| Tuesday, 22nd November 2022, 10:51 pm

ഉക്രൈനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് 'യുദ്ധ ഇരകളുടെ' പദവി നല്‍കണം; കേന്ദ്ര നിലപാട് തേടി സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യുദ്ധത്തെത്തുടര്‍ന്ന് ഉക്രൈനില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജികള്‍ വീണ്ടും പരിഗണിച്ച് സുപ്രീം കോടതി.

ഉക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് യുദ്ധ ഇരകളുടെ പദവി നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് സുപ്രീം കോടതി തേടി. ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകരുടെ വാദം പരിഗണിച്ചാണ് കോടതി നടപടി.

ജനീവ ഉടമ്പടി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കണം. ഇതിനായി യുദ്ധ ഇരകളായി ഇവരെ പ്രഖ്യാപിക്കണം. ഈ പരിഗണന ലഭിച്ചാല്‍ മറ്റു രാജ്യങ്ങളില്‍ തുടര്‍ പഠനത്തിന് അവസരം ലഭിക്കുമെന്നും ഹരജിക്കാരുടെ അഭിഭാഷകര്‍ വാദിച്ചു.

തുടര്‍ന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രംനാഥ് എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടി.

എന്നാല്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ഇന്ത്യയില്‍ പഠനത്തിന് അനുവദിക്കാനാവില്ലെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും സുപ്രീം കോടതിയില്‍ ആവര്‍ത്തിച്ചു.

വിദേശകാര്യമന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് 15,783 വിദ്യാര്‍ത്ഥികളാണ് ഉക്രൈനില്‍ പഠിക്കുന്നതെന്നും ഇതില്‍ 14,973 പേര്‍ ഓണ്‍ലൈനായി പഠനം തുടരുന്നതായും കേന്ദ്രം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 640 വിദ്യാര്‍ത്ഥികള്‍ നിലവില്‍ ഉക്രൈനില്‍ തുടരുകയാണ്, 170 പേര്‍ മറ്റ് രാജ്യങ്ങളിലേക്ക് പഠനം മാറ്റി.

382 പേര്‍ നല്‍കിയ അപേക്ഷയില്‍ തീരുമാനമായില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. തിരികെ എത്തിയ വിദ്യാര്‍ത്ഥികളെ രാജ്യത്തെ സര്‍വകലാശാലകളില്‍ പ്രവേശിപ്പിക്കാനാകില്ലെന്ന് കേന്ദ്രം നിലപാട് അറിയിച്ചിരുന്നു, ഇതോടെയാണ് ബദല്‍ മാര്‍ഗങ്ങള്‍ തേടി വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചത്.

അതേസമയം, ഉക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ സര്‍വകലാശാലകളില്‍ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ സെപ്റ്റംബറില്‍ സുപ്രിം കോടതിയെ അറിയിച്ചിരുന്നു. ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചിനോടാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

നിലവിലെ നിയമത്തില്‍ ഇതിനുള്ള വ്യവസ്ഥയില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ പാര്‍ലമെന്റിലും രേഖാമൂലം അറിയിച്ചിരുന്നു.

ഉക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് അനുമതി നല്‍കിയാല്‍ അത് ഇന്ത്യയിലെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നുമാണ് കേന്ദ്രം സുപ്രീം കോടതിയില്‍ വാദിച്ചത്.

സാമ്പത്തികമായി ഉയര്‍ന്ന സൗകര്യങ്ങള്‍ ഉള്ളവരാണ് ഈ വിദ്യാര്‍ത്ഥികളെന്നും കേന്ദ്രം കോടതിയില്‍ ഉന്നയിച്ചിരുന്നു.

Content Highlight: Students from Ukraine should be given the status of ‘victims of war’; Supreme Court seeks central position

We use cookies to give you the best possible experience. Learn more