കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടന്ന ദിവസം ക്യാമ്പസില്‍ ഇന്ത്യയുടെ ഭൂപടം കാവിയില്‍ വരച്ചതിനെതിരെ പ്രതിഷേധിച്ചതിന് ദളിത് വിദ്യാര്‍ത്ഥിയെ സസ്പെന്റ് ചെയ്തതില്‍ എന്‍.ഐ.ടിയില്‍ വ്യാപക വിദ്യാര്‍ത്ഥി പ്രതിഷേധം.
വിദ്യാര്‍ത്ഥിയുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ ക്യാമ്പസില്‍ ശക്തമായ സമരം നടത്തുമെന്ന് വിദ്യാര്‍ത്ഥി സംഘടനകളായ കെ.എസ്.യു, ഫ്രറ്റേണിറ്റി അടക്കമുള്ളവ അറിയിച്ചു.
സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എന്‍.ഐ.ടിയിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ ചേര്‍ന്ന സംയുക്ത യോഗത്തിലാണ് തീരുമാനം.
ക്യാമ്പസിന് പുറത്ത് ഇന്ത്യയുടെ ഭൂപടം പ്രദര്‍ശിപ്പിച്ചുകൊണ്ട് കെ.എസ്.യു എന്‍.ഐ.ടി അധികൃതര്‍ക്കെതിരെ പ്രതിഷേധം നടത്തുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ മതേതര രാഷ്ട്രമാണെന്നും ഇവിടെ ജനാധിപത്യപരമായി വിയോജിപ്പ് പ്രകടപ്പിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം വിദ്യാര്‍ത്ഥിയുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന് എന്‍.ഐ.ടി അധികൃതര്‍ അറിയിച്ചു.
ഇന്ത്യയുടെ ഭൂപടം കാവിയില്‍ വരച്ചത് കൂടാതെ ക്യാമ്പസില്‍ എസ്.എന്‍.എസ് എന്ന ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘപരിവാര്‍ അനുകൂല പ്രചരണം സംഘടിപ്പിക്കുകയും ജയ്ശ്രീറാം മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തിരുന്നു.
ഇതിനെതിരെ ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലി കമ്മ്യൂണിക്കേഷന്‍സ് നാലാം വര്‍ഷ വിദ്യാര്‍ത്ഥി, ‘ഇന്ത്യ രാമരാജ്യം അല്ല മതേതര രാജ്യമാണ്’ എന്ന പ്ലക്കാര്‍ഡുകളുമായി പ്രതിഷേധം നടത്തി.
തുടര്‍ന്ന് ക്യാമ്പസിലെ സംഘപരിവാര്‍ നിലപാടിനെതിരെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ രംഗത്തുവരികയും ക്യാമ്പസില്‍ സംഘര്‍ഷാവസ്ഥയുണ്ടാവുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിനിധി കൈലാഷ്, നാലാം വര്‍ഷം വിദ്യാര്‍ത്ഥി വൈശാഖ് എന്നിവര്‍ക്ക് മര്‍ദനം ഏല്‍ക്കുകയും ചെയ്തിരുന്നു.
Content Highlight: Students protest at NIT over suspension of Dalit student