| Tuesday, 12th March 2024, 4:52 pm

ദല്‍ഹി സര്‍വകലാശാലയില്‍ സംഘര്‍ഷം; സി.എ.എക്കെതിരെ പ്രതിഷേധമുയര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി സര്‍വകലാശാലയില്‍ സി.എ.എക്കെതിരെ പ്രതിഷേധമുയര്‍ത്തി വിദ്യാര്‍ത്ഥികള്‍. പ്രതിഷേധത്തെ തുടര്‍ന്ന് ക്യാമ്പസില്‍ സംഘര്‍ഷമുണ്ടായി.

എസ്.ഐ.ഒ, എം.എസ്.എഫ്, എ.ഐ.എസ്.ഒ എന്നീ വിദ്യാര്‍ത്ഥി സംഘടനകളാണ് കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഏതാനും വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മുപ്പതിലധികം വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തുവെന്ന് ക്യാമ്പസിലെ മറ്റു വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. വരും ദിവസങ്ങളില്‍ സി.എ.എ നിയമത്തിനെതിരെയുള്ള സമരം ക്യാമ്പസില്‍ ശക്തമാക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

രാജ്യവ്യാപകമായി സി.എ.എക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പൗരത്വ ഭേഗദതി നിയമം രാജ്യത്ത് ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ അസമില്‍ സംസ്ഥാന വ്യാപകമായി യുണൈറ്റഡ് ഒപ്പോസിഷന്‍ ഫോറം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. അസമിലെ 16 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്നുള്ള സംഘടനയാണിത്.

ഹര്‍ത്താലിനോടൊപ്പം മറ്റ് പ്രതിഷേധ പരിപാടികളും നടത്തുമെന്ന് സംഘടന അറിയിച്ചു. ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിന് പിന്നാലെ ഗുവാഹത്തി പൊലീസ് സംഘടനക്ക് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

സി.എ.എ നിയമം പ്രഖ്യാപിച്ചതിന് പിന്നാലെ അസമില്‍ തദ്ദേശീയ സംഘടനകളുടെ നേതൃത്വത്തില്‍ ഉത്തരവിന്റെ പകര്‍പ്പ് കത്തിച്ചിരുന്നു. ഇതിന് പുറമേ ഗുവാഹത്തി, കാംരൂപ്, ബാര്‍പേട്ട, ലഖിംപൂര്‍, നാല്‍ബാരി, ദിബ്രുഗഡ്, ഗോലാഘട്ട്, തേസ്പൂര്‍ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ റാലികളും നടന്നു.

2019 ഡിസംബറില്‍ അസമില്‍ നിയമ നിര്‍മാണത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് നടന്നത്. പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് നടപടിയില്‍ അന്ന് അഞ്ച് പേര്‍ മരിച്ചിരുന്നു.

Content Highlight: Students protest against CAA in Delhi University

We use cookies to give you the best possible experience. Learn more