| Monday, 15th September 2014, 5:46 pm

'കുട്ടിപ്പോലീസ്' സംവിധാനം കുട്ടികളുടെ ഭാവി നശിപ്പിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]റായ്പൂര്‍: അഞ്ച് വയസ്സുമുതലുള്ള കുട്ടികള്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ “കുട്ടി പോലീസ്” പദ്ധതി പ്രകാരം ജോലി ചെയ്യുന്നത് ഇന്ത്യന്‍ ഭരണഘടനയിലെ ബാല വേല നിരോധന നിയമത്തിനെതിരെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍.

ഛത്തീസ്ഗഢില്‍ മാത്രമായി ഏകദേശം 300 ഓളം കുട്ടികളാണ് കുട്ടി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്നത്. ഇത് തെറ്റായ നടപടിയാണെന്നും കുട്ടികളുടെ ബാല്യം നശിപ്പിക്കുകയാണെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചു.

സ്‌കൂളില്‍ പോകാന്‍ പറയുന്നതിന് പകരം ഓഫീസില്‍ പോകാന്‍ പറയുന്നത് മനുഷ്യത്വരഹിതമാണ്‌. ഇത്രയും ചെറിയ കുട്ടികളോട് ഓഫീസില്‍ വരാന്‍ പറയരുത്‌. പോലീസ് വേറെ മാര്‍ഗം കണ്ടെത്തണമെന്നും ദക്ഷിണേഷ്യന്‍ മനുഷ്യാവകാഷ നിരീക്ഷക മീനാക്ഷി ഗാംഗുലി അല്‍ജസീറയോട് പറഞ്ഞു.

ഛത്തീസ്ഗഢിലെ ചില കുട്ടി പോലീസുകാരുടെ അനുഭവത്തില്‍ നിന്ന്‌

ഛത്തീസ്ഗഢിലെ  ബിലാസ്പൂര്‍ ജില്ലയിലാണ് അനിമേഷ് താമസിക്കുന്നത്. ഇപ്പോള്‍ അവന് ഒന്‍പത് വയസ്സുണ്ട്. കഴിഞ്ഞ നാലു വര്‍ഷമായി അവന്‍ പോലീസില്‍ ജോലി ചെയ്യുന്നു.

പോലീസ് വകുപ്പില്‍ ജോലി ചെയ്യുന്ന ഛത്തീസ്ഗഢിലെ 300 ഓളം വരുന്ന കുട്ടികളില്‍ ഒരാള്‍ മാത്രമാണ് അനിമേഷ്. അവന്റെ അച്ഛന്‍ മരിച്ച ഒഴിവിലാണ്  അവന്‍ ജോലിക്ക് ചേര്‍ന്നത്.

മറ്റുള്ള കുട്ടികളുടെ ജീവിത രീതിയില്‍ നിന്ന് എറെ വ്യത്യസ്തമാണ് അനിമേഷിന്റെ ജീവിതം. മറ്റുള്ള കുട്ടികള്‍ സ്‌കൂളിലേക്ക് പോകുമ്പോള്‍ അവന്റെ അമ്മ അവനെ ജോലിക്ക് പോകാന്‍ നിര്‍ബന്ധിക്കുകയും സമ്മതിച്ചില്ലെങ്കില്‍ മിഠായി വാഗ്ദാനം ചെയ്യുകയും ചെയ്യും.

ചായ വാങ്ങി കൊടുക്കുകയും ഫയല്‍ എടുത്തുകൊടുക്കുകയും പോലുള്ള ചെറിയ ചെറിയ ജോലികളാണ് ഇവരെക്കൊണ്ട് ചെയ്യിക്കുന്നന്നെങ്കിലും വീടിനെയും വീട്ടുകാരെയും സംരക്ഷിക്കേണ്ട വലിയ ഉത്തരവാദിത്വം കൂടി ഇവര്‍ക്കുണ്ട്.

മാസം 4200 രൂപ സമ്പാദിക്കുന്നതിന് വേണ്ടി ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ അവന് ജോലിക്ക് പോകേണ്ടതുണ്ട്, പക്ഷേ ബാക്കിയുള്ള ദിവസങ്ങളില്‍ സ്‌കൂളില്‍ പോകുന്ന കാര്യം അവന് തീരുമാനിക്കാം.

“അവനെ ഓഫീസിലേക്ക് അയക്കുന്നത് ചെറിയ കാര്യമല്ല, അവന്റെ പ്രായത്തിലുള്ള കുട്ടികള്‍ കളിക്കുന്നത് കാണുമ്പോള്‍ അവനും അവരുടെ കൂടെ കളിക്കേണ്ടിവരും. പക്ഷേ അവന് ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണം.” അനിമേഷിന്റെ അമ്മയായ സരോജിനി പറഞ്ഞു.

അനിമേഷിന്റെ അച്ഛന്‍ മരിക്കുമ്പോള്‍ സരോജിനിക്ക് 32 വയസ്സുണ്ടായിരുന്നു. പോലീസ് കോണ്‍സ്റ്റബിളായിരുന്ന അച്ഛന്‍ ജോലി കഴിഞ്ഞ്‌ മടങ്ങുന്ന വഴി തീവണ്ടി അപകടത്തിലാണ് മരിച്ചത്. അവനെ ജോലിക്ക് വിടുന്നതില്‍ സരോജിനിക്ക് നല്ല വിഷമമുണ്ട്.

“അഞ്ച് വയസ്സെന്നു പറയുന്നത് ജോലി ചെയ്യുന്ന കുട്ടികളില്‍ വച്ച് എറ്റവും ചെറിയ പ്രായമാണ്. ഓഫീസ് എന്താണെന്നോ അവിടെ എന്താണ് ചെയ്യേണ്ടത് എന്നോ അവന് അറിയില്ലായിരുന്നു അതുകൊണ്ട് തന്നെ അവന്‍ ഒരുപാട് കരഞ്ഞിട്ടുണ്ട്. മാത്രമല്ല ദാരിദ്ര്യത്തിന്റെ കഷ്ടപ്പാടുകള്‍ ചെറുപ്രായത്തില്‍ തന്നെ അവന്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട്.” അവന്റെ അമ്മ പറഞ്ഞു.

മറ്റുള്ള കുട്ടികള്‍ പഠിക്കാനും കളിക്കാനും പോകുന്ന സമയത്താണ് അവന്‍ ഓഫീസില്‍ പോകാന്‍ തുടങ്ങിയതെന്നും അത് വല്ലാതൊരു അവസ്ഥയായിരുന്നെന്നും എങ്ങനെയൊക്കെയോ അത് കൈകാര്യം ചെയ്‌തെന്നും അവര്‍ പറഞ്ഞു.

ഇന്ത്യയിലെ കുട്ടികള്‍ പോലീസും കള്ളനും കളിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന പ്രായത്തില്‍ അനിമേഷ് അതിനെ വെറുത്തിരുന്നു. അവനെ അവന്റെ സഹപ്രവര്‍ത്തകരും കൂട്ടുകാരും പോലീസായി കാണുന്നതും കുട്ടിപ്പോലീസെന്ന് വിളിക്കുന്നതും അവന് ഇഷ്ടമല്ലായിരുന്നു.

“എനിക്ക് ഓഫീസില്‍ പോകണ്ട, അവരെന്നെ കളിയാക്കുകയാണ് ചെയ്യുന്നത്. അവരെന്നെ കുട്ടിപ്പോലീസെന്ന് വിളിക്കും. എനിക്ക് സ്‌കൂളില്‍ പോണം പഠിക്കണം.” അവന്‍ അല്‍ ജസീറയോട് പറഞ്ഞു.

ഛത്തീസ്ഡഢില്‍ എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും പോലീസില്‍ ചേരാം. ഒരു പ്രായപരിധിയും അവിടെ ഇല്ല. 18 വയസ്സില്‍ സ്ഥിര നിയമനമാകും.

അനിമേഷിന്റെ അച്ഛന്‍ മരിക്കുമ്പോള്‍ അവന്‍ തീരെ ചെറിയ കുട്ടിയായിരുന്നു, എന്താണ് സംഭവിക്കുന്നത് എന്നറിയാത്ത പ്രായം. അവന്റെ അമ്മാവനായിരുന്ന ചന്ദ്രകാന്ദും പോലീസിലായിരുന്നു ജോലി ചെയ്തിരുന്നത്. ഇത് എളുപ്പമുള്ള ജോലിയല്ലെന്ന് അവര്‍ അവനോട് പറഞ്ഞിരുന്നു.

“അവന്‍ ഇപ്പോഴും വിചാരിക്കുന്നത് അവന്റെ അച്ഛന്‍ ദൂരെ എവിടെയോ ജോലി ചെയ്യുന്നുണ്ടെന്നാണ്. ഇത് അവന് എത്ര പ്രയാസകരമാണെന്നറിയാമോ?, അവന്റെ കൂട്ടുകാര്‍ പഠിക്കാനും കളിക്കാനും പോകുമ്പോള്‍ വലിയ സങ്കടത്തോടെയാണ് അവന്‍ ജോലിക്ക് പോകുന്നത്.” ചന്ദ്രകാന്ദ് പറഞ്ഞു.

സൗരബ് നഗ്വന്‍ഷിയും ബിലാസ്പൂര്‍ ജില്ലയിലുള്ള കുട്ടിയാണ്. അവനും അച്ഛന്‍ മരിച്ചതിനെ തുടര്‍ന്നാണ് അഞ്ചാം വയസ്സില്‍ ജോലിക്ക് കയറിയത്. അവന്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ കയറിയിട്ട് ഒന്‍പത് വര്‍ഷമായി.

ദിവസവും 100 കിലോമീറ്റര്‍ സഞ്ചരിച്ചാണ് അവന്‍ ജോലിക്ക് പോകുന്നത്. വൈകുന്നേരം തിരിച്ചുവരികയും ചെയ്യും.

“ഇത് ഞാന്‍ എന്റെ കുടുംബത്തിന് വേണ്ടിയാണ് ചെയ്യുന്നത്. അവര്‍ എന്നെയാണ് ആശ്രയിക്കുന്നത്. എനിക്കിപ്പോള്‍ എന്റെ രണ്ട്  സഹോദരിമാരുടെ കല്ല്യാണ കാര്യം കൂടി ചിന്തിക്കേണ്ടതുണ്ട്.” സൗരബ് പറഞ്ഞു. ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ സൗരബ് സ്‌ക്കൂളിലും പോകുന്നുണ്ട്.

അച്ഛന്‍ നഷ്ടപ്പെട്ട പെണ്‍കുട്ടികളെയും പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ എടുക്കുന്നുണ്ട്. 18 വയസ്സുള്ള കാഞ്ച നെമാടി മറ്റ് പതിമൂന്ന് കുട്ടികള്‍ക്കൊപ്പമാണ് റായ്പൂരില്‍ ജോലി ചെയ്യുന്നത്. മാസം 4200 രൂപ സമ്പാദിക്കുന്നുമുണ്ട്.

“എനിക്ക് വേറെ വഴിയില്ലാത്തത് കൊണ്ടാണ് ഞാന്‍ ഇവിടെ ജോലി ചെയ്യുന്നത്. മറ്റ് കുട്ടികളെ പോലെ ജീവിക്കാന്‍ എനിക്കു ആഗ്രഹമുണ്ട്, പക്ഷേ എന്റെ വിധി എന്നെ ഇവിടെ പിടിച്ചു നിര്‍ത്തുകയാണ്. എനിക്കും എന്റെ കുടുംബത്തിനും നല്ലത് വരും എന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ഞാന്‍.” അവള്‍ പറഞ്ഞു.

സര്‍ക്കാറിന്റെ ഈ നടപടിയിലൂടെ അവര്‍ തന്നെയാണ് നിയമങ്ങള്‍ ലംഘിക്കുന്നത്. കുട്ടികള്‍ ജോലി ചെയ്യുന്നത് തടയുന്ന ഇന്ത്യന്‍ ഭരണഘടന പ്രകാരമുള്ള നിയമങ്ങളാണ് ഇതിലൂടെ ലംഘിക്കപ്പെടുന്നത്.

ഒന്നിടവിട്ടുള്ള ദിവസങ്ങളിലെ വിദ്യാഭ്യാസം കാരണം കുട്ടികളുടെ വിദ്യാഭ്യാസമാണ് തകരുന്നതെന്നും ഗാംഗുലി പറഞ്ഞു. എന്നാല്‍ ഛത്തിസ്ഗഢ് സര്‍ക്കാര്‍ ഈ തീരുമാനത്തെ അനുകൂലിക്കുകയാണ് ചെയ്യുന്നത്. ജോലിക്കിടെ മരണപ്പെട്ട പോലീസുകാരുടെ കുടുംബത്തിന് ഇതൊരു ആശ്വാസമാണെന്നുമാണ് അവരുടെ വാദം.

We use cookies to give you the best possible experience. Learn more