ന്യൂ ദല്‍ഹി: എല്ലാ വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും സ്‌കൂള്‍ / കോളേജ് അനുശാസിക്കുന്ന തരത്തിലുള്ള യൂണിഫോം ധരിക്കണമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. ഇതാദ്യമായാണ് ഹിജാബ് വിഷയത്തില്‍ അമിത് ഷാ പ്രതികരിക്കുന്നത്.
സ്‌കൂളുകളിലും കോളേജുകളിലും മതങ്ങള്‍ക്കതീതരായിരിക്കണം വിദ്യാര്‍ത്ഥികളെന്നും, ഏത് മതത്തില്‍പ്പെട്ടവരായാലും യൂണിഫോം മാത്രം ധരിച്ചുവേണം സ്‌കൂളിലെത്താനെന്നും അമിത് ഷാ പറഞ്ഞു.
സി.എന്‍.എന്‍ ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലായിരുന്നു അമിത് ഷാ ഇക്കാര്യം പറഞ്ഞത്.
‘ഹിജാബ് വിഷയം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ തീരുമാനം എല്ലാവരും അംഗീകരിക്കണം. കോടതി വിധി വരുന്നത് വരെ എന്റെ വ്യക്തിപരമായ അഭിപ്രായം ഞാന്‍ പറയും, എന്നാല്‍ വിധി വന്നാല്‍ കോടതിയുടെ തീരുമാനം ഞാനും അംഗീകരിക്കും,’ ഷാ പറയുന്നു.
കര്‍ണാടക സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ പ്രഭുലിങ് നവദ്ഗിയാണ് കോളേജുകളിലും സ്‌കൂളുകളിലും ഹിജാബ് വിലക്കിയതിനെതിരെ നല്‍കിയ ഹരജി പരിഗണിക്കുന്ന ഹൈക്കോടതി ഭരണഘടനാ ബെഞ്ചിന് മുന്നില്‍ ഇക്കാര്യം അറിയിച്ചത്.
ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് നിയമാനുസൃതമാണെന്നും അതിനെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും എ.ജി പറഞ്ഞു.
‘ഉത്തരവ് വിദ്യാഭ്യാസ നിയമവുമായി യോജിച്ചുപോകുന്നതാണെന്നാണ് ആദ്യമായി പറയാനുള്ളത്. ഹിജാബ് ധരിക്കുന്നത് ഇസ്‌ലാമില്‍ അനിവാര്യമായ മതപരമായ ആചാരത്തില്‍ പെടുന്നില്ല എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. മൂന്നാമത്തേത്, ഹിജാബ് ധരിക്കാനുള്ള അവകാശം ഭരണഘടനാപരമായ അവകാശത്തില്‍ ഉള്‍പ്പെടുന്ന ഒന്നല്ല’, നവദ്ഗി കോടതിയില്‍ കൂട്ടിച്ചേര്‍ത്തു.
മതപരമായ വസ്ത്രങ്ങള്‍ വിലക്കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണെന്ന് ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഉത്തരവ് വ്യക്തമാണെന്നും ഇക്കാര്യത്തില്‍ രേഖാമൂലം അപേക്ഷ തന്നാല്‍ മാത്രമേ തങ്ങള്‍ക്ക് ഇടപെടാനാകൂവെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.