കൊല്‍ക്കത്ത: കേന്ദ്രസഹമന്ത്രിയും സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനുമായ സുരേഷ് ഗോപിക്ക് ഡോ. ബി.ആര്‍. അംബേദ്ക്കറുടെ ‘ജാതി ഉന്മൂലനം’ പുസ്തകം നല്‍കി സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥി യൂണിയന്‍.
കൊല്‍ക്കത്ത: കേന്ദ്രസഹമന്ത്രിയും സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനുമായ സുരേഷ് ഗോപിക്ക് ഡോ. ബി.ആര്‍. അംബേദ്ക്കറുടെ ‘ജാതി ഉന്മൂലനം’ പുസ്തകം നല്‍കി സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥി യൂണിയന്‍.
ക്യാമ്പസില്‍ ബി.ആര്‍. അംബേദ്ക്കർ പ്രതിമ സ്ഥാപിച്ചതിനെ തുടര്‍ന്ന് നടന്ന പരിപാടിയിലായിരുന്നു യൂണിയന്‍ കേന്ദ്രസഹമന്ത്രിക്ക് പുസ്തകം നല്‍കിയത്. യൂണിയന്‍ ചെയര്‍മാന്‍ ശുഭരാമന്‍, ജനറല്‍ സെക്രട്ടറി അശ്വിന്‍, യൂണിയന്‍ മെമ്പര്‍ ദിഷ എന്നിവരാണ് പുസ്തകം സുരേഷ് ഗോപിക്ക് കൈമാറിയത്.
വിദ്യാര്‍ത്ഥി യൂണിയന്റെ പ്രസിദ്ധീകരണശാലയായ പൊളേറ്ററിയന്‍ പ്രസ് പുന:പ്രസിദ്ധീകരിച്ച പുസ്തകമാണ് ഇത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായാണ് സുരേഷ് ഗോപി കൊല്‍ക്കത്ത ക്യാമ്പസിലെത്തുന്നത്.
‘പുസ്തകങ്ങളിലൂടെ ശക്തമായ രാഷ്ട്രീയ പറഞ്ഞ വ്യക്തിയാണ് അംബേദ്ക്കർ. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ എല്ലാവരും വായിച്ചിരിക്കേണ്ടതുമാണ്. ചെയര്‍മാനായ സുരേഷ് ഗോപിക്ക് മാത്രമല്ല, ക്യാമ്പസിലെ മുഴുവന്‍ കുട്ടികള്‍ക്കും യൂണിയന്‍ അംബേദ്ക്കറുടെ പുസ്തകം നല്‍കിയിട്ടുണ്ട്.
ബി.ആര്‍. അംബേദ്ക്കർ എഴുതിയ പുസ്തകം തന്നെ സുരേഷ് ഗോപിക്ക് നല്‍കിയതിന് പിന്നില്‍ യൂണിയന്റെ കൃത്യമായ രാഷ്ട്രീയമുണ്ട്. അദ്ദേഹം അത് വായിച്ചിരിക്കണം എന്നാണ് ഞങ്ങളും താത്പര്യപ്പെടുന്നത്. സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങളും അറിഞ്ഞുകൊണ്ട് തന്നെയാണ് ഞങ്ങള്‍ അദ്ദേഹത്തിന് അംബേദ്ക്കറുടെ പുസ്തകം നല്‍കിയത്,’ ശുഭരാമന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ സ്വതന്ത്രമായി മത്സരിച്ച് തെരഞ്ഞെടുക്കപ്പെട്ട യൂണിയനാണ് നിലവില്‍ കൊല്‍ക്കത്തയിലെ സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലുള്ളത്.
സുരേഷ് ഗോപിയെ ചെയര്‍മാനായി നിയോഗിക്കുന്നതിനെതിരെ രൂക്ഷമായ വിദ്യാര്‍ത്ഥി പ്രക്ഷോഭം ക്യാമ്പസിൽ ഉടലെടുത്തിരുന്നു. സുരേഷ് ഗോപിയെ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി നിയോഗിക്കുന്നതിനെതിരെ യൂണിയനും പ്രസ്താവന പുറത്തിറക്കിയിരുന്നു.
ചരിത്ര സമ്പന്നമായ സ്ഥാപനത്തിലേക്ക് ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ പിന്തുടരുന്ന നടനായ സുരേഷ് ഗോപിയെ നിയമിക്കുന്നത് ആശങ്കാജനകമാണെന്നായിരുന്നു യൂണിയന്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
നിലവില്‍ അടുത്ത ജന്മത്തില്‍ ബ്രാഹ്‌മണനായി പുനര്‍ജനിക്കണമെന്ന സുരേഷ് ഗോപിയുടെ മുന്‍ പ്രസ്താവനയും സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അടുത്ത ജന്മത്തിലെങ്കിലും ബ്രാഹ്‌മണനായി പുനര്‍ജനിക്കണമെന്നും വിശ്വാസികളല്ലാത്തവരെ ഉന്മൂലനം ചെയ്യണമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.
Content Highlight: Students present BR Abedkar’s ‘ Annihilation of Caste’ to Suresh Gopi