തിരുവനന്തപുരം: ജാതി വിവേചനം കാണിക്കുന്നു എന്ന് ആരോപിച്ച് കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിലെ വിദ്യാര്‍ഥികള്‍ ഡയറക്ടര്‍ ശങ്കര്‍ മോഹന് എതിരായി ഒരാഴ്ചയായി സമരത്തിലാണ്. ശങ്കര്‍ മോഹന്റെ രാജി അടക്കം ആവശ്യപ്പെട്ട് വിദ്യാര്‍ഥി കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് സമരം.
വിഷയത്തില്‍ ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപലാകൃഷ്ണന്‍ നടത്തിയ പ്രതികരണം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായായിരുന്നു.
ശങ്കര്‍ മോഹനില്‍ നിന്ന് ജാതീയമായ പെരുമാറ്റം താങ്കള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, മോഹനന്‍ ഒരു ജാതിവാദിയായി പെരുമാറുന്നത് കണ്ടിട്ടില്ലെന്നും അദ്ദേഹം വരുന്നത് ഒരു കുലീന കുടുംബത്തില്‍ നിന്നാണെന്നും നല്ല മര്യദക്കാരനാണെന്നുമായിരുന്നു അടൂരിന്റെ പ്രതികരണം.
‘ഞാന്‍ മോഹനന്‍ ഒരു ജാതിവാദിയായി പെരുമാറുന്നത് കണ്ടിട്ടില്ല. അദ്ദേഹം കേരളത്തിലല്ല മുമ്പ് ജീവിച്ചിരുന്നത്. അദ്ദേഹം ജനിച്ചതും വളര്‍ന്നതും ദല്‍ഹിയിലാണ്. അദ്ദേഹത്തിന്റെ അച്ഛന്‍ ഒരു സീനിയര്‍ ഓഫീസറാണ്. അമ്മ അമേരിക്കയില്‍ നിന്ന് പി.എച്.ഡി എടുത്തയാളാണ്. അദ്ദേഹം വരുന്നത് ഒരു കുലീന കുടുംബത്തില്‍ നിന്നാണ്. ശങ്കറിന് ആവശ്യത്തിന് ക്വാളിഫിക്കേഷനുകളുണ്ട്.
നല്ല മര്യദക്കാരനാണ്. ഈ സ്ഥാപനത്തെ പുതുക്കുന്നതിലും വികസിപ്പിക്കുന്നതിലും അദ്ദേഹം ശ്രമിക്കുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യം എന്താണെന്ന് ചോദിച്ചാല്‍, നിങ്ങളൊരു മലയാളിയാണ് എന്ന് പറഞ്ഞാല്‍ അവര്‍(ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍) അഡ്മിഷന്‍ നിങ്ങള്‍ക്ക് തരില്ല. മലയാളികളെ അവര്‍ കരുതുന്നത് വഴക്കാളികള്‍ എന്നാണ്, ഇപ്പോള്‍ ഞങ്ങള്‍ക്കും മനസ്സിലാകുന്നുണ്ട് എന്തുകൊണ്ടാണ് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ ലഭിക്കാത്തതെന്ന്.
കാരണം അവര്‍ കാര്യമില്ലാതെ പ്രതിഷേധങ്ങള്‍ നടത്തുന്നു. സ്റ്റുഡന്റ്സ് കൗണ്‍സിലില്‍ നിന്ന് എന്നെ അഭിസംബോധന ചെയ്തുകൊണ്ട് ഒരു കത്ത് എനിക്ക് ലഭിച്ചിട്ടുണ്ട്. ഞാനാ കത്ത് വായിച്ചു. അതില്‍ പറഞ്ഞിരിക്കുന്നതില്‍ എന്തെങ്കിലും സത്യമുണ്ടായിരുന്നിവെങ്കില്‍ എനിക്കത് മനസിലാകുമായിരുന്നു. എന്നാല്‍ അത് മൊത്തം നുണകളാണ്,’ എന്നായിരുന്നു അടൂര്‍ ഗോപലാകൃഷ്ണന്‍ പറഞ്ഞത്.
ഈ സന്ദര്‍ഭത്തിന്റെ പശ്ചാത്തലത്തില്‍ സ്റ്റുഡന്റ്സ് കൗണ്‍സില്‍ ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന് തുറന്ന കത്ത് അയച്ചിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. ഒരാളുടെ കുടുംബപശ്ചാത്തലം എങ്ങനെയാണ് അയാള്‍ക്ക് നേരെയുള്ള ആരോപണങ്ങള്‍ക്ക് മറുപടിയാകുന്നതെന്നാണ് വിദ്യാര്‍ത്ഥികള്‍ കത്തിലൂടെ ചോദിക്കുന്നത്.
വിദ്യാര്‍ത്ഥികളുടെ കത്തിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ട ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍,
ഞങ്ങള്‍ അനുഭവിച്ച വിവേചനങ്ങളും പറഞ്ഞ സത്യങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങള്‍ മാത്രമാണെന്ന് അങ്ങ് പറഞ്ഞതായി അറിയുന്നു. പെണ്‍കുട്ടികളും മലയാളം സംസാരിക്കാന്‍ പോലും അറിയാത്ത വിദ്യാര്‍ത്ഥികളും ഉള്‍പ്പെട്ട സംഘത്തെ, രാത്രി 11 മണിക്ക്, നല്‍കിയ മുറി വരെ ക്യാന്‍സല്‍ ചെയ്ത് തിരുവനന്തപുരം നഗരത്തില്‍ ഇറക്കി വിട്ടതിന് താങ്കള്‍ നല്‍കിയ മറുപടിയും വായിച്ചു.
കടുത്ത മനുഷ്യാവകാശലംഘനം നേരിട്ട അഞ്ച് സ്ത്രീകളുടെ തുറന്ന് പറച്ചിലുകളെ നിലനില്‍പിന് വേണ്ടിയുള്ള കേവലം നുണകളായി കണ്ടുള്ള ഉത്തരങ്ങളും ശ്രദ്ധാപൂര്‍വം വായിച്ചു.
താങ്കള്‍ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളും ജീവനക്കാരും വളരെയേറെ ഗൗരവകരമായ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ താങ്കള്‍ ഇതിനെ കുറിച്ച് ഈ ജീവനക്കാരോടോ, വിദ്യാര്‍ത്ഥികളോടോ സംസാരിച്ചിട്ടുണ്ടോ?
വിദ്യാര്‍ത്ഥികള്‍ വളരെ വിശദമായി താങ്കള്‍ക്ക് നല്‍കിയ പരാതിയിന്മേല്‍ മറുപടിയോ, ഒരു ചര്‍ച്ചയോ ഉണ്ടായിട്ടുണ്ടോ? പിന്നെ എങ്ങനെയാണ് താങ്കള്‍ ഞങ്ങള്‍ പറഞ്ഞത് മുഴുവന്‍ നുണയാണെന്നും, ഞങ്ങള്‍ ഈ മഹത്തായ സ്ഥാപനത്തെ നശിപ്പിക്കുന്നവരാണെന്നുമുള്ള ആരോപണങ്ങളിലേക്ക് എത്തിയത്?
ഞങ്ങളുടെ ഏത് പ്രവര്‍ത്തിയാണ് ഈ ആരോപണങ്ങള്‍ക്ക് താങ്കളെ പ്രേരിപ്പിച്ചത്? താങ്കള്‍ സത്യവാചകം ചൊല്ലി തന്ന് ചുമതലയേറ്റ സ്റ്റുഡന്റ്സ് കൗണ്‍സിലാണ് ശങ്കര്‍ മോഹന്റെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്നത്. ആരോപണ വിധേയനായ ശങ്കര്‍ മോഹനെ ‘കുലീന കുടുംബത്തില്‍ ജനിച്ചയാള്‍’ എന്നും വിശേഷിപ്പിച്ചു കണ്ടു. എങ്ങനെയാണ് സാര്‍ ഒരാളുടെ കുടുംബ പശ്ചാത്തലം അയാള്‍ക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കുള്ള മറുപടിയാക്കുന്നത്?
എന്ത് കൊണ്ടാണ് താങ്കള്‍ ഈ വ്യക്തിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്? സംവരണലംഘനവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്ന് താങ്കള്‍ പറഞ്ഞുവല്ലോ. പിന്നെ എങ്ങനെയാണ് 2022 ബാച്ചിലെ ഡയറക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റിലെ മുഴുവന്‍ സീറ്റിലും ജനറല്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക് മാത്രം അഡ്മിഷന്‍ ലഭിച്ചത്? എഡിറ്റിങ്ങില്‍ ആകെയുള്ള പത്ത് സീറ്റുകളില്‍ നാലെണ്ണം ഒഴിച്ചിട്ടപ്പോഴും എന്തുകൊണ്ടാണ് SC/ST വിഭാഗത്തില്‍ ശരത്ത് എന്ന വിദ്യാര്‍ഥിക്ക് അര്‍ഹതപ്പെട്ട സംവരണ സീറ്റ് നല്‍കാതെ പോയത്? സംവരണ ലംഘനം ഉണ്ടായിട്ടില്ല എങ്കില്‍ എന്തുകൊണ്ടാണ് ആ വിദ്യാര്‍ത്ഥിക്ക് സീറ്റ് നല്‍കണം എന്ന കോടതി ഉത്തരവ് ഉണ്ടായത്?
ശങ്കര്‍ മോഹന്‍ പറഞ്ഞ പോലെ യോഗ്യത ഇല്ലാത്ത വിദ്യാര്‍ത്ഥിയായിരുന്നു ശരത് എങ്കില്‍ എങ്ങനെയാണ് SRFTI കൊല്‍ക്കത്ത പോലെ മികച്ച ഒരു സ്ഥാപനത്തില്‍ അയാള്‍ക്ക് സീറ്റ് ലഭിച്ചത്? ഞങ്ങള്‍ പറയുന്നത് നുണകള്‍ ആണെങ്കില്‍ ഇതുസംബന്ധിച്ച സത്യങ്ങള്‍ താങ്കള്‍ വെളിപ്പെടുത്തുമല്ലോ.
താങ്കളോട് കണ്‍സള്‍ട്ട് ചെയ്ത ശേഷം മാത്രമാണ് ഇന്‍സ്റ്റിറ്റ്യൂട്ടിനകത്ത് എല്ലാം നടക്കുന്നതെന്ന് താങ്കള്‍ പറഞ്ഞല്ലോ, വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ ലംഘിക്കുന്ന ക്ലോസുകള്‍ അടങ്ങുന്ന മുദ്രപത്രങ്ങള്‍ ഓരോ വിദ്യാര്‍ത്ഥിയില്‍ നിന്നും ഒപ്പിട്ട് വാങ്ങിയത് അങ്ങയുടെ അറിവോട് കൂടെ തന്നെയാണോ? വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന് പുറത്തേക്ക് പോകാന്‍ HOD യുടെ അനുവാദം വേണമെന്നും അല്ലെങ്കില്‍ പിഴ നല്‍കണമെന്നുമുള്ള ക്ലോസ് താങ്കളുടെ കൂടെ അറിവോടെ ചേര്‍ത്തതാണോ? മാറി മാറി വരുന്ന ഡയറക്റ്ററുടെ എല്ലാ ഓര്‍ഡറുകളും വിദ്യാര്‍ത്ഥികള്‍ അനുസരിക്കണം എന്നും ഇതൊക്കെ ലംഘിക്കുന്ന പക്ഷം വിദ്യാര്‍ത്ഥിയെ പുറത്താക്കാന്‍ പോലും ഇന്‍സ്റ്റിറ്റ്യൂട്ടിന് കഴിയും എന്നിങ്ങനെ ഉള്ള ക്ലോസുകള്‍ താങ്കള്‍ കൂടെ അറിഞ്ഞു കൊണ്ട് കൊണ്ടുവന്നതാണോ?
ശങ്കര്‍ മോഹന്‍ എന്ന ഡയറക്റുടെ ന്യായങ്ങള്‍ മാത്രം കേട്ടിട്ട് താങ്കള്‍ പ്രതികരിക്കും മുന്‍പേ വിദ്യാര്‍ത്ഥികള്‍ ഈ സ്ഥാപനത്തില്‍ നേരിടുന്ന വിവേചനങ്ങള്‍, ഞങ്ങള്‍ കടന്നു പോകുന്ന മാനസിക സമ്മര്‍ദങ്ങള്‍ എന്നിവയെ കുറച്ചുകൂടി താങ്കള്‍ അറിയേണ്ടതുണ്ട്. വിവേചനം നേരിട്ടു എന്ന് പറഞ്ഞ ജീവനക്കാരെ കൂടി താങ്കള്‍ കേള്‍ക്കേണ്ടതുണ്ട്.
Content Highlights: Students open letter to Adoor Gopalakrishnan ‘How does one’s family background answer the charges against him?