| Wednesday, 22nd February 2017, 2:49 pm

ലക്കിടി കോളേജില്‍ ക്യഷ്ണകുമാറിനെതിരെ പോസ്റ്റര്‍; ക്ലാസെടുക്കാന്‍ പറ്റില്ലെന്ന് വിദ്യാര്‍ത്ഥികള്‍, സ്വയം അധ്യാപകരായി വിദ്യാര്‍ത്ഥികളുടെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്കിടി: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെതിരെ പോസ്റ്റര്‍ ഒട്ടിച്ചതില്‍ പ്രതിഷേധിച്ച് അധ്യാപകര്‍ സമരം ചെയ്തപ്പോള്‍ സ്വന്തം ക്ലാസെടുത്ത് വിദ്യാര്‍ത്ഥികളുടെ തിരിച്ചടി. നെഹ്‌റു ഗ്രൂപ്പിന്റെ ലക്കിടിയിലെ ജവഹര്‍ലാല്‍ എഞ്ചിനീയറിംഗ് കോളേജിലാണ് വിദ്യാര്‍ത്ഥികള്‍ പോസ്റ്റര്‍ ഒട്ടിച്ചതിന് എതിരെ അധ്യാപകര്‍ സമരം ചെയ്യുന്നത്.

ജിഷ്ണുവിന്റെ ഓര്‍മ്മയ്ക്കായി സംഘടിപ്പിക്കുന്ന ടെക് ഫെസ്റ്റിന്റെ പോസ്റ്റര്‍ സ്റ്റാഫ് റൂമില്‍ ഒട്ടിച്ചതോടെയാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും തമ്മിലുള്ള പ്രശ്‌നം ആരംഭിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ഒട്ടിച്ച പോസ്റ്റര്‍ അധ്യാപകര്‍ കീറിക്കളയുകയായിരുന്നു. ഇതിനെതിരെ കോളേജ് ബസ്സില്‍ ചെയര്‍മാന്‍ കൃഷ്ണദാസിന്റെ ചിത്രമടക്കം വാണ്ടഡ് കൃഷ്ണദാസ് എന്ന പോസ്റ്റര്‍ പതിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഈ പോസ്റ്ററും അധ്യാപകര്‍ കീറിക്കളഞ്ഞു. ഇതിനെതിരെ വിദ്യാര്‍ത്ഥികളുടെ ഭാഗത്തു നിന്നും കഴിഞ്ഞ ദിവസം പ്രതിഷേധമുണ്ടായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ കോളേജിലെത്തിയപ്പോള്‍ ക്ലാസെടുക്കില്ലെന്ന് അധ്യാപകര്‍ അറിയിക്കുകയായിരുന്നു. പിന്നീട് അധ്യാപകര്‍ മെയിന്‍ ബ്ലോക്കില്‍ ഒത്തു ചേരുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ തന്നെ ക്ലാസെടുക്കാന്‍ തീരുമാനിച്ചതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

അതേസമയം, കൃഷ്ണദാസിന്റെ ഇടക്കാല ജാമ്യം ഹൈക്കോടതി രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു. നാളെ കേസ് വീണ്ടും പരിഗണിക്കും. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് കൃഷ്ണദാസിനെതിരെ ചുമത്തിയിട്ടുള്ള ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കുമോ എന്നും കോടതി ആരാഞ്ഞിരുന്നു. ജിഷ്ണു സര്‍വ്വകലാശാലയ്ക്ക് അയച്ച കത്തിന്റെ പകര്‍പ്പ് ഹാജരാക്കാനും കോടതി ഉത്തരവിട്ടിരുന്നു.


Also Read: അത് ഒറ്റപ്പെട്ട സംഭവം തന്നെ; കോടിയേരിയുടെ പ്രസ്താവന ആവര്‍ത്തിച്ച് എം.വി ജയരാജന്‍, കണ്ണൂരെന്ന് കേട്ടാല്‍ ചിലര്‍ ചുവപ്പ് കണ്ട കാളയെപ്പോലെയെന്നും ജയരാജന്‍


ജിഷ്ണുവിന്റെ ഓര്‍മ്മയ്ക്കായി സംഘടിപ്പിക്കുന്ന ടെക് ഫെസ്റ്റിന് കൊമേഴ്‌സ് 2K 17 എന്നാണ് പേരിട്ടിരിക്കുന്നത്. പഠനശേഷം ആരംഭിക്കാനിരുന്ന കമ്പനിയ്ക്ക് ജിഷ്ണു നല്‍കാന്‍ തീരുമാനിച്ചിരുന്ന പേരായിരുന്നു ഇത്.

ആറായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജില്‍ ആകെ ആറ് ഡിപ്പാര്‍ട്ട്‌മെന്റുകളാണുള്ളത്. ഇതില്‍ ഒരു ഡിപ്പാര്‍ട്ട്‌മെന്റിലേയും അധ്യാപകര്‍ പഠിപ്പിക്കാന്‍ തയ്യാറാകാതെ വന്നതോടെയാണ് വിദ്യാര്‍ത്ഥികള്‍ സ്വയം അധ്യാപകരായത്.

We use cookies to give you the best possible experience. Learn more