള്‍ക്കെതിരെ അതിക്രമങ്ങള്‍ തുടരുന്ന ഇസ്രഈലി സൈന്യത്തെ പിന്തുണക്കുന്ന ഒരാളുടെ ക്ലാസ് കേള്‍ക്കാന്‍ താത്പര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.

പ്രതിഷേധത്തെ തുടര്‍ന്ന് ജോര്‍ജ് ഗോര്‍ഡിന്‍ പഠിപ്പിക്കാനിരുന്ന വിഷയവും വിദ്യാര്‍ത്ഥികള്‍ ബഹിഷ്‌ക്കരിച്ചു. അന്താരാഷ്ട്ര മാധ്യമമായ മിഡില്‍ ഈസ്റ്റ് മോണിറ്ററാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തില്‍ നിന്ന് പിന്മാറാന്‍ വിസമ്മതിച്ചതോടെ, ബ്രസീലിയ യൂണിവേഴ്‌സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കല്‍ സയന്‍സ് പ്രസ്തുത കോഴ്‌സ് റദ്ദാക്കുകയും ചെയ്തു. വിസിറ്റിങ് പ്രൊഫസര്‍ക്കെതിരായ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം സ്വമേധയാ തീരുമാനിച്ചതായിരുന്നുവെന്ന് അക്കാദമിക് സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ സയന്‍സ് മേധാവി മെയ്നര നവി പറഞ്ഞു.

എന്നാല്‍ കോഴ്‌സ് റദ്ദാക്കിയത് മികച്ച നടപടിയാണെന്നും യൂണിവേഴ്‌സിറ്റി കൗണ്‍സിലും ഇരു അക്കാദമിക് സംഘടനകളും ഇസ്രഈല്‍ വര്‍ണവിവേചന ഭരണകൂടമാണെന്ന് അംഗീകരിച്ചുവെന്നും മെയ്നര നവി കൂട്ടിച്ചേര്‍ത്തു.

‘ജോര്‍ജ് ഗോര്‍ഡിന്‍ വരുന്നത് നിയമവിരുദ്ധമായ അധിനിവേശ പ്രദേശത്ത് നിന്നുള്ള സ്ഥാപനത്തില്‍ നിന്നാണ്. അതുകൊണ്ട് തന്നെ ഗോര്‍ഡിന്‍ ചെയ്യുന്ന എല്ലാ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്കും ഫലസ്തീനികള്‍ വില കൊടുക്കേണ്ടി വരും,’ എന്നും നവി ചൂണ്ടിക്കാട്ടി.

കൂടാതെ ഇസ്രഈലി ഫ്രൊഫസറെ രാജ്യത്തേക്ക് ക്ഷണിച്ചത് ബ്രസീലിന്റെ പൊതുഫണ്ട് ഉപയോഗിച്ചാണെന്ന് പറയാം. ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും നവി ആവശ്യപ്പെട്ടു.

ഇസ്രഈലി അധിനിവേശ ജെറുസലേമിലെ ഹീബ്രു യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറാണ് ജോര്‍ജ് ഗോര്‍ഡിന്‍. ഗസയ്ക്കെതിരായ ആക്രമണത്തില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ശക്തമായി പിന്തുണക്കുന്ന വ്യക്തി കൂടിയാണ് ഗോര്‍ഡിന്‍. ഇക്കാരണത്താലാണ് വിദ്യാര്‍ത്ഥികള്‍ ഗോര്‍ഡിനെതിരെ യൂണിവേഴ്‌സിറ്റില്‍ പ്രതിഷേധം നടത്തിയത്.

അതേസമയം ഫലസ്തീനികള്‍ക്ക് പിന്തുണ നല്‍കുന്ന ലാറ്റിനമേരിക്കന്‍ രാജ്യമാണ് ബ്രസീല്‍. ഗസയിലെ ഇസ്രഈല്‍ ഭരണകൂടത്തിന്റെ വംശഹത്യ തടയാന്‍ ആഗോള രാജ്യങ്ങളോട് ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ ആഹ്വാനം ചെയ്തിരുന്നു.

ജനാധിപത്യ ലോകത്തെ രാഷ്ട്രീയ നേതാക്കളായ തങ്ങള്‍ക്ക് ഈ അനന്തമായ കൂട്ടക്കൊലയ്ക്ക് മുന്നില്‍ നിശബ്ദരായിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇസ്രഈല്‍ നടത്തുന്ന വംശഹത്യയില്‍ പ്രതിഷേധിച്ച് ബ്രസീല്‍ മെയ് മാസത്തില്‍ ഇസ്രഈലിലെ തങ്ങളുടെ അംബാസിഡറെ പിന്‍വലിച്ചിരുന്നു.

ബ്രസീല്‍ വിദേശകാര്യ മന്ത്രാലയം നേരത്തെ തന്നെ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുകയും 2010ല്‍ ബ്രസീലിയന്‍ തലസ്ഥാനത്ത് എംബസി നിര്‍മിക്കാന്‍ അനുവദിക്കുകയും ചെയ്തിരുന്നു. ജൂലൈ ആദ്യം, ഫലസ്തീന്‍ രാഷ്ട്രത്തിനുള്ള പിന്തുണ പ്രകടമാക്കി ബ്രസീല്‍ ഫലസ്തീന്‍ അതോറിറ്റിയുമായി ഒരു സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പിടുകയും ചെയ്തിരുന്നു.

Content Highlight: Students protest in Brazil against Israeli visiting professor

Latest Stories

We use cookies to give you the best possible experience. Learn more