| Monday, 5th June 2023, 12:29 pm

'നിങ്ങള്‍ മീഡിയ ഇതുവരെ എവിടെയായിരുന്നു, സപ്ലിയുടെ പേരിൽ മരിക്കുന്ന ആളല്ല ശ്രദ്ധ'; അമല്‍ജ്യോതി കോളേജില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. സഹപാഠിയായിരുന്ന ശ്രദ്ധയുടെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ നടപെടി വേണമെന്ന് ആവശ്യപ്പെട്ടാണ് കോളേജിലെ ഗേറ്റിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ പഠിപ്പ് മുടക്കി പ്രതിഷേധിക്കുന്നത്.

സംഘടനകളുടെ പിന്തുണയില്ലാതെ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് സമരം നടത്തുന്നത്. സ്ഥാപനത്തിലെ എച്ച്.ഒ.ഡി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് വിദ്യാര്‍ത്ഥികള്‍ ആരോപണമുന്നയിക്കുന്നത്.

ശ്രദ്ധ തൂങ്ങിമരിക്കാന്‍ ശ്രമിച്ച വിവരം സ്‌കൂള്‍ അധികാരികള്‍ ആശുപത്രിയില്‍ മറച്ചുവെച്ചെന്നും അതുകൊണ്ട് ശരിയായ ചികിത്സ ലഭിച്ചില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. കൃത്യമായ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ അവള്‍ തങ്ങളുടെ കൂടെ ഒരുപക്ഷേ ഉണ്ടാകുമായിരുന്നെന്നും വിദ്യാര്‍ത്ഥകള്‍ പറയുന്നു.

‘എച്ച്.ഒ.ഡിയുടെ അടുത്ത് പോയത് മുതലാണ് അവള്‍ക്ക് പ്രശ്‌നമുണ്ടാകുന്നത്. അതുവരെ അവള്‍ ഹാപ്പിയായിരുന്നു. അതിന് ശേഷമാണ് ജീവിതം മടുത്തെന്ന് പറഞ്ഞത്. സപ്ലി കാരണമാണ് മരണം എന്നാണ് മാനേജ്‌മെന്റ് പറയുന്നത്.

എന്നാല്‍ ഇതിന് മുമ്പും അവള്‍ക്ക് സപ്ലി ഉണ്ടായിട്ടുണ്ട്. അന്നൊന്നും അവളിങ്ങനെ ചെയ്തിട്ടില്ലല്ലോ. അവര്‍(അധികാരികള്‍) പറയുന്നത് കള്ളമാണ്. സപ്ലി കിട്ടിയാല്‍ അവളിങ്ങനെയൊന്നും ചെയ്യില്ല എന്നത് അവളുടെ അച്ഛന്‍ വരെ പറഞ്ഞതല്ലേ.

ഹാങ് ചെയ്ത ശേഷമാണ് അവളെ ആശുപത്രിയില്‍ കൊണ്ടുപോകുന്നത്. എന്നാല്‍ വാര്‍ഡന്‍ ആശുപത്രിയില്‍ ചെന്ന് പറഞ്ഞത് കുഴഞ്ഞുവീണു എന്നതാണ്. അതുകൊണ്ട് തന്നെ കൃത്യമായ ചികിത്സ നല്‍കാതെ, ഗ്ലൂക്കോസാണ് അവള്‍ക്ക് നല്‍കിയത്. കഴുത്തിലെ പാട് കണ്ടാണ് ഹാങ് ചെയ്തതാണെന്നത് ഡോക്ടര്‍മാര്‍ മനസിലാക്കുന്നത്,’ സമരത്തിലുള്ള വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

രണ്ട് ദിവസമായിട്ട് മാധ്യമങ്ങള്‍ കാര്യമായി ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തില്ലെന്നും വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തി. എച്ച്.ഒ.ഡി, ഫോണ്‍ പിടിച്ചുവെച്ച അധ്യാപിക, വിഷയത്തില്‍ വിദ്യാര്‍ത്ഥികളെ കുറ്റപ്പെടുത്തിയ അധ്യാപികമാര്‍ തുടങ്ങിയവര്‍ക്കെതിരെ തങ്ങള്‍ക്ക് പരാതിയുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

‘കോളേജിന് വേണ്ടി ഉണ്ടാക്കിവെച്ച കുറച്ച് ഐഡിയല്‍ സ്റ്റുഡന്‍സ് ഉണ്ട്. അവര്‍ അല്ലാതെ എല്ലാവരോടും മോശമായ സമീപനമാണ് അധികാരികള്‍ക്ക്. പ്രതിഷേധിച്ചതിന്റെ പേരില്‍ ഞങ്ങളെ പുറത്താക്കിയേക്കാം. ചിലപ്പോള്‍ പ്രതികാര നടപടിയുടെ ഭാഗമായി ഞങ്ങളെ തോല്‍പ്പിച്ചേക്കാം. ജൂണ്‍ രണ്ടിനാണ് ആ കുട്ടി മരിക്കുന്നത്. ഇതുവരെ നിങ്ങള്‍ മീഡിയ എവിടെയായിരിന്നു. ഞങ്ങള്‍ നിങ്ങളെ അറിയിച്ചതല്ലേ,’ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ജൂണ്‍ രണ്ടിനാണ് കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജ് ഹോസ്റ്റലില്‍ രണ്ടാംവര്‍ഷ ഫുഡ് ടെക്‌നോളജി ബിരുദത്തിന് പഠിക്കുന്ന തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധ തൂങ്ങമരിക്കാന്‍ ശ്രമിക്കുന്നത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയിരുന്നില്ല.

Content Highlight: Students protest at Kanjirapally Amaljyoti College

We use cookies to give you the best possible experience. Learn more