| Saturday, 26th February 2022, 11:05 am

തളരില്ല, സമാധാനം പുലരും; പുറത്ത് ബോബാക്രമണം നടക്കവേ റെയില്‍വേ സ്റ്റേഷനുള്ളില്‍ ഗിറ്റാര്‍ വായിച്ച് വിദ്യാര്‍ത്ഥികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാരിയോപോള്‍: ഉക്രൈനെതിരെ റഷ്യ ആക്രമണം ശക്തമാക്കവേ മനോധൈര്യം കൈവിടാതെ വിദ്യാര്‍ത്ഥികള്‍. പുറത്ത് വലിയ ബോംബാക്രമണം നടക്കുമ്പോള്‍ മാരിയോപോള്‍ റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ ഗിറ്റാര്‍ വായിച്ചുകൊണ്ട് പാട്ടുപാടുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

മാരിയോപോള്‍ നിന്നും രാജ്യതലസ്ഥാനമായ കീവിലേക്ക് പോകാനായാണ് വിദ്യാര്‍ത്ഥികള്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. 14 മണിക്കൂര്‍ ദൂരമുള്ള യാത്രയാണ് കീവിലേക്ക്. എന്നാല്‍ പ്രദേശങ്ങളില്‍ റഷ്യന്‍ സൈന്യം ആക്രമണം കടുപ്പിച്ചതോടെ ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തലാക്കി. പുറത്ത് മിസൈല്‍ ആക്രമണവും ബോംബാക്രമണവും നടക്കുമ്പോള്‍ മനോധൈര്യം കൈവിടാതെ സംഗീതത്തില്‍ അഭയം തേടുകയായിരുന്നു ഇവര്‍.

ഉക്രേനിയന്‍ തലസ്ഥാനമായ കീവിലേക്കുള്ള യാത്ര സാധ്യമാകുമോ എന്ന് പോലും അറിയാതെ തങ്ങളുടെ പിരിമുറക്കവും സമ്മര്‍ദ്ദവും സംഗീതത്തിലൂടെ അലിയിച്ചുകളയുകയായിരുന്നു വിദ്യാര്‍ത്ഥികളായ ദര്യയും പാഷയും. ഇതോടെ ഇവര്‍ക്കൊപ്പം സ്റ്റേഷനിലുള്ള മറ്റുള്ളവരും ചേര്‍ന്നു.

അതേസമയം റഷ്യക്കെതിരായി യു.എന്‍ സുരക്ഷാ കൗണ്‍സില്‍ കൊണ്ടുവന്ന പ്രമേയത്തെ അമേരിക്കയടക്കം 11 രാജ്യങ്ങള്‍ പിന്തുണച്ചു. വോട്ടെടുപ്പില്‍ നിന്നും ഇന്ത്യയും ചൈനയും യു.എ.ഇയും വിട്ടുനിന്നു. ചേരിചേരാനയം സ്വീകരിച്ച ഇന്ത്യ ചര്‍ച്ചയിലൂടെ ഉക്രൈന്‍ റഷ്യ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് യു.എന്നില്‍ ആവശ്യപ്പെട്ടു.

റഷ്യയുടെ ഉക്രൈന്‍ അധിനിവേശം തടയുന്നതിനും, സമാധാനം പുലരുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്നോട്ടില്ലെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനും സമാധാനം പുലരുന്നതിനും വേണ്ടിയാണ് യു.എന്‍ നിലകൊള്ളുന്നത്. ഇന്ന് ആ ലക്ഷ്യം കൈവരിക്കാനായില്ല. എന്നാല്‍ പ്രതീക്ഷ കൈവിടില്ലെന്നും സമാധാനം പുലരുന്നതിനായി പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ ട്വീറ്റ് ചെയ്തു.

അതേസമയം ഉക്രൈനില്‍ നിന്ന് രക്ഷപ്പെടാനുള്ള സഹായവാഗ്ദാനം പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി നിരസിച്ചു. രാജ്യം വിടാന്‍ അമേരിക്ക സഹായ വാഗ്ദാനം നല്‍കിയെങ്കിലും സെലന്‍സ്‌കി ഇത് നിരസിച്ചെന്നാണ് വിവരം. അവസാനഘട്ടം വരെ ഉക്രൈനില്‍ തുടരുമെന്നും രാജ്യം വിടില്ലെന്നും സെലന്‍സ്‌കി അറിയിച്ചു.

Content Highlight: Students play guitar on stranded train amid bombing in Ukraine’s Mariupol

We use cookies to give you the best possible experience. Learn more