അര്‍ജന്റീനയുടെ കുട്ടി ഫാന്‍സിന് മാച്ച് മിസാകില്ല; നേരത്തെ ക്ലാസ് വിടാന്‍ തീരുമാനിച്ച് നൊച്ചാട് സ്‌കൂള്‍
Sports
അര്‍ജന്റീനയുടെ കുട്ടി ഫാന്‍സിന് മാച്ച് മിസാകില്ല; നേരത്തെ ക്ലാസ് വിടാന്‍ തീരുമാനിച്ച് നൊച്ചാട് സ്‌കൂള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 22nd November 2022, 3:23 pm

പേരാമ്പ്ര: അര്‍ജന്റീനയുടെ മാച്ച് കാണാനായി തങ്ങളെ നേരത്തെ ക്ലാസില്‍ നിന്നും പറഞ്ഞയക്കണമെന്നാവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അനുവാദം നല്‍കി സ്‌കൂള്‍ അധികൃതര്‍. കോഴിക്കോട് നൊച്ചാട് എന്‍.എച്ച്.എസ്.എസ് സ്‌കൂളാണ് അര്‍ജന്റീനയുടെ കുട്ടി ഫാന്‍സിന് കളി കാണാന്‍ അവസരം നല്‍കിയത്.

നേരത്തെ ക്ലാസ് വിടുന്നതിന് വേണ്ടി വിദ്യാര്‍ത്ഥികള്‍ നല്‍കിയ നിവേദനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്‌കൂളിലെ എട്ട്, ഒമ്പത് ക്ലാസുകളിലെ നൂറോളം വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ട നിവേദനമായിരുന്നു തിങ്കളാഴ്ച അധ്യാപകര്‍ക്ക് മുമ്പിലെത്തിയിരുന്നത്.

‘ലോകകപ്പ് പശ്ചാത്തലത്തില്‍ നാളെ 3.30 ന് അര്‍ജന്റീന v/s സൗദി അറേബ്യ മത്സരം നടക്കുകയാണ്. അതിനാല്‍ അര്‍ജന്റീനയെ സ്‌നേഹിക്കുന്ന ഞങ്ങള്‍ക്ക് ആ ഒരു മത്സരം കാണല്‍ അനിവാര്യമായി തോന്നുന്നു. അതിനുവേണ്ടി നാളെ 3 മണിക്ക് മത്സരം വീക്ഷിക്കാന്‍ വേണ്ടി സ്‌കൂള്‍ വിടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’ എന്നായിരുന്നു Argentina Fans NHSS ന്റെ പേരിലെത്തിയ നിവേദനത്തിലുണ്ടായിരുന്നത്.

കുട്ടികളുടെ സ്‌പോര്‍ട്‌സിലുള്ള താത്പര്യത്തെ പ്രശംസിക്കുന്നെന്നും അവരുടെ ആവശ്യം പരിഗണിക്കപ്പെടേണ്ടതായാണ് തോന്നുന്നതെന്നുമാണ് ഹെഡ്മാസ്റ്റര്‍ അബ്ദു റഹ്മാന്റെ പ്രതികരണം. പേരാമ്പ്ര ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സ്‌കൂളിലെ മറ്റ് അധ്യാപകരും വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശത്തിനൊപ്പമുണ്ട്. അര്‍ജന്റീനയുടെ ഒരു കളി പോലും മിസാകാതിരിക്കാന്‍ എന്ത് ചെയ്യണമെന്ന് ആലോചിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിവേദനം എന്ന ഐഡിയ പറഞ്ഞുകൊടുത്തത് സോഷ്യല്‍ സയന്‍സ് അധ്യാപകനായ ഇര്‍ഷാദായിരുന്നു.

 

സ്‌കൂളില്‍ ഇനിയുമേറെ അര്‍ജന്റീന ഫാന്‍സുണ്ടെന്നും നൂറ് പേരുടെ ഒപ്പ് കിട്ടിയപ്പോള്‍ നിര്‍ത്തിയതാണെന്നുമാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. എന്തായാലും ആദ്യ മാച്ച് മുതല്‍ ഒന്ന് പോലും മിസാകാതെ കാണാന്‍ പറ്റുമെന്ന പ്രതീക്ഷയിലാണ് കുട്ടികള്‍.

Content Highlight: Students in a Kozhikode school request school officials to leave them early to watch Argentina-Saudi Arabia match in Qatar World Cup