| Friday, 6th March 2015, 12:34 am

പാകിസ്ഥാനില്‍ ഹോളി ആഘോഷിക്കുന്നവര്‍ക്ക് സംരക്ഷണ കവചമായി വിദ്യാര്‍ത്ഥികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: ഹോളി ആഘോഷിക്കുന്ന ഹിന്ദുക്കളുടെ സുരക്ഷയ്ക്കായി പാകിസ്ഥാനില്‍ മനുഷ്യ കവചം. കറാച്ചിയിലെ സ്വാമി നാരായണന്‍ ക്ഷേത്രത്തിനു മുന്നില്‍ ഹോളി ആഘോഷിക്കുന്നവര്‍ക്കാണ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സംരക്ഷണ കവചം തീര്‍ത്തിരിക്കുന്നത്.

നാഷണല്‍ സ്റ്റുഡന്റ് ഫെഡറേഷനാണ് മനുഷ്യകവച നിര്‍മാണം സംഘടിപ്പിച്ചത്. വിവിധ വിശ്വസങ്ങളുടെ സഹവര്‍ത്തിത്വവും വിവിധ മതങ്ങളുടെ സഹകരണവും പ്രചരിപ്പിക്കുകയെന്ന ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് പാകിസ്ഥാനിലെ ഡോണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

സോഷ്യല്‍ മീഡിയയിലൂടെയാണ് എന്‍.എസ്.എഫ് പരിപാടിയ്ക്കു പ്രചരണം നല്‍കിയത്.

“ഇമാംബാര്‍ഗയില്‍ ഷിയാക്കള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചപ്പോള്‍ ജെയ്പാല്‍ ഛാബ്രിയ എന്ന ഡോക്ടറും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. അതുകൊണ്ട് ഒരു ഗ്രൂപ്പെന്ന നിലയില്‍ അതിന്റെ നന്ദി വിവിധ തരത്തിലുള്ള പീഡനങ്ങള്‍ നേരിടുന്ന എല്ലാ പാകിസ്ഥാനി ഹിന്ദുക്കളോടും ഞങ്ങള്‍ പ്രകടിപ്പിക്കുകയാണ്.” എന്‍.എസ്.എഫ് അംഗമായ ഫവാദ് ഹസന്‍ പറഞ്ഞു.

ഹിന്ദു ക്ഷേത്രങ്ങള്‍ അശുദ്ധമാക്കല്‍, ഹിന്ദു പെണ്‍കുട്ടികളെ അവരുടെ താല്‍പര്യമില്ലാതെ മതംമാറ്റല്‍, സംസ്‌കാരവും മതാചാരങ്ങളും അടിച്ചമര്‍ത്താനുള്ള ശ്രമം എന്നിവയ്‌ക്കെതിരാണ് തങ്ങള്‍. അതുകൊണ്ടാണ് ഹിന്ദുക്കളെ സംരക്ഷിച്ചുകൊണ്ടത് അവരോട് ഐക്യദാര്‍ഢ്യം കാണിക്കാന്‍ തീരുമാനിച്ചതിനു പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.

മതത്തെ സ്വന്തം കൈപ്പിടിയിലൊതുക്കുന്ന മതമൗലികവാദികളല്ല തങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more