പൗരത്വനിയമത്തില്‍ പ്രതിഷേധം; രാഷ്ട്രപതിയുടെ മെഡല്‍ നിരസിച്ച് മലയാളി വിദ്യാര്‍ത്ഥിയും
CAA Protest
പൗരത്വനിയമത്തില്‍ പ്രതിഷേധം; രാഷ്ട്രപതിയുടെ മെഡല്‍ നിരസിച്ച് മലയാളി വിദ്യാര്‍ത്ഥിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd December 2019, 8:11 am

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് രാഷ്ട്രപതി റാംനാഥ് കോവിന്ദില്‍ നിന്ന് സ്വര്‍ണ്ണമെഡല്‍ ഏറ്റുവാങ്ങുന്നത് നിരസിച്ച് വിദ്യാര്‍ത്ഥികള്‍. പോണ്ടിച്ചേരി സര്‍വ്വകലാശാലയില്‍ തിങ്കളാഴ്ച്ച നടക്കുന്ന ബിരുദദാന ചടങ്ങാണ് റാങ്ക് ജേതാവടക്കം നിരവധി പേര്‍ ബഹിഷ്‌ക്കരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എം.എസ്.സി ഇലക്ട്രോണിക് മീഡിയ കോഴ്‌സിലെ ഒന്നാം റാങ്കുകാരിയായ കോട്ടയം സ്വദേശി കാര്‍ത്തിക ബി.കുറുപ്പും ചടങ്ങ് ബഹിഷ്‌ക്കരിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഉള്‍പ്പെടും.സ്റ്റുഡന്‍സ് കൗണ്‍സിലാണ് ഇക്കാര്യം അറിയിച്ചത്.

2018 ലാണ് കാര്‍ത്തിക ഒന്നാം റാങ്കോടെ കോഴ്‌സ് പൂര്‍ത്തിയാക്കിയത്. 24 ന്യൂസില്‍ പ്രോഗ്രാം പ്രൊഡ്യൂസറായി ജോലി ചെയ്യുകയാണ് കാര്‍ത്തിക.

അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോണ്ടിച്ചേരിയില്‍ 27 ന് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഡി.എം.കെയും കോണ്‍ഗ്രസുമാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന് മുന്നോടിയായി 26 ന് ഇരുപാര്‍ട്ടികളുടെയും നേതൃത്വത്തില്‍ പോണ്ടിച്ചേരിയില്‍ പ്രതിഷേധ റാലിക്കും ആഹ്വാനം ചെയ്തു.

മദ്രാസ് ഐ.ഐ.ടിയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്കും മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി എടുക്കുമെന്നും കാമ്പസിന് പുറത്ത് പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കുന്നുണ്ടെന്നും മദ്രാസ് ഐ.ഐ.ടിഡീന്‍ അറിയിച്ചു. ഇ മെയില്‍ മുഖേനയാണ് താക്കീത് നല്‍കിയത്.
പ്രകടനം ഐ.ഐ.ടി പാരമ്പര്യമല്ലെന്നാണ് മദ്രാസ് ഐ.ഐ.ടിയുടെ വിശദീകരണം. എന്നാല്‍ നടപടി മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും പ്രതിഷേധം തുടരുമെന്നും വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ