കാലിക്കറ്റ് സര്‍വകലാശാലയിലെ വിദൂര വിദ്യാഭ്യാസ വിഭാഗം 2018 ബാച്ചിന്റെ നാലാം സെമസ്റ്റര്‍ യു.ജി പരീക്ഷ നവംബര്‍ 11നാണ് ആരംഭിക്കുന്നത്. എന്നാല്‍ പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചിട്ടും കോണ്‍ടാക്ട് ക്ലാസുകളോ പഠന സാമഗ്രികളോ ലഭിക്കുന്നില്ലെന്ന ആശങ്കയിലാണ് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍.
പരീക്ഷ നടക്കാന്‍ രണ്ടാഴ്ച പോലും ബാക്കിയില്ലാത്ത സാഹചര്യത്തില്‍ പഠിച്ച് പരീക്ഷയെഴുതാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് തങ്ങളെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. പരീക്ഷാ ഫീസ് കൃത്യമായി വാങ്ങിക്കുന്നുണ്ടെന്നും എന്നാല്‍ അതിനനുസരിച്ച് ക്ലാസുകളും മറ്റും ഓണ്‍ലൈന്‍ ആയി പോലും ലഭിക്കുന്നില്ലെന്നുമാണ് വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വര്‍ഷ ബി.എ സോഷ്യോളജി വിദ്യാര്‍ത്ഥിയായ രോഹിത് (യഥാര്‍ത്ഥ പേരല്ല) ഡൂള്‍ന്യൂസിനോട് പറഞ്ഞത്.
‘കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിദൂര വിദ്യാഭ്യാസ വിഭാഗം നാലാം സെമസ്റ്റര്‍ ഡിഗ്രി പരീക്ഷ നടക്കാന്‍ പോവുകയാണ്. എന്നാല്‍ പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കൊന്നും തന്നെ സ്റ്റഡി മെറ്റീരിയലുകളോ കോണ്‍ടാക്റ്റ് ക്ലാസുകളോ കിട്ടിയിട്ടില്ല. എന്നാല്‍ കോണ്‍ടാക്ട് ക്ലാസുകള്‍ക്കും സ്റ്റഡി മെറ്റീരിയലുകള്‍ക്കുമായുള്ള പണം സര്‍വകാലാശാല വാങ്ങിക്കുന്നുമുണ്ട്.
യൂണിവേഴ്‌സിറ്റി അധികൃതര്‍ എല്ലാ ക്ലാസുകളുടെയും പണം കൃത്യമായി വാങ്ങിക്കുന്നുണ്ട്. അഞ്ചാം സെമസ്റ്ററിന്റെ ഫീസായ 1550 രൂപയും ഇവര്‍ വാങ്ങിച്ചു. എന്നാല്‍ നാലാം സെമസ്റ്ററിന്റെ സ്റ്റഡിമെറ്റീരിയലുകളോ കോണ്‍ടാക്ട് ക്ലാസുകളോ നല്‍കാതെയാണ് ഇപ്പോള്‍ അഞ്ചാം സെമസ്റ്ററിന്റെ പരീക്ഷാ ഫീസ് അടക്കാന്‍ ആവശ്യപ്പെട്ടത്,’ രോഹിത് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാട്‌സ് ആപ്പ് വഴിയും മറ്റും ക്ലാസുകള്‍ ലഭിക്കുന്നുണ്ടെന്നും വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളോടാണ് വിവേചനമെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. സെക്ഷന്‍ ഓഫീസിലേക്ക് വിളിച്ചന്വേഷിച്ചിട്ടും കാര്യമുണ്ടായില്ലെന്നും രോഹിത് പറഞ്ഞു.
‘വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെ സെക്ഷന്‍ ഓഫീസറെയും മറ്റും വിളിച്ചെങ്കിലും അവര്‍ക്ക് കാര്യങ്ങളറിയില്ല. ഈ വര്‍ഷം ഇങ്ങനെ പോട്ടെ എന്നാണ് പറയുന്നത്. പക്ഷെ അങ്ങനെ പറഞ്ഞൊഴിഞ്ഞാല്‍ ഞങ്ങളൊക്കെ കാശ് അടച്ചവരല്ലേ… ഒന്നും അറിയാതെ എങ്ങനെ പോയി പരീക്ഷയെഴുതാനാണ്?
റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇവിടെ ക്ലാസിനുള്ള പണം വരെ അടച്ചിട്ടാണ് ഈ അനീതി. ഒന്നുകില്‍ അവര്‍ ക്ലാസുകള്‍ തരണം. അല്ലെങ്കില്‍ അടച്ച പണം തിരികെ തരണം. അല്ലെങ്കില്‍ നാല്, അഞ്ച്, ആറ് സെമസ്റ്ററുകളുടെ ഫീസ് ഏകീകരിച്ചിട്ട് കുറച്ച് തന്നാലും മതി. പോസ്റ്റല്‍ വകുപ്പുമായി എന്തൊ പ്രശ്‌നമുണ്ടായിട്ടാണ് ഇത് സംഭവിക്കുന്നതെന്നാണ് പറയുന്നത്. പക്ഷെ ഇനി അയച്ചിട്ടും എന്ന് പഠിച്ച് പരീക്ഷയെഴുതാനാണ്? ഒക്ടോബര്‍ 21ലേക്കാണ് പരീക്ഷ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. അതല്ലെങ്കില്‍ സിലബസ് വെട്ടിച്ചുരുക്കണം. അതും ചെയ്യുന്നില്ല. അല്ലെങ്കില്‍ ഓണ്‍ലൈന്‍ ആയി പരീക്ഷ നടത്തുക. അതും ചെയ്തില്ല,’ രോഹിത് പറഞ്ഞു.
വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ പഠിക്കുന്ന വടകര സ്വദേശി രജിപ്രഭയും ഇതേകാര്യമാണ് ഡൂള്‍ന്യൂസിനോട് പറഞ്ഞത്. ക്ലാസുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ക്ലാസുകള്‍ നടത്തുന്ന സെന്ററുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ക്ക് വിവരങ്ങള്‍ അറിയില്ലെന്നാണ് പറഞ്ഞതെന്നും അനിത (യഥാര്‍ത്ഥ പേരല്ല) പറഞ്ഞു.
‘ക്ലാസുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ഞങ്ങള്‍ വിദൂര വിദ്യാഭ്യാസ വിഭാഗവുമായി ബന്ധപ്പെട്ടിരുന്നു. അവര്‍ക്ക് ഇതിനെ സംബന്ധിച്ച് കൃത്യമായി അറിയില്ലെന്നാണ് പറഞ്ഞത്. ഞങ്ങള്‍ക്ക് ഇങ്ങനെയല്ലാതെ പഠന സാമഗ്രികള്‍ ലഭിക്കാന്‍ വേറെ വഴിയില്ല. പരീക്ഷ അടുത്തിരിക്കുകയുമാണ്. എന്ത് ചെയ്യണമെന്ന ആശങ്കയിലാണ് ഞങ്ങള്‍,’ അനിത പറഞ്ഞു.
എന്നാല്‍ കൊവിഡ് സാഹചര്യമായതിനാല്‍ കോണ്‍ടാക്ട് ക്ലാസുകള്‍ നല്‍കാന്‍ സാധിക്കില്ലെന്നും അതിനാല്‍ യൂട്യൂബില്‍ എസ്.ഡി.ഇ ചാനല്‍ വഴി ക്ലാസുകള്‍ ലഭ്യമാക്കുന്നുണ്ടെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ സുബ്രഹ്മണ്യം ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘യു. ജി നാലാം സെമസ്റ്ററിന്റെ പരീക്ഷയാണ് വരാന്‍ പോകുന്നത്. അതിന്റെ മെറ്റീരിയല്‍സ് എല്ലാം നല്‍കി കഴിഞ്ഞതാണ്. അത് 2018 അഡ്മിഷന്‍ ആയിരുന്നതിനാല്‍ അത് നേരത്തെ ഉണ്ടായിരുന്നത് തന്നെയാണ്. അതുപോലെ തന്നെ കൊവിഡ് ആയതിനാല്‍ കോണ്‍ടാക്ട് ക്ലാസ് കൊടുക്കാന്‍ കഴിയില്ല. അപ്പോള്‍ അവരുടെ പരീക്ഷ നടക്കും. മാത്രമല്ല, നമ്മള്‍ യൂട്യൂബിലൂടെ ക്ലാസുകള്‍ കൊടുത്തിട്ടുണ്ട്. വിവിധ യൂട്യൂബ് ചാനലുകളുമുണ്ട്. അതിനകത്ത് നാലാം സെമസ്റ്റര്‍ മുഴുവന്‍ കൊടുത്ത് കഴിഞ്ഞിട്ടുണ്ട്. ഇനി ചെയ്യാനുള്ളത് ഡിസ്റ്റന്റ് എജുക്കേഷന്‍ പി. ജിയുടേതാണ്. കോണ്‍ടാക്ട് ക്ലാസുകള്‍ നല്‍കാന്‍ കഴിയാത്തതിനാല്‍ അതിന് പകരമായി ഓണ്‍ലൈന്‍ ക്ലാസുകള്‍, യൂടൂബ് ക്ലാസുകള്‍ എന്നിവ നല്‍കുന്നുണ്ട്.
ഇപ്പോള്‍ നാലാം സെമസ്റ്റര്‍ പരീക്ഷ നടക്കാന്‍ പോകുന്നത് നിലവില്‍ ഉള്ളതാണ്. മാത്രമല്ല, പി. ജി വിദ്യാര്‍ത്ഥികളുടെ ഒക്കെ നോട്ട്‌സ് പോസ്റ്റ് ഓഫീസ് വഴി അയച്ചു കഴിഞ്ഞു. ഇനി ഫസ്റ്റ് ഇയര്‍ പി.ജിയുടേതാണ് നല്‍കാനുള്ളത്.
നമ്മള്‍ വണ്ടിയില്‍ സെന്ററുകളില്‍ എത്തിക്കാന്‍ തയ്യാറായിരുന്നു. കൊവിഡായതിനാല്‍ സെന്ററുകാര്‍ വിതരണം ചെയ്യാനുള്ള വിമുഖത അറിയിക്കുകയായിരുന്നു. ആ സാഹചര്യത്തില്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചതാണ് പോസ്റ്റ് ഓഫീസ് വഴി അയച്ച് കൊടുക്കാമെന്ന്. അത് നടന്നിരുന്നു എന്നാണ് നമുക്ക് കിട്ടിയ വിവരം. ചിലപ്പോള്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ കിട്ടാതിരിക്കുന്നതുമാവാം,’ സുബ്രഹ്മണ്യം പറഞ്ഞു.
കൊവിഡായതിനാല്‍ എല്ലാം താളം തെറ്റി കിടക്കുകയാണ്. വര്‍ക്ക് ഫ്രം ഹോം മാത്രമേ നടക്കുന്നുള്ളുവെന്നും ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു. ഫീസ് അടക്കുന്നത് സാധാരണ പ്രക്രിയയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ലാസുകള്‍ ഈ പരിമിതിയില്‍ നിന്നുകൊണ്ട് പരമാവധി ശ്രമിക്കുന്നുണ്ട്. സിലബസും നോട്ട്‌സുമെല്ലാം സൈറ്റില്‍ നല്‍കിയിട്ടുണ്ട്. എസ്.എല്‍.എം അവര്‍ക്ക് എത്തിക്കേണ്ടതാണ്. ലോക്ക് ഡൗണിന് മുന്നേ തന്നെ എത്തിക്കേണ്ട പരിപാടികള്‍ ചെയ്തിട്ടുണ്ട്. എന്ത് പ്രതിസന്ധിയായാലും നിലവില്‍ ഉയര്‍ന്ന പരാതി പരിഗണിക്കുമെന്നും ഡയറക്ടര്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Students from distance education on worry about their upcoming fourth semester examination