| Thursday, 22nd March 2018, 9:55 pm

വേണമെങ്കില്‍ സ്വന്തം കാശിനു ഹോസ്റ്റല്‍ ജീവനക്കാരെ നിയമിക്കണമെന്ന് വിദ്യാര്‍ത്ഥികളോട് കേരള-കേന്ദ്ര സര്‍വ്വകലാശാല; നടപടിയ്ക്കെതിരെ അനിശ്ചിതകാല നിരാഹാര സമരവുമായി വിദ്യാര്‍ത്ഥികള്‍

ഗോപിക

കാസര്‍ഗോഡ് കേന്ദ്രസര്‍വ്വകലാശാലയില്‍ യൂണിവേഴ്‌സിറ്റി തീരുമാനങ്ങള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ വീണ്ടും സമരത്തില്‍. ഹോസ്റ്റല്‍ മെസ്സിലെ പാചകത്തൊഴിലാളികളെ വിദ്യാര്‍ഥികള്‍ തന്നെ നിയമിക്കണമെന്ന സര്‍വ്വകലാശാല നിയമത്തിനെതിരെയാണ് വിദ്യാര്‍ഥികള്‍ സമരരംഗത്തിറങ്ങിയത്. കോളേജ് വിദ്യാര്‍ഥി യൂണിയന്റെ നേതൃത്വത്തിലാണ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്.

നിലവില്‍ സര്‍വ്വകലാശാലയില്‍ മൂന്ന് ഹോസ്റ്റലുകളിലായി 16 പാചകത്തൊഴിലാളികളാണുള്ളത്. ഇവരുടെ നിയമനവും ശമ്പളവും നല്‍കിയിരുന്നത് സര്‍വ്വകലാശാല തന്നെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവരെ പിരിച്ചുവിടാനാണ് സര്‍വ്വകലാശാലാധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമെങ്കില്‍ അവര്‍ തന്നെ പാചകത്തിന് തൊഴിലാളികളെ നിയമിക്കമെന്നാണ് സര്‍വ്വകലാശാലയില്‍ നിന്നുള്ള പുതിയ ഉത്തരവ് എന്നാണ് വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നത്.

ഇത്തരത്തില്‍ ഹോസ്റ്റല്‍ മെസ്സിന്റെ ചുമതല വിദ്യാര്‍ഥികള്‍ ഏറ്റെടുക്കുന്നത് വലിയ സാമ്പത്തിക ബാധ്യത വിദ്യാര്‍ഥികള്‍ക്കിടയില്‍ സൃഷ്ടിക്കാന്‍ കാരണമാകുമെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്‍ ആരോപിക്കുന്നത്.

ഇതാദ്യമായല്ല സര്‍വ്വകലാശാലയുടെ അടിസ്ഥാനസൗകര്യക്കുറവിനെതിരെ സമരങ്ങളുണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷം മതിയായ ഹോസ്റ്റല്‍ സംവിധാനങ്ങള്‍ ഇല്ലെന്നാരോപിച്ച് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ കുത്തിയിരിപ്പ് സമരം നടത്തിയതിനെത്തുടര്‍ന്ന് പുതിയ ഹോസ്റ്റല്‍ തുറന്നുകൊടുക്കുകയും സമരം ഒത്തുതീര്‍പ്പാക്കുകയും ചെയ്തിരുന്നു. രണ്ട് ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ വാടകയ്‌ക്കെടുത്താണ് അന്ന് ആ പ്രശ്‌നം പരിഹരിച്ചത്. എന്നാല്‍ ഇപ്പോള്‍ വാടകയ്‌ക്കെടുത്ത ഹോസ്റ്റലുകള്‍ നിര്‍ത്തലാക്കാനാണ് സര്‍വ്വകലാശാലയുടെ നീക്കമെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

നിലവിലുള്ള ഹോസ്റ്റലിലെ പാചകത്തൊഴിലാളികളെ കുട്ടികള്‍ നിലനിര്‍ത്തണമെന്ന സര്‍വ്വകലാശാല തീരുമാനം ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. സമരം സംബന്ധിച്ച് യൂണിവേഴ്‌സിറ്റി പുറത്തിറക്കിയ പ്രസ്സ് റിലീസ്സില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം അനാവശ്യമാണെന്നും മറ്റെല്ലാ സര്‍വ്വകലാശാലകളിലും വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള സ്റ്റുഡന്റ് മെസ്സാണ് പ്രവര്‍ത്തിക്കുന്നതെന്നുമാണ് പറയുന്നത്.

മറ്റ് സര്‍വ്വകലാശാലകളില്ലെല്ലാം തന്നെ കുട്ടികളുടെ നേതൃത്വത്തിലുള്ള മെസ്സ് കമ്മിറ്റികള്‍ തന്നെയാണ് പാചകത്തൊഴിലാളികളുടെയും ജീവനക്കാരുടെയും ശമ്പളം നല്‍കുന്നതെന്നും അതുകൊണ്ട് തന്നെ സമരത്തിന്റെ യാതൊരു ആവശ്യവും ഇല്ലെന്നും സര്‍വ്വകലാശാല അധികൃതര്‍ പറയുന്നു.

ഹോസ്റ്റലിന്റെ സൗകര്യങ്ങളുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ സമരം ആരംഭിച്ചിരിക്കുന്നതെന്നും ഔട്ട് സോഴ്‌സിഡ് ആയുള്ള സ്റ്റാഫുകളുടെ എണ്ണം കൂടുതലാണെന്ന് പറഞ്ഞ് സര്‍വ്വകലാശാലാധികൃതര്‍ അടിസ്ഥാന ജീവനക്കാരെ പിരിച്ചുവിടാനുള്ള ശ്രമത്തിലാണെന്നും സര്‍വ്വകലാശാല വിദ്യാര്‍ഥിനി കൃഷ്ണ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

“ഹോസ്റ്റലില്‍ മാത്രമല്ല ലൈബ്രറിയിലും മറ്റുമുള്ള സ്റ്റാഫുകളെ പിരിച്ചുവിട്ട അധികൃതര്‍ പകരം ആള്‍ക്കാരെ നിയമിച്ചിരിക്കുകയാണ്. പുറത്തേ ഔട്ട്‌സോഴ്‌സിംഗ് ഏജന്‍സി വഴി നിയമനങ്ങള്‍ നടത്തുന്നതിനെതിരെ വിദ്യാര്‍ഥികളില്‍ നിന്ന് വ്യാപക പരാതിയുയര്‍ന്നതിനെത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ തന്നെ ഹോസ്റ്റല്‍ ജീവനക്കാരെ നിയമിക്കണമെന്ന ഉത്തരവുമായി പ്രതികാര നടപടിയിലേക്ക് സര്‍വ്വകലാശാല തിരിഞ്ഞത്” കൃഷ്ണ പറയുന്നു.

ഹോസ്റ്റല്‍ പ്രശ്‌നങ്ങള്‍ മാത്രമല്ല സര്‍വ്വകലാശാല അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. നിലവില്‍ സര്‍വ്വകലാശാലയില്‍ പി.എച്ച്.ഡി വിദ്യാര്‍ഥികളുടെ മേലും കടുത്ത നടപടികളുമായാണ് സര്‍വ്വകലാശാല നീങ്ങുന്നതെന്നും കൃഷ്ണ പറയുന്നു. “പഠനം പൂര്‍ത്തിയായി നാലുവര്‍ഷം കഴിഞ്ഞാല്‍ പി.എച്ച്.ഡി വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍ നില്‍ക്കാന്‍ പാടില്ലെന്ന ഉത്തരവും സര്‍വകലാശാലയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. അതു മാത്രമല്ല അടുത്ത അധ്യയന വര്‍ഷത്തില്‍ പുതുതായിയെത്തുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റല്‍ സൗകര്യങ്ങള്‍ ഒന്നും തന്നെ സര്‍വ്വകലാശാലയില്‍ ഇല്ല” കൃഷ്ണ ചൂണ്ടിക്കാട്ടി.


ALSO READ: സര്‍വ്വകലാശാലയെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ജെ.എന്‍.യു സമരത്തിലേക്ക്; അധ്യാപകരും വിദ്യാര്‍ത്ഥികളും പാര്‍ലമെന്റിലേക്ക് കാല്‍നട മാര്‍ച്ച് നടത്തും


ഇതിനുമുമ്പും ഇത്തരത്തില്‍ ഹോസ്റ്റല്‍ സൗകര്യത്തെ സംബന്ധിച്ച് പ്രതിഷേധമുണ്ടായപ്പോള്‍ താല്‍ക്കാലിക ഹോസ്റ്റല്‍ സംവിധാനം ഒരുക്കി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ ഈ താല്ക്കാലിക സംവിധാനവും നിര്‍ത്തലാക്കാനുള്ള ഉത്തരവുമായാണ് സര്‍വ്വകലാശാല രംഗത്തെത്തിയിരിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഇക്കൊല്ലം താല്ക്കാലിക ഹോസ്റ്റല്‍ സംവിധാനം പൂട്ടുമെന്നും അടുത്ത വര്‍ഷം മുതല്‍ വിദ്യാര്‍ഥികള്‍ തന്നെ താമസത്തിനുള്ള സൗകര്യം നോക്കേണ്ടിവരുമെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികളെന്നും കൃഷ്ണ പറഞ്ഞു.

ഹോസ്റ്റല്‍ പാചക ജീവനക്കാരെ പുനര്‍ നിയമിക്കുക, നിലവിലെ ഹോസ്റ്റലുകളുടെ അടിസ്ഥാന സാകര്യങ്ങള്‍ വര്‍ധിപ്പിക്കുക, പി.എച്ച്.ഡി വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ താമസവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ പരിഗണിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഹോസ്റ്റല്‍ സൗകര്യം പരിഹരിക്കാമെന്നല്ലാതെ മറ്റു കാര്യങ്ങളിലെല്ലാം മുമ്പ് സ്വീകരിച്ച അതേ നിലപാടില്‍ തന്നെയാണ് സര്‍വ്വകലാശാല മുന്നോട്ട് പോകുന്നതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.


MUST READ: കിടപ്പാടം നഷ്ടപ്പെടാതിരിക്കാന്‍ വട്ടിപ്പലിശക്കാരുടെ വീട്ടുമുറ്റത്ത് സമരം ചെയ്യേണ്ടിവരുന്ന സാധാരണക്കാര്‍’; പുതിയ ബാങ്കിംഗ് പോളിസിയുടെ കുഴപ്പമെന്ന് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍


ഇതാദ്യമായല്ല കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ സമാന ആവശ്യം ഉന്നയിച്ച് വിദ്യാര്‍ഥികള്‍ സമരത്തിലേര്‍പ്പെടുന്നത്. മുമ്പും ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ചപ്പോഴും കടുത്ത അവഗണനയാണ് സര്‍വ്വകലാശാലയുടെ ഭാഗത്ത് നിന്നുണ്ടായത്. അതുകൊണ്ടു തന്നെ കൃത്യമായ നിയമനടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതുവരെ സമരവുമായി മുന്നോട്ട് പോകുമെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

ഗോപിക

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more