| Saturday, 23rd February 2019, 10:33 pm

അധ്യാപകരുടെ ലൈംഗികാതിക്രമണങ്ങള്‍ ഉള്‍പ്പടെയുള്ള ക്രൂരതകള്‍ കുട്ടികള്‍ തുറന്നു പറയുന്നു; സര്‍ക്കാര്‍ ഉടനെ ഇടപെട്ടില്ലെങ്കില്‍ നിലമ്പൂര്‍ ആശ്രമം സ്‌കൂളില്‍ ഇനിയും ആദിവാസി കുട്ടികള്‍ കൊല്ലപ്പെട്ടേക്കാം

ജംഷീന മുല്ലപ്പാട്ട്


നിലമ്പൂര്‍ ഇന്ദിരാഗാന്ധി സ്മാരക മാതൃക ആശ്രമ സ്‌കൂളിലെ പ്രധാനാധ്യാപിക സൗദാമിനി, അധ്യാപകരായ അനില്‍കുമാര്‍, ഉണ്ണികൃഷ്ണന്‍ എന്നിവരുടെ ക്രൂരതകളെക്കുറിച്ച് ആദിവാസി കുട്ടികള്‍ ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു.

“മാഷ്മാര് മേത്തൊക്കെ തൊട്ടു കളിക്കും. പിന്നെ അടിക്കലൊക്കെ ഉണ്ട്. ഉണ്ണിമാശാണ് മേത്തു തൊടുന്നത്. ഇങ്ങളുടെ അച്ഛന്മാരൊക്കെ ഇങ്ങനെയല്ലേ പിടിക്കുക എന്ന് പറഞ്ഞിട്ട് തോളത്തുകൂടി കയ്യിടും. സാറമ്മാര് പൊറത്തൊക്കെ കുത്തുന്നൊക്കെയുണ്ട്. ചേച്ചിമാരും ഞങ്ങളെ നോക്കാറില്ല. ചേച്ചിമാര് വെറുതെ അടിക്കലൊക്കെയുണ്ട്. ശരീരത്തില്‍ പിടിക്കാന്‍ പാടില്ല എന്ന് പറയുമ്പോള്‍ “എന്നാ പോയി പറയ്” നിങ്ങള്‍ ആരുടെ അടുത്തു പോയി പറഞ്ഞു കൊടുത്താലും ഞങ്ങള്‍ക്ക് പ്രശ്‌നം ഒന്നും ഇല്ലാ എന്നാണ് മാഷ്മാര് പറയുന്നത്. ചെലരെ ക്ലാസില്‍ നിന്നും ഇറക്കിവിടും”.

നിലമ്പൂര്‍ ഇന്ദിരാഗാന്ധി സ്മാരക മാതൃക ആശ്രമ വിദ്യാലയത്തില്‍ എട്ടാം ക്‌ളാസില്‍ പഠിക്കുന്ന അജിത (യാഥാര്‍ഥ പേരല്ല) യുടെ വാക്കുകളാണിത്. ഫെബ്രുവരി 16ന് ചികില്‍സ ലഭിക്കാതെ മരിച്ച സതീഷ് പഠിച്ചിരുന്ന അതേ സ്‌കൂള്‍ തന്നെ. പ്രാക്തന ആദിവാസി ഗോത്ര വിഭാഗമായ കാട്ടുനായ്ക്കര്‍-ചോലനായ്ക്കര്‍ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടി 1993ല്‍ സ്ഥാപിതമായ സ്‌കൂളിനെ കുറിച്ചാണ് ഈ പറയുന്നത്. നവകേരളവും രണ്ടാം നവോത്ഥാനവും കൊട്ടിഘോഷിക്കുന്ന സാക്ഷര കേരളത്തിലാണ് ഇതൊക്കെ നടക്കുന്നത്.

സ്കൂള്‍ പ്രിന്‍സിപ്പല്‍

“വീട്ടിലേയ്ക്ക് ഫോണൊന്നും വിളിക്കാന്‍ അവര്‍ തരില്ല. സാറന്മാര്‍ തന്നെ. കുട്ടികളെ നല്ലപോലെ നോക്കൂല. ഹോസ്റ്റല്‍ സൗകര്യങ്ങള്‍ മോശമാണ്. നല്ല ഭക്ഷണം ഒന്നും കിട്ടില്ല. പയറ്, പുളിശ്ശേരി… പുളിശ്ശേരി ഒരു സൈസ് പുളിശ്ശേരിയാണ്. ഒരു കറി തന്നെ റിപ്പീറ്റ് അടിച്ചു വരും. ഒരു ദിവസം ഒരു കറിയേ ഉണ്ടാകൂ. ഒരുരസല്ലാത്ത കറിയാണ് തരുന്നത്. പുറത്തുള്ളവരാണ് ഭക്ഷണം ഉണ്ടാക്കുന്നത്. മാഷ്മാരുടെ പ്രശ്‌നം കൊണ്ട് പഠിപ്പു നിര്‍ത്തിയ പെണ്‍കുട്ടികള്‍ ഉണ്ട്. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍. മാഷ്മാര് ശരീരത്തില്‍ പിടിക്കുന്നത് കൊണ്ട് കൊറേ പെണ്‍കുട്ടികള്‍ പോയി. പത്താം ക്ലാസിലോക്കെ പഠിക്കുന്ന.

വെറുതെ ചീത്ത പറയും. ക്ലാസില്‍ ഇരിക്കുമ്പോള്‍ വെറുതെ വന്നു അടിക്കും. ഞങ്ങള്‍ ബഹളം ഒന്നും ഉണ്ടാക്കാതെ തന്നെ അടിക്കും. ഹോസ്റ്റലിലെ ചേച്ചിമാരോട് ഞങ്ങളോട് മാഷ്മാര് മോശമായിട്ട് പൊരുമറുന്നു എന്ന് പറഞ്ഞാല്‍, അവര്‍ അങ്ങനെ തന്നെയാണ് എന്നാണ് ചേച്ചിമാര്‍ പറയാറ്. കുടിക്കുന്നുണ്ട്. കള്ളുകുടിക്കുന്നുണ്ട്. നൈറ്റ് ക്ലാസിനു ഈ മാഷുമാര്‍ കള്ളുകുടിച്ചിട്ടു വരും. സാറമ്മാര് ആവശ്യല്ല്യാണ്ട് തോളിലൊക്കെ പിടിക്കും”- എട്ടാം ക്ലാസ് വിദ്യാര്‍ഥിനി അജിത പറയുന്നു.

നിലമ്പൂര്‍ പോത്തുകല്ല് പഞ്ചായത്തിലെ അപ്പന്‍കാപ്പ് കോളനിയിലെ സുന്ദരന്റേയും ശാന്തയുടേയും മകനായ സതീഷ് കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് മരിക്കുന്നത്. സ്‌കൂള്‍ അധികൃതര്‍ മതിയായ ചികിത്സ നല്‍കാത്തത് മൂലമാണ് കുട്ടി മരിച്ചതെന്ന് ഇതിനോടകം വ്യക്തമായിട്ടുള്ളതാണ്.

സ്‌കൂള്‍ അധികൃതര്‍ പറയുന്നത് കുട്ടിക്ക് ബ്ലഡ് കാന്‍സര്‍ ഉണ്ടായിരുന്നു എന്നാണ്. എന്നാല്‍ കുടുംബം അത് പാടെ നിഷേധിച്ചു. സതീഷിനു അത്തരത്തില്‍ അസുഖം ഒന്നും ഉണ്ടായിട്ടില്ലെന്ന് ചേട്ടന്‍ പറയുന്നുണ്ട്. മനപൂര്‍വമായ നരഹത്യയാണ് സ്‌കൂള്‍ അധികൃതരില്‍ നിന്നും ഉണ്ടായിട്ടുള്ളത്. ഇത് മൂന്നാമത്തെ വിദ്യാര്‍ത്ഥിയാണ് അധികൃതരുടെ അനാസ്ഥ മൂലം ചികിത്സ കിട്ടാതെ മരിക്കുന്നത്. എന്തുകൊണ്ടാണ് ഈ അനാസ്ഥയുണ്ടായതെന്നു അന്വേഷിച്ചപ്പോള്‍ വളരെ ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് സ്‌കൂളിലെ കുട്ടികള്‍ പങ്കുവെച്ചത്.

മരിച്ച സതീഷും സ്കൂളും

“അമ്മയേയും അച്ഛനേയും അവര്‍ ഒന്നും അറിയിച്ചില്ല. അവന്റെ അസുഖം ഞങ്ങളെ അറിയിച്ചിട്ടില്ല. കുട്ടിക്ക് പനി കൂടുതലായിരുന്നു. ഞങ്ങളുടെ കോളനിയില്‍ ഇതിനു മുമ്പേ ഒരു കുട്ടി മരിച്ചിരുന്നു. ഷാജി എന്നാണ് കുട്ടിയുടെ പേര്. അനിയന് പനിയായിട്ട് ഒരുപാടു ദിവസമായി. ഇതിനു മുമ്പേ വീട്ടില്‍ നിന്നും രണ്ടാള്‍ കാണാന്‍ പോയിരുന്നു.

അമ്മയും കുടുംബത്തിലെ ഒരു ഏട്ടത്തിയും. കാണാന്‍ പോയ സമയത്തൊക്കെ ഇവന് പനിയുണ്ട്. അതുകഴിഞ്ഞിട്ട് ഇവര് മൈസൂര്‍ക്ക് ടൂര്‍ പോയിരുന്നു. ഞങ്ങള്‍ അന്ന് പോയപ്പോള്‍ ഇവര്‍ പറഞ്ഞിട്ടുണ്ടായിരുന്നു മൈസൂര്‍ക്ക് ടൂര്‍ പോകുന്നുണ്ട് എന്നൊക്കെ. പനി കൂടുതലായിട്ട് മൈസൂര്‍ ഹോസ്പിറ്റലില്‍ കാണിച്ചു എന്ന് കുട്ടികള്‍ ഞങ്ങളോട് പറഞ്ഞു.

ടൂര്‍ കഴിഞ്ഞ് വന്നിട്ട് നിലമ്പൂര്‍ ജില്ലാ ഹോസ്പിറ്റലില്‍ കാണിച്ചു. ഞങ്ങളുടെ ഇവിടുത്തെ ഒരു ഓട്ടോക്കാരന്‍ ആ ഹോസ്പിറ്റലില്‍ ഉണ്ടായിരുന്നു. മുണ്ടേരി അങ്ങാടീല് ഓടുന്ന മുനീര്‍ എന്ന് പേരുള്ള ഓട്ടോക്കാരന്‍. ഓന്‍ കണ്ടപ്പോള്‍, അപ്പന്‍കാപ്പ് കോളനിയില്‍ നിന്നാണെന്നു പറഞ്ഞപ്പോള്‍ ഓന്‍ ഞങ്ങളെ വിളിച്ചു പറഞ്ഞു. സതീഷ് എന്ന് പേരുള്ള ഒരു കുട്ടി ഹോസ്പിറ്റലില്‍ ഉണ്ടെന്ന്. ഞാന്‍ പറഞ്ഞു അതെന്റെ അനിയനാണെന്ന്. അവനു ഇത്തിരി സീരിയസ് ആണെന്ന് ഓട്ടോക്കാരനാണ് പരയുന്നത്. രണ്ടു മാഷ്മാരും ഒപ്പമുണ്ടെന്നു അവന്‍ പറഞ്ഞു. മുനീര്‍ വിളിച്ചു പറഞ്ഞ് 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ അവനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് ആംബുലന്‍സില്‍ കയറ്റി റഫര്‍ ചെയ്തു. മുനീറാണ് ആംബുലന്‍സ് ഡ്രൈവറുടെ നമ്പര്‍ തന്നത്. ആ നമ്പറില്‍ വിളിച്ച് ആംബുലന്‍സ് ഡ്രൈവറെ കോണ്ടാക്റ്റ് ചെയ്യുകയായിരുന്നു.

പിന്നീട് ആ മാഷ്മാരെ വിളിച്ചപ്പോള്‍ നിങ്ങള്‍ എങ്ങനെ വിഷയം അറിഞ്ഞെന്നാണ് അവര്‍ ചോദിച്ചത്. ഓര് ഏറ്റവും വലിയൊരു തെറ്റ് ഞങ്ങളോടു കാണിച്ചു. 16ാം തിയ്യതിയാണ് അനിയന് ഇത്ര സീരിയസ് ആയത്. എട്ടാം തിയ്യതിയും 11ാം തിയ്യതിയും അവനെ നിലമ്പൂര്‍ ആശുപത്രിയില്‍
കാണിച്ച ഒ.പി ചീട്ട് ഞങ്ങളുടെ കയ്യിലുണ്ട്. ഇതിനു മുമ്പേ ഇവന് പനി തൊടങ്ങിയിട്ടുണ്ട്. മെഡിക്കല്‍ കോളേജില്‍ അന്നു ഞങ്ങള്‍ ആ ചീട്ടു പൊലീസ് സര്‍ജനെ കാണിച്ചു ചോദിച്ചു. അവര് പറഞ്ഞത് ആന്റിബയോട്ടിക്കാണ് അതില്‍ എഴുതിയിരിക്കുന്നത് എന്നാണ്. ടെസ്റ്റുകള്‍ ഒന്നും നടത്തിയിട്ടില്ല. അത് തെറ്റായെന്നാണ് അവരും പറഞ്ഞത്.

കുളിച്ചില്ലെന്നു പറഞ്ഞ് അധ്യാപകര്‍ വെയിലത്ത് നിര്‍ത്തിയ കുട്ടികള്‍

കുട്ടിക്ക് പനിയല്ലാതെ ബ്ലഡ് കാന്‍സറിന്റെ ഒരു ലക്ഷണവും കണ്ടിട്ടില്ല. അത് ഡോക്ടറോട് ചോദിച്ചു. അപ്പോള്‍ പറഞ്ഞത് ഇതുവരെ അത്തരത്തിലുള്ള ടെസ്റ്റ് നടത്തിയിട്ടില്ല എന്നാണ്, സ്‌കൂള്‍ പറയുന്ന ആരോപണമാണത്. ഇനി ബ്ലഡ് കാന്‍സര്‍ ആണെങ്കില്‍ തന്നെ ഇത്രയും പനിയുള്ള ഒരു കുട്ടിയ്ക്ക് അവര്‍ ടെസ്റ്റുകെളാന്നും നടത്തിയിട്ടില്ല. അതാണ് ഞങ്ങള്‍ക്ക് സങ്കടം. എന്റെ അനിയത്തിയും അവിടെയാണ് പഠിക്കുന്നത്. അനിയത്തിയേട് ചോദിച്ചപ്പോള്‍ പറഞ്ഞത് ഒരു മാസത്തോളമായി ഇവന് പനിയുണ്ട് എന്നാണ്. കൂടിയും കൊറഞ്ഞും പനിവരുമ്പോള്‍ അവര് ആശുപത്രിയില്‍ കാണിക്കും. ടെസ്റ്റുകള്‍ ചെയ്താലല്ലേ ലക്ഷണങ്ങള്‍ കാണൂ”- സതീഷിന്റെ ചേട്ടന്‍ സുധീഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുന്നതിന് പബ്ലിക് സ്‌കൂള്‍ മാതൃകയില്‍ റസിഡന്‍ഷ്യല്‍ സൗകര്യത്തോടുകൂടി, 1989-90ല്‍ അബേദ്കര്‍ വര്‍ഷാചരണത്തിന്റെ ഭാഗമായി തുടങ്ങിയതാണ് ആശ്രമം സ്‌കൂളുകള്‍. നിലമ്പൂര്‍ മേഖലയില്‍ പ്രാക്തന ഗോത്ര വിഭാഗമായ കാട്ടുനായ്ക്കര്‍ക്കും ചോലനായ്ക്കര്‍ക്കും പഠിക്കാനുള്ള സ്‌കൂളാണ് ഐ.ജി.എം.എം.ആര്‍.എസ്. ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ കുട്ടികള്‍ക്ക് ഇവിടെ താമസിച്ച് വിദ്യാഭ്യാസം ചെയ്യാം. ഗുരുകുല വിദ്യാഭ്യാസ മാതൃകയിലാണ് ഇവിടെ പഠനം നടക്കുന്നത്.

ഈ സ്‌കൂളിലെ ആദ്യത്തെ സംഭവങ്ങളല്ല ഇതൊന്നും. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മൂന്നു അധ്യാപകര്‍ തങ്ങളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുണ്ടെന്ന് കുട്ടികള്‍ പറയുന്നു. അനില്‍കുമാര്‍, ഉണ്ണികൃഷ്ണന്‍, സൗദാമിനി. ഇവരാണ് ആ മൂന്നു അധ്യാപകര്‍. സൗദാമിനി സ്‌കൂളിലെ പ്രധാനാധ്യാപികയാണ്. ഈ മൂന്നു അധ്യാപകരും കുട്ടികളെ അതിക്രൂരമായി മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുണ്ടെന്നും അതിനെ ചോദ്യം ചെയ്യാന്‍ സ്‌കൂളിലെ മറ്റു അധ്യാപകര്‍ തയ്യാറാകുന്നില്ലെന്നും കുട്ടികള്‍ ഒരേ സ്വരത്തില്‍ പറയുന്നു.

പ്രധാനാധ്യാപിക അടക്കമുള്ള അധ്യാപകരെ കുറിച്ച് വിദ്യാര്‍ഥികള്‍ പേടികൂടാതെ തുറന്നു പറയണമെങ്കില്‍ ആ സ്‌കൂളിനകത്ത് അത്രയേറെ പീഡനങ്ങള്‍ നടക്കുന്നുണ്ടെന്ന് മനസ്സിലാക്കാം. ഈ അധ്യാപകരുടെ പീഡനം മൂലം പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചു പോയ കുട്ടികള്‍ നിരവധിയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഓരോ വര്‍ഷവും ഡ്രോപ്പ് ഔട്ട്കളുടെ കണക്കെടുക്കുമ്പോള്‍ സ്‌കൂളുകള്‍ക്കകത്ത് നടക്കുന്ന ഇത്തരം അനീതികളെ കുറിച്ച് ഒന്നും അന്വേഷിക്കുന്നില്ല എന്ന് വാസ്തവമാണ്. അതാണ് സതീഷിന്റെ മരണം ചൂണ്ടിക്കാണിക്കുന്നതും.

“”ചെറുക്കന്മാരെയൊക്കെ വെറുതെ അടിക്കുന്നുണ്ട് അവര്. കുളിച്ചിട്ടില്ല എന്ന് പറഞ്ഞ് കുട്ടികളെ സാറന്മാര് വെളിയത്ത് നിര്‍ത്തി. എന്റെ ചേട്ടന്‍ ഉണ്ടായിരുന്നു. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അവര് അങ്ങാടീക്ക് 10 രൂപയുടെ മിച്ചറ് വാങ്ങിക്കാന്‍ പോയി. അതിന് അവരെ പിടിച്ചു
അടിച്ചു. ഒന്നും ചെയ്തിട്ടില്ല. പെരടിക് അടിച്ചു, എന്നിട്ട് മിച്ചറ് തീറ്റിച്ചു. അവന്‍ ഛര്‍ദ്ദിച്ചു. എന്തൊക്കെയൊ ആയി. ആശുപത്രിയില്‍ ഒക്കെ കൊണ്ട് പോയിരുന്നു. കൊറേ വര്‍ഷായിട്ട് ഈ മാഷ്മാര് അവിടെ പഠിപ്പിക്കുന്നുണ്ട്. പ്രിന്‍സിപ്പല്‍ അവര്‍ക്ക് സപ്പോര്‍ട്ടാണ്. ഞങ്ങള്‍ പറഞ്ഞാലൊന്നും കേള്‍ക്കില്ല. ജലജ ടീച്ചര്‍ ഞങ്ങള്‍ക്കു നല്ല സപ്പോര്‍ട്ട് ആയിരുന്നു. എല്ലാ പ്രശ്‌നത്തിലും ടീച്ചര്‍ ഞങ്ങളുടെ കൂടെ ആയിരുന്നു. ആ ടീച്ചറെ അവിടുന്ന് പൊറത്താക്കി.

സതീഷിന്റെ മരണ ശേഷം സ്കൂളിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച്

വടികൊണ്ട് ബാക്ക് ഭാഗത്ത് അടിക്കും. പുറത്ത് കൈകൊണ്ടു അടിക്കും. പത്താം ക്ലാസ് കഴിഞ്ഞ ചെങ്ങായീനെ മുഖത്ത് അടിച്ചിരുന്നു. അവന്‍ രാവിലെ എണീറ്റ് പഠിച്ച്, 4 മണിക്ക്. അഞ്ചു മണിയോ ആറുമണിയോ ആയപ്പോള്‍ അവന്‍ കൊറച്ചുനേരം കെടന്നു. കുളിക്കാന്‍ പോയപ്പോള്‍ ബാത്ത് റൂമില്‍ കുട്ടികളായിരുന്നു. അങ്ങനെ കൊറച്ചു നേരം കെടന്നു. അപ്പൊ ഉണ്ണി സാര്‍ വന്നു നോക്കിയപ്പോള്‍ അവനും ഉണ്ടായിരുന്നു കുട്ടികളുടെ ഇടയില്‍. അഖിലേഷ് എന്നാണ് അവന്റെ പേര്. എന്നിട്ട് സര്‍ അവന്റെ മുഖത്തടിച്ചു””- പത്താം ക്ളാസ് വിദ്യാര്‍ഥിയായ അനന്തു (യഥാര്‍ഥ പേരല്ല) ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സുപ്രധാനമായ സര്‍ക്കാര്‍തല ഇടപെടലുകളിലൊന്ന് പ്രീ-മെട്രിക്, പോസ്റ്റ്-മെട്രിക് ഹോസ്റ്റലുകളും, മോഡല്‍ റസിഡന്‍ഷ്യല്‍/ആശ്രമം സ്‌കൂളുകളുമാണ്. 106 പ്രീ-മെട്രിക് ഹോസ്റ്റലുകളും മൂന്ന് പോസ്റ്റ്-മെട്രിക് ഹോസ്റ്റലുകളും 17 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളും മൂന്ന് ആശ്രമം സ്‌കൂളുകളും ഇന്ന് കേരളത്തിലുണ്ട്. 1980-ലാണ് സര്‍ക്കാര്‍ ഹോസ്റ്റലുകള്‍ ട്രൈബല്‍ വകുപ്പിന് കീഴില്‍ ആരംഭിക്കുന്നത്. അതിനുമുമ്പ് ആദിവാസിക്കുട്ടികളെ താമസിച്ച് പഠിപ്പിക്കുന്നതിന് ഗവണ്‍മെന്റ് റസിഡന്‍ഷ്യല്‍ ബേസിക് ട്രെയിനിംഗ് സ്‌കൂള്‍ സംവിധാനമാണ് ഉണ്ടായിരുന്നത്. എന്നാല്‍ പ്രീ-മെട്രിക്, പോസ്റ്റ്-മെട്രിക് ഹോസ്റ്റലുകള്‍ ആദിവാസി കുട്ടികളുടെ താമസത്തിനും ഭക്ഷണത്തിനുമുള്ള കേന്ദ്രങ്ങളായാണ് നടത്തിപ്പുകാരും അന്തേവാസികളും കാണുന്നത്.

വിദ്യാഭ്യാസത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ആദിവാസി വിഭാഗങ്ങള്‍ക്ക് സ്വന്തമായി സ്‌കൂളുകള്‍ ഉണ്ടാകുന്നത് മികച്ച വികസന മാതൃകതന്നെയാണ്. എന്നാല്‍ ഈ സ്‌കൂളിനകത്ത് നടക്കുന്ന കാര്യങ്ങള്‍ അധികൃതര്‍ വല്ലപ്പോഴും അറിയേണ്ടതുണ്ട്. വിദ്യാര്‍ഥികളുടെ പ്രശ്‌നത്തില്‍ ഇടപെട്ടിരുന്ന ജലജ എന്ന അധ്യാപികയെ ഈ മൂന്നു അധ്യാപകരും കൂടിച്ചേര്‍ന്ന് കള്ളപ്പരാതികള്‍ ചമച്ച് ട്രാന്‍സ്ഫര്‍ ചെയ്യിചിട്ടുണ്ട്. ജലജ ടീച്ചറും അടിവരയിടുന്നത് ഈ മൂന്നു അധ്യാപകര്‍ വളരെ ക്രൂാരമായി കുട്ടികളെ ഉപദ്രവിക്കും എന്നാണ്. ഈ അധ്യാപകര്‍ക്ക് സപ്പോര്‍ട്ട് ചെയ്യുന്ന പ്രജീഷ്, ഹാരിസ് എന്നീ അധ്യാപകരുടെ പേരുകൂടി ജലജ ടീച്ചര്‍ പറഞ്ഞു.

“”കൊറേ കുട്ടികള്‍ അവിടെ പലവിധത്തിലും മാനസിക പീഡനങ്ങള്‍ അനുഭവിക്കുന്നവരാണ്. പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ നിന്നും സ്ഥിരമായി ചാടിപ്പോയിട്ടുണ്ട്. രാത്രി വരെ ചാടിപ്പോയിട്ടുണ്ട്. അവര്‍ ആരെയെങ്കിലും പ്രേമിച്ചിട്ടോ മറ്റോ അല്ല ചാടിപ്പോകുന്നത്. പീഡനം സഹിക്ക വയ്യാതെയാണ്. ഒന്നാം ക്ലാസിലെ കുട്ടി വരെ ചാടിപ്പോയിട്ടുണ്ട്.

ആദിവാസി അവകാശ പ്രവര്‍ത്തക ചിത്ര

ഉണ്ണിമാഷെ കുറിച്ചാണ് അധികം പരാതികള്‍ ലഭിച്ചിട്ടുള്ളത്. നൈറ്റ് ക്ലാസ് നടക്കുമ്പോള്‍ ഈ പറയുന്ന എല്ലാ മാഷുമാരും പെണ്‍കുട്ടികളോട് മോശമായി പെരുമാറാറുണ്ട്. 6.30 മുതല്‍ 8 മണിവരെയാണ് നൈറ്റ് ക്ലാസുള്ളത്. അധ്യാപകരൊക്കെ “മുതലാക്കുന്നുണ്ട”് എന്ന് എന്നോട് കുട്ടികള്‍ പറഞ്ഞിട്ടുണ്ട്. ഈ അധ്യാപകര്‍ എന്തെങ്കിലും ചെയ്ത് പ്രധാനാധ്യാപികയുടെ മുമ്പില്‍ ചെല്ലുമ്പോള്‍ അത് അച്ഛന്റെ സ്‌നേഹായിട്ടു കണ്ടാല്‍ മതി എന്നാണ് പറയുക.

അനില്‍കുമാര്‍ മാഷ് എന്നെ കയറിപ്പിടിച്ചിരുന്നു. അതില്‍ ഞാന്‍ ശക്തമായി പ്രതികരിക്കുകയും അതില്‍ നിന്നും രക്ഷപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി കൊടുത്തു. പരാതിയില്‍ അന്വേഷണം വന്നതിനു ശേഷമാണ് എനിക്കെതിരെ കള്ളത്തരങ്ങള്‍ ഉണ്ടാകി അവിടെ നിന്നും പുറത്താക്കിയത്. പരാതിയില്‍ ഒരു തീരുമാനവും ഇതുവരെ ആയിട്ടില്ല. കുട്ടികളുടെ ഭാവി ഒന്നും അവര്‍ക്ക് പ്രശ്‌നല്ല. ഒരുകുട്ടി ഗര്‍ഭിണിയായ കേസുവരെ സ്‌കൂളില്‍ ഉണ്ടായിട്ടുണ്ട്. അത് അധ്യാപകരാണോ എന്നൊന്നും എനിക്കറിയില്ല. അതിലൊക്കെ കൗണ്‍സിലര്‍മാരാണ് ഇടപെട്ടിരുന്നത്””- ജലജ ടീച്ചര്‍ വളരെ പ്രയാസപ്പെട്ടാണ് ഇക്കാര്യങ്ങളോക്കെ പറഞ്ഞത്.

“”ഉണ്ണിമാഷ് പെണ്‍കുട്ടികളെ കൈവട്ടം ചുറ്റി സ്‌നേഹത്തോടെ പിടിച്ച് ശരീര ഭാഗത്ത് പിടിക്കാറുണ്ട് എന്ന് പെണ്‍കുട്ടികള്‍ പറഞ്ഞിട്ടുണ്ട്. രാത്രി ഹോസ്റ്റലില്‍ ജനലില്‍ കൂടി വന്ന് ആണുങ്ങള്‍ പുറത്തേയ്ക്ക് വിളിക്കും എന്നും പെണ്‍കുട്ടികള്‍ പറഞ്ഞിട്ടുണ്ട്. കിടന്നുറങ്ങാന്‍ പേടിയാണെന്നും പറഞ്ഞിട്ടുണ്ട്. കളക്ടര്‍ക്കും ഐ.ടി.ഡി.പിയിലും സി.ഐക്കും നിരന്തരം പരാതി കൊടുത്തിട്ടും അവരൊക്കെ പറയുന്നത് ഞങ്ങള്‍ എന്തെങ്കിലും നടപടി എടുത്താല്‍ സ്ഥാപനം തകര്‍ന്നു പോകും, നിങ്ങള്‍ക്കാണ് അതിന്റെ മോശം എന്നാണ്””- സ്‌കൂളിലെ പത്താം ക്‌ളാസ് വിദ്യാര്‍ഥിയുടെ അമ്മയും ആദിവാസി അവകാശ പ്രവര്‍ത്തകയുമായ ചിത്രയുടെ വാക്കുകളാണിത്.

“”നേരത്തെ രണ്ടു കുട്ടികള്‍ പനിവന്നപ്പോള്‍ കുളിച്ചില്ല. അതിന് അവര്‍ക്ക് വൃത്തിയില്ലെന്ന് ആരോപിച്ച് കുട്ടികളെ വെയിലത്ത് നിര്‍ത്തി. നവംബര്‍ 21ന്. അന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടത് ഈ മൂന്നു അധ്യാപകരെ അവിടെനിന്നും മാറ്റാനാണ്. ഈ അധ്യാപകര്‍ പ്രശ്‌നക്കാരാണ് എന്നുള്ളത് കൊണ്ടാണ് ഞങ്ങള്‍ അങ്ങനെ പറഞ്ഞത്. അന്ന് അധികൃതര്‍ നടപടി എടുത്തിരുന്നെങ്കില്‍ സതീഷ് മരിക്കില്ലായിരുന്നു””, ചിത്ര പറയുന്നു.

“”ഒരു കുട്ടിയുടെ ബന്ധു വന്നപ്പോള്‍ കുട്ടിക്ക് 10 രൂപ കൊടുത്തു. ആ കുട്ടി അതിന് മിച്ചര്‍ വാങ്ങിച്ചു. ഇത് ഉണ്ണിമാഷ് കണ്ടു. നിനക്ക് മിച്ചറ് ഇത്രയ്ക്ക് ഇഷ്ട്ടാണെടാ എന്ന് ചോദിച്ച് മറ്റൊരു കുട്ടിയെ വിട്ട് ഒരു കിലോ മിച്ചര്‍ വാങ്ങിപ്പിച്ചു. എന്നിട്ട് ആ കുട്ടിയെ മുറികുള്ളില്‍ ഇട്ടു പൂട്ടി രണ്ട് മാഷ്മ്മാര് കൂടിച്ചേര്‍ന്ന് മിച്ചറ് തീറ്റിച്ചു. വെള്ളം കുടിക്കാനൊന്നും അധ്യാപകന്‍ കൊടുത്തില്ല. പഠനം പോലും ഉപേക്ഷിച്ചു കുട്ടി പോയി. സ്‌കൂളിലെ എല്ലാ കുട്ടികളും ഈ അധ്യകരെ കുറിച്ച് വളരെ മോശം ആണ് പറയുന്നത്. നാലാം ക്ലാസ്സിലെ കുട്ടികളെ ഉച്ചഭക്ഷണസമയത്ത് അധ്യാപകര്‍ ക്ലാസ്സില്‍ പൂട്ടിയിട്ടു പോയ സംഭവമുണ്ടായിട്ടുണ്ട്. വിശദീകരണം ചോദിച്ചപ്പോള്‍ മാപ്പു പറഞ്ഞ് വിഷയം ഒതുക്കിത്തീര്‍ക്കാനാണ് ശ്രമിച്ചത്. അറിയാതെ വാതില്‍ അടഞ്ഞുപോയെന്ന തരത്തിലുള്ള മുടന്തന്‍ ന്യായങ്ങളാണ് അന്ന് അവര്‍ പറഞ്ഞത്””, ചിത്ര കൂട്ടിച്ചേര്‍ത്തു.

സതീഷിന്റെ മരണ ശേഷം സ്കൂളിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച്

“ഞാന്‍ ആ സ്‌കൂളില്‍ പഠിച്ച ആളാണ്. എനിക്ക് ഇപ്പോള്‍ 20 വയസ്സായി. കൂലിപ്പണിയാണ്. ആ മാഷ്മാര് ഇങ്ങനെ പ്രത്യേക സ്വഭാവത്തിലാണ് പെരുമാറുക. ഞങ്ങള്‍ക്ക് കൊറച്ച് സപ്പോര്‍ട്ട് ആയിട്ട് ഒരു ജലജ ടീച്ചര്‍ ഉണ്ടായിരുന്നു. ആ ടീച്ചറെ അവര്‍ ഒഴിവാക്കി. “ആ സ്‌കൂളില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. കുട്ടികളെ വെയിലത്ത് നിര്‍ത്തുന്ന പ്രശ്‌നം, കുട്ടികള്‍ക്ക് മൂത്രമൊഴിക്കാന്‍ മുട്ടിയാല്‍ പൂട്ടിയിടും. ചൂരല് വടികൊണ്ട് മുഖത്തടിക്കും. മാഷ്മാരാണ് അവിടുത്തെ പ്രശ്‌നം. പുറത്തേക്ക് ഇറങ്ങാനോ പ്രത്യേകിച്ച് ഫ്രീഡമോ ഇല്ലായിരുന്നു”. ഇങ്ങനെതന്നെയൊക്കെയാണ് ഞങ്ങള്‍ പഠിപ്പു നിര്‍ത്തിയത്”- സ്‌കുളിലെ പൂര്‍വ വിദ്യാര്‍ഥിയായ സുധീഷ് പറയുന്നു.

സതീഷിനെ കൂടാതെ മറ്റു രണ്ട് കുട്ടികളും സ്‌കൂളില്‍ മരിച്ചിട്ടുണ്ട്. അതും പനി വന്നു തന്നെ. മറ്റൊരു രോഗത്തിന്റെ ലക്ഷണമായ പനിക്ക് പാരസിറ്റാമോള്‍ മാത്രം കൊടുത്താല്‍ മതിയോ എന്നാണ് ചിത്ര ചോദികുന്നത്. രക്ഷിതാക്കള്‍ ഉന്നയിക്കുന്ന ഗുരുതര ആരോപണം കുട്ടികള്‍ക്ക് അസുഖം വന്നാല്‍ വീടുകളില്‍ അറിയിക്കുന്നില്ല എന്നാണ്. അസുഖം വന്ന കുട്ടികള്‍ മരിച്ചിട്ടാണ് തങ്ങള്‍ക്കു കിട്ടുന്നതെന്നും രക്ഷിതാക്കള്‍ പറയുന്നു.

“”വിജിഷ എന്നൊരു കുട്ടി അവിടെ മരിച്ചിട്ടുണ്ട്. കുട്ടി മരിച്ചിട്ടാണ് ആ കുട്ടിക്ക് വയറിന്റെ ഉള്ളില്‍ ട്യൂമാറാണെന്ന് അറിഞ്ഞത്. ആ കുട്ടി വയറു വേദന ആയിട്ട് ഒത്തിരി ദിവസം ഭക്ഷണം കഴിക്കാതിരുന്നിട്ടും അവര്‍ വേണ്ടത്ര ശ്രദ്ധിച്ചില്ല. കുട്ടികളൊക്കെ മിടുക്കരാണ്. പല കുട്ടികളും വിശ്വാസത്തോടെ പരാതികള്‍ എന്നോടാണ് പറഞ്ഞിരുന്നത്. അതുകൊണ്ടാണ് അവര്‍ എന്നെ മാറ്റിയത്””- ജലജ ടീച്ചര്‍ പറയുന്നു.

“”ഒമ്പതു വര്‍ഷം മുമ്പ് രണ്ടാം ക്ലാസില്‍ പഠിക്കുന്ന ഷാജി എന്ന കുട്ടി പനി മൂലം മരിച്ചിരുന്നു. പനി തുടങ്ങുമ്പോള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകില്ല. പാരസിറ്റാമോള്‍ കൊടുത്തു കൊണ്ടിരിക്കും. അവസാന ഘട്ടത്തില്‍ എത്തുമ്പോഴാണ് ആശുപത്രിയില്‍ കൊണ്ടു പോകുന്നത്. ഷാജിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഫകെട്ടു കൂടി അണുബാധ കൂടിയതാണ് എന്ന് ഉണ്ടായിരുന്നു. വിജിഷ മരിച്ചത് രക്ഷിതാക്കളെ അറിയിച്ചില്ല. ബോഡി മാത്രമാണ് ഞങ്ങള്‍ക്ക് കിട്ടിയത്.

സതീഷ് മരിച്ച ദിവസം ഞങ്ങള്‍ മെഡിക്കല്‍ കോളേജില്‍ പോയിരുന്ന്. അവിടെ ഉണ്ടായിരുന്ന സാറമ്മാരോട് ഞങ്ങള്‍ ചോദിച്ചു, കുട്ടിക്ക് പനിയായ വിവരം എന്തുകൊണ്ട് പറഞ്ഞില്ല എന്ന്. അത് പനിയല്ലേ ഇതൊക്കെ എന്തിനാണ് നിങ്ങളോട് പറയുന്നത് എന്നാണ് സാറമ്മാര്‍ ഞങ്ങളോടു പറഞ്ഞത്. പത്രത്തില്‍ അവര്‍ കൊടുത്ത വാര്‍ത്ത കുട്ടിക്ക് ബ്ലഡ് കാന്‍സര്‍ ആണെന്നാണ്. അത് മാതാപിതാക്കളും സ്റ്റാഫുകളും അറിഞ്ഞിട്ടില്ല. കുട്ടികളുടെ ആരോഗ്യകാര്യം പറയുമ്പോള്‍ അവര്‍ ഞങ്ങളോട് പറയുന്നത് സ്‌കൂളില്‍ മാസാ മാസം ചെക്കപ്പ് നടത്തുന്നുണ്ട് എന്നാണ്. ഒന്നാം ക്ലാസ് മുതല്‍ പതിനൊന്നാം ക്ലാസ് വരെ ഇത്രയധികം ക്യാമ്പ് നടത്തിയിട്ടും ബ്ലഡ് കാന്‍സര്‍ ഉണ്ടെന്ന് അവര്‍ക്ക് കണ്ടുപിടിക്കാന്‍ പറ്റിയിട്ടില്ല.

കുട്ടികള്‍ക്ക് അസുഖം വരുമ്പോള്‍ അത് രക്ഷിതാക്കളെ അറിയിക്കണ്ട ചുമതല അവര്‍ക്കില്ലേ?. ഞങ്ങളുടെ കുട്ടി മരിച്ചിട്ടും സ്‌കൂളിന്റെ ഒരു ചില്ല് പോലും ഞങ്ങള്‍ എറിഞ്ഞു ഉടച്ചിട്ടില്ല. അത്രയും സ്‌നേഹവും ആദരവും സ്‌കൂളിനോട് ഞങ്ങള്‍ കാണിക്കുന്നുണ്ട്. അറിവില്ലാത്തവരാണ്, വിഡ്ഢികളാണ് എന്ന രീതിയിലാണ് അവര്‍ ഞങ്ങളെ കാണുന്നത്. ഞങ്ങള്‍ക്ക് തിരിച്ചറിവ് ഉള്ളതു കൊണ്ടാണ് ആ സ്‌കൂള്‍ തകര്‍ക്കാത്തത്. ഞങ്ങള്‍ക്ക് പഠിക്കാന്‍ വേറെ സൗകര്യമില്ല””- ചിത്ര പറഞ്ഞു.

സ്‌കൂളില്‍ കുട്ടികളെ നോക്കുന്നത് അധ്യാപകരുടെ മേല്‍നോട്ടത്തിലാണ്. ഹോസറ്റലുകളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നത് ആയമാരും അധ്യാപകരും കൂടിയാണ്. ആദിവാസി കുട്ടികള്‍ക്ക് വേണ്ടിയുള്ള ഹോസറ്റലുകളുടെ നടത്തിപ്പിനും നവീകരണത്തിനും വേണ്ടി വിവിധ പദ്ധതികളിലായി നല്ലൊരു തുക ലഭിക്കുന്നുണ്ട്. ഈ തുകയില്‍ ആരോപണ സ്ഥാനത്തുള്ള മൂന്നു അധ്യാപകരും കൂടി വെട്ടിപ്പ് നടത്തുനുണ്ടെന്ന് ജലജ ടീച്ചര്‍ തന്നെ പറയുന്നു.

“അവിടെ പൈസയുടെ അഴിമതിയുണ്ട്. അതുകൊണ്ടാണല്ലോ അവര്‍ പിടിച്ചു നില്‍ക്കുന്നത്. രണ്ടു ഡിപ്പാര്‍ട്ട്മെന്റുകള്‍ കൂടിച്ചേര്‍ന്ന സ്‌കൂളാണത്. എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റും. ഈ രണ്ട് ഫണ്ടുകളും അവിടെ വരുന്നുണ്ട്. ഫണ്ട് കൈകാര്യം ചെയ്യുന്നത് ഇവരൊക്കെ തന്നെയാണ്. ഇവര്‍ക്ക് സപ്പോര്‍ട്ട് ചെയ്യുന്ന കൊറച്ചു ആയമാരും വാച്ച്മാന്മാരും ഉണ്ട്. കുട്ടികളെ നോക്കുന്നത് ആയമാരാണ്. അടുത്ത വര്‍ഷവും നിങ്ങള്‍ക്ക് ഇവിടെ തുടരണമെങ്കില്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് സപ്പോര്‍ട്ട് ചെയ്യണം എന്നാണ് ഈ സംഘം പറയുന്നത്. സ്വാഭാവികമായും ദിവസ വേതനക്കാര്‍ നിലനില്‍പ്പിനു വേണ്ടി അവരെ സപ്പോര്‍ട്ട് ചെയ്യും.”

“ഹോസറ്റലില്‍ സൗകര്യം കുറവാണ്. ബത്ത് റൂമിലൊക്കെ ചളി ഒക്കെ ഉണ്ടാവാറുണ്ട്. ബാത്ത് റൂം വൃത്തിയാക്കാനൊക്കെ ആള്‍ക്കാരുണ്ട്. ബാത്ത് റൂം ബ്ലോക്ക് ആയി കെട്ടിക്കിടക്കാറുണ്ട്. മെനുവില്‍ രാവിലെ 5 മണിക്ക് എണീക്കണം. ഞങ്ങള്‍ ഏഴു മണിക്കൊക്കെ എണീക്കലൊള്ളൂ. 10 മണിക്ക് കെടക്കണം. രാവിലെ എണീറ്റില്ലെങ്കില്‍ സാറ് ഒന്നാമത് ഡോറില്‍ അടിക്കും. രണ്ടാമത് വരുമ്പോള്‍ കാലില്‍ക്കൂടി അടിക്കും. ഹാള് പോലുള്ള റൂമിലാണ് കിടക്കുന്നത്. ഒമ്പത് പത്തു ആളുകളുണ്ട്. റൂമിന്റെ ഡോര്‍ ഒന്നും അടക്കാന്‍ പാടില്ല. പെണ്‍കുട്ടികളുടെ ഹോസ്റ്റലിലും റൂമിന്റെ ഡോര്‍ അടക്കാന്‍ പാടില്ല. പെണ്‍കുട്ടികളെ ഹോസ്റ്റലില്‍ വരാന്തയില്‍ നില്‍ക്കാന്‍ പോലും വിടില്ല. ഗ്രൗണ്ടില്‍ക്കൊന്നും ഇറങ്ങാന്‍ സമ്മതിക്കില്ല. ഞങ്ങള്‍ക്ക് ഫുട്ബോള്‍ കളിയുണ്ട്”- അനന്തു ഡൂള്‍ന്യൂസിനോട് പറഞ്ഞു.

“കുട്ടികള്‍ കുടിക്കുന്ന വെള്ളവും കുളിക്കുന്ന സ്ഥലവും കക്കൂസും വളരെ വൃത്തികെട്ടതാണ്. ബസ് സ്റ്റാന്‍ഡിലെ ടോയിലറ്റ് ഇതിനേക്കാളും കൂടുതല്‍ വൃത്തിയുണ്ടാകും. അടിക്കാനും തൊടക്കാനും സ്റ്റാഫുകള്‍ ഉണ്ട്. പക്ഷേ, ആദിവാസി കുട്ടികള്‍ക്ക് എന്തിനാ വൃത്തി എന്നാണ് അവരുടെ പക്ഷം. സ്‌കൂള്‍ അവര്‍ വൃത്തിയാക്കുന്നുണ്ട്. ഹോസ്റ്റലില്‍ നല്ല ഫാനില്ല, ലൈറ്റില്ല, ബെഡ്ഡില്ല, കട്ടിലില്ല. കുട്ടികള്‍ക്ക് കുളിക്കാന്‍ ഒരു ടാങ്ക് കെട്ടിയിട്ടുണ്ട്. അതു പോലും ഇവര്‍ വൃത്തിയാക്കില്ല. അഞ്ചു വയസ്സുമുതല്‍ കുട്ടികള്‍ ഈ ഹോസ്റ്റലിലാണ്. കാട്ടുനായിക്കര്‍ കുട്ടികള്‍ക്ക് ടോയിലറ്റ് ഉപയോഗിച്ചും ടാങ്കില്‍ നിന്ന് കുളിച്ചും ശീലമില്ല. ഇതൊക്കെ ഇവരല്ലേ ശീലിപ്പിച്ചു കൊടുക്കേണ്ടത്. പുറത്തുള്ള കുട്ടികളെ കാണുന്ന രീതിയിലാണ് കാട്ടുനായ്ക്കര്‍, ചോലനായ്ക്കര്‍ കുട്ടികളെ ഇവര്‍ കാണുന്നത്. കുട്ടികളുടെ കള്‍ച്ചര്‍ മനസ്സിലാക്കാനോ രീതികള്‍ മനസ്സിലാക്കാനോ ഇവര്‍ തയ്യാറാകുന്നില്ല.

ആദിവാസിക്ക് ആദിവാസികളുടെ രീതിയുണ്ടെന്ന് ഇവര്‍ മനസ്സിലാക്കണ്ടേ. ആദിവാസിയായിട്ടുള്ള ഒരു അധ്യാപിക മാത്രമാണ് സ്‌കൂളിലുള്ളത്. മോഹനന്‍ എന്ന കുക്കിനെ അവര്‍ പുറത്താക്കി. മോഹനന്‍ കുട്ടികളുടെ പ്രശ്‌നത്തില്‍ ഇടപ്പെട്ടിരുന്നു. രണ്ടു വര്‍ഷം അവിടെ നിര്‍ത്തിയൊള്ളൂ. ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇവര്‍ക്ക് സപ്പോര്‍ട്ടാണ്. സ്‌കൂളിന്റെ ചെയര്‍മാന്‍ കളക്ടറാണ്. കളക്ടര്‍ മൂന്നുമാസത്തിലൊരിക്കല്‍ വരും കാര്യങ്ങള്‍ നോക്കി പോകും. നിലവില്‍ രണ്ടു പരാതികള്‍ കളക്ടര്‍ക്ക് കൊടുത്തിട്ടുണ്ട്. അതിലൊന്നും നടപടി ആയിട്ടില്ല. ഈ സംഭവമൊക്കെ ആയിട്ട് പോലും ഒരാളെ സസ്‌പെന്റ് ചെയ്യാന്‍ പോലും അധികൃതര്‍ തയ്യാറായിട്ടില്ല. അനില്‍കുമാര്‍ മാഷ് ജലജ ടീച്ചറെ ലൈംഗികമായി പീഡിപ്പിക്കാന്‍ നോക്കി. അതില്‍ ടീച്ചര്‍ പരാതി കൊടുത്തിരുന്നു. – ആദിവാസി പ്രവര്‍ത്തകയായ ചിത്ര പറയുന്നു.

ജലജ ടീച്ചര്‍ക്ക് അവിടെ നിന്നും ട്രാന്‍സ്ഫര്‍ കിട്ടിയ കഥകൂടി പറഞ്ഞു. തൊഴിലിടങ്ങളില്‍ സുരക്ഷിതമായും മനസ്സമാധാനത്തോടേയും തൊഴില്‍ ചെയ്യാനുള്ള പ്രാഥമിക അവകാശം എല്ലാവര്‍ക്കുമുണ്ട്. നിരന്തരമായി ഒരാള്‍ക്കെതിരെ പരാതികള്‍ വരുമ്പോള്‍ അധികാരികള്‍ അതില്‍ അന്വേഷണം നടത്താനുള്ള സഹിഷ്ണുത പോലും കാണിക്കാതെ പരാതി ഉന്നയിച്ച ആളെ സ്ഥലം മാറ്റുന്നത് എന്ത് നീതിയാണെന്നാണ് ജലജ
ടീച്ചര്‍ ചോദിച്ചത്.

“അവര്‍ എന്നെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ വേണ്ടി ഭയങ്കരമായി ശ്രമിക്കാന്‍ തുടങ്ങിയിട്ട് കൊറേ കാലമായി. ഈ അധ്യായന വര്‍ഷമാണ് ട്രാന്‍സ്ഫര്‍ ആയത്. പ്രിന്‍സിപ്പല്‍ സൗദാമിനി എന്നോട് മോശമായി ബീഹേവ് ചെയ്തിരുന്നു. ഒരു ലീവിന്റെ പ്രശ്‌നത്തില്‍ ചോദ്യം ചെയ്തപ്പോള്‍ നെഞ്ചില് പിടിച്ചു തള്ളി. ഭാഗ്യം കൊണ്ട് തലയടിച്ചു വീണില്ല. എന്റെ മക്കളാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. ഒരാഴ്ച റെസ്റ്റ് എടുക്കണം എന്നു ഡോക്ടര്‍ പറഞ്ഞു. ടീച്ചര്‍ക്ക് എങ്ങനെയെങ്കിലും എന്നെ അവിടുന്ന് മാറ്റണമായിരുന്നു. എനിക്കെതിരെ കൊറേ കള്ളക്കഥകള്‍ ഉണ്ടാക്കുകയും പട്ടിക വര്‍ഗ വകുപ്പില്‍ പരാതി കൊടുക്കുകയും ചെയ്തിരുന്നു. കളക്ടര്‍ക്കും ഡി.ഡിക്കും ഒക്കെ എന്നെക്കുറിച്ച് കള്ളപ്പരാതികള്‍ കൊടുത്തിരുന്നു. ഇങ്ങനെത്തെ കാര്യങ്ങള്‍ക്ക് ക്രിയേറ്റിവിറ്റി കൂടുതലാണ് അവര്‍ക്ക്.

സതീഷിന്റെ മരണ ശേഷം സ്കൂളിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച്

നാലു അധ്യാപകര്‍ ടീച്ചര്‍ക്ക് സഹായിക്കുന്നുണ്ട്,. അധ്യാപരുടെ തെറ്റുകള്‍ പ്രധാനാധ്യാപിക മറച്ചു വെക്കും. എച്ച്.എമ്മിന്റെ തെറ്റുകള്‍ അധ്യാപകരും മറച്ചു വെക്കും. അങ്ങനെ ഒന്നിച്ചുള്ള നീക്കങ്ങളാണ് അവിടെ നടക്കുന്നത്. ഞാന്‍ ഒറ്റയ്ക്ക് സത്യം പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. അവര്‍ക്കാണ് അംഗബലം കൂടുതല്‍. ഇപ്പോള്‍ കുട്ടികളുടെ ജീവന്‍ വരെ വെച്ചിട്ടുള്ള കളികളാണ് അവിടെ നടക്കുന്നത്. 18 വര്‍ഷം അവിടെ ജോലി ചെയ്തു. 9 പ്രധാനാധ്യാപികമാരുടെ കീഴില്‍ മനസ്സമാധാനത്തോടെ വര്‍ക്ക് ചെയ്യാന്‍ പറ്റി. ഈ പ്രിന്‍സിപ്പല്‍ 2013-ലാണ് വന്നത്. പക്ഷേ, ഈ ടീച്ചര്‍ മാത്രം വളരെ അബദ്ധമാണ്. ഇവര്‍ ആരെയാണോ ലക്ഷ്യം വെക്കുന്നത് അവരെ ഒറ്റപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യും. മരിച്ച മനസ്സോടെ അവിടെ നിന്നും ഇറങ്ങിപ്പോരേണ്ട അവസ്ഥ. അങ്ങനെ അവിടെ നിന്നും പോന്ന ഒരാളാണ് ഞാന്‍. വര്‍ഷങ്ങളായി അവിടെ തുടര്‍ന്നു പോരുന്ന കാര്യമാണിത്.

ജലജ ടീച്ചര്‍ പറഞ്ഞു നിര്‍ത്തുമ്പോള്‍ കൂട്ടിച്ചേര്‍ത്ത വാചകം സതീഷ് ഞാന്‍ പഠിപ്പിച്ച കുട്ടിയാണ്. മരണ വാര്‍ത്ത അറിഞ്ഞത് മുതല്‍ ഉറങ്ങാന്‍ കഴിയുന്നില്ല. ഇനിയെങ്കിലും ആ കുട്ടികള്‍ക്ക് നീതി ലഭിക്കണം എന്നാണ്. അതേ, ആ കുട്ടികള്‍ക്ക് നീതി ലഭിക്കണം. പക്ഷേ ഇനി എന്നാണ് ആ കുട്ടികള്‍ക്ക് നീതി ലഭിക്കുക എന്ന ചോദ്യം കൂടി ചേര്‍ത്തു വായിക്കേണ്ടതുണ്ട്. വൈകി കിട്ടുന്ന നീതി മരണപ്പെട്ട മൂന്നു കുട്ടികള്‍ക്ക് പകരമാകില്ല. പഠിച്ചു ഉന്നതിയിലെത്താന്‍ കൊതിച്ചു പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചു പോയ കുട്ടികള്‍ക്ക് പകരമാകില്ല, പേടിച്ച് അധ്യാപകര്‍ക്ക് മുമ്പില്‍ നില്‍ക്കേണ്ട പെണ്‍കുട്ടികള്‍ക്ക് പകരമാകില്ല, അധ്യാപകരുടെ കയ്യിന്റേയും ചൂരലിന്റേയും നീറ്റല്‍ ഇപ്പോഴും അനുഭവിക്കുന്ന കുട്ടികളുടെ ഭയപ്പാടുകള്‍ക്ക് പകരമാകില്ല, പ്രതീക്ഷകള്‍ നഷ്ടപ്പെട്ടു ജീവിക്കുന്ന ഇവരുടെ മാതാപിതക്കളുടെ വേദനകള്‍ക്കും പകരമാകില്ല.

മനസ്സും ശരീരവും ഒരുപേരെ നൊന്ത് ആ സ്‌കൂളില്‍ ഇപ്പോഴും കുട്ടികള്‍ പിടിച്ചു നില്‍ക്കുന്നുണ്ടെങ്കില്‍ അത് അവരുടെ ജീവിതത്തെ കുറിച്ചോര്‍ത്തു മാത്രമാണ്. ഒരു സമൂഹത്തിന്റെ ഉന്നതി വിദ്യാഭ്യാസത്തിലൂടെയാണെന്ന ഉറച്ച ബോധ്യം ആ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉള്ളതു കൊണ്ടാണ്. പക്ഷേ സാക്ഷര കേരള സമൂഹം ഇനിയെങ്കിലും മിണ്ടിത്തുടങ്ങണം, കാരണം ഭരണഘടന വിഭാവനം ചെയ്ത സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി എല്ലാ പൗരനും ഒരുപോലെയാണ്. നിങ്ങളുടെ സഹാജീവികള്‍ക്ക് വേണ്ടി നിങ്ങളല്ലാതെ മറ്റാരാണ് മിണ്ടാനുള്ളത്. അതിന് ആദ്യം ആദിവാസികളെ നിങ്ങളുടെ സഹജീവികളായി അംഗീകരിക്കാനുള്ള മനസ്സും കാണിക്കണം.

ജംഷീന മുല്ലപ്പാട്ട്

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം