| Sunday, 17th November 2024, 11:21 am

ശകാരിച്ചതില്‍ പ്രതിഷേധം; അധ്യാപികയുടെ കസേരയില്‍ പടക്കബോംബ് വെച്ച് പൊട്ടിച്ച് വിദ്യാര്‍ത്ഥികള്‍, പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഡ്: ഹരിയാനയില്‍ അധ്യാപികയുടെ കസേരക്കടിയില്‍ പടക്കങ്ങള്‍ ഉപയോഗിച്ച് ബോംബുണ്ടാക്കി വെച്ച് വിദ്യാര്‍ത്ഥികള്‍.

അധ്യാപിക കസേരയിലിരുന്നതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ റിമോട്ട് ഉപയോഗിച്ച് പടക്ക ബോംബ് പൊട്ടിക്കുകയും ചെയ്തു.

ഭിവാനി ജില്ലയിലെ സ്‌കൂളിലാണ് സംഭവം. അധ്യാപിക എത്തുന്നതിന് മുന്നോടിയായാണ് വിദ്യാര്‍ത്ഥികള്‍ കസേരയില്‍ പടക്ക ബോംബ് സ്ഥാപിച്ചത്. ക്ലാസിലെത്തിയ അധ്യാപിക കസേരയിലിരുന്നതോടെ ഒരു വിദ്യാര്‍ത്ഥി റിമോട്ട് ഉപയോഗിച്ച് പടക്കം പൊട്ടിക്കുകയായിരുന്നു.

സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് അധ്യാപികയുടെ കസേരയില്‍ പടക്ക ബോംബ് വെച്ചത്. പടക്കം പൊട്ടിയതിനെ തുടര്‍ന്ന് നിലത്ത് വീണ അധ്യാപികയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്‌കൂളിലെ സയന്‍സ് അധ്യാപികയ്ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ 13 പ്ലസ് ടു വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച അധ്യാപിക വിദ്യാര്‍ത്ഥികളെ ശകാരിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥികള്‍ പടക്ക ബോംബുകള്‍ സ്ഥാപിച്ചത്. ഈ ക്ലാസില്‍ ആകെ 15 വിദ്യാര്‍ത്ഥികളാണ് ഉള്ളത്. ഇതില്‍ 13 പേരെയും ഇപ്പോള്‍ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഒരു ആഴ്ചത്തേക്കാണ് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തത്.

സംഭവം വിവാദമായതോടെ സ്‌കൂള്‍ അധികൃതര്‍ പഞ്ചായത്ത് മീറ്റിങ് വിളിച്ചുകൂട്ടിയിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെയും രക്ഷതിക്കളുടെയും പക്കല്‍ നിന്ന് അധ്യാപികയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ ക്ഷമാപണം എഴുതി വാങ്ങുകയും ചെയ്തിരുന്നു.

യൂട്യൂബില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികള്‍ പടക്ക ബോംബ് ഉണ്ടാക്കിയത്. സംഭവത്തെ തുടര്‍ന്ന് സ്‌കൂളിലെത്തിയ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയത്.

പരിക്കേല്‍ക്കുമെന്ന് കരുതിയല്ല പടക്കം വെച്ചതെന്നും പ്രാങ്ക് ചെയ്യുക മാത്രമായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞതായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നരേഷ് മേത്ത അറിയിച്ചു.

Content Highlight: students made a firecracker bomb under the teacher’s chair and detonated it with a remote control

We use cookies to give you the best possible experience. Learn more