| Tuesday, 2nd August 2022, 5:26 pm

ഐ.ഇ.എൽ.ടി.എസിൽ ഉയർന്ന മാർക്ക്, പക്ഷെ ഇംഗ്ലീഷ് സംസാരിക്കാനറിയില്ല; ഗുജറാത്തി യുവാക്കൾക്കെതിരെ അനേഷണത്തിന് ഉത്തരവിട്ട് യു.എസ് കോൺസുലേറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: അയോഗ്യരായ വിദ്യാർത്ഥികൾക്ക് കാനഡയിലെ കോളേജുകളിൽ പഠിക്കാനായി ഇന്റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിങ് സിസ്റ്റ(ഐ.ഇ.എൽ.ടി.എസ്)ത്തിൽ അനധികൃതമായി ഉയർന്ന മാർക്ക് നൽകുന്നതായി ആരോപണം.

ഇതിന് സഹായിക്കുന്ന റാക്കറ്റുകളെ കണ്ടുപിടിക്കാനായി ഗുജറാത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. അമേരിക്കൻ അതോറിറ്റികളുടെ ആവശ്യപ്രകാരമാണ് മെഹ്‌സാന ജില്ലയിലെ പൊലീസ് അന്വേഷണമാരംഭിച്ചത്. ഇത്തരത്തിൽ ഉയർന്ന മാർക്ക് ഉണ്ടെങ്കിൽ അവരെ യു.എസിലേക്ക് കടത്താൻ സാധിക്കും എന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ വർഷം സെപ്തംബറിൽ നടത്തിയ ഐ.ഇ.എൽ.ടി.എസ് പരീക്ഷയിൽ ഹാളിലെ സി.സി.ടി.വികൾ ഓഫാക്കിയത് ഏജൻസികളുടെ ഭാഗത്തുനിന്നുള്ള പിഴയാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നുവെന്ന് മെഹ്‌സേന പൊലീസിന്റെ സ്‌പെഷ്യൽ ഓപറേഷൻസ് ഗ്രൂപ്( എസ്.ഒ.ജി) ഇൻസ്‌പെക്ടർ ഭവേഷ് റാത്തോട് പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി ബന്ധപ്പെട്ട രേഖകളുമായി 48 മണിക്കൂറിനുള്ളിൽ മെഹ്സാന എസ്.ഒ.ജി മുമ്പാകെ ഹാജരാകാൻ, അഹമ്മദാബാദിലെ സബർമതിയിൽ സ്ഥിതി ചെയ്യുന്ന ഏജൻസി ഉടമകളോട് നിർേദശം നൽകിയിട്ടുണ്ട്.

2022 മാർച്ചിൽ കാനഡയിൽനിന്നും യു.എസിലേക്ക് കടക്കാനുള്ള അനധികൃത ശ്രമത്തിനിടെ ആറ് ഗുജറാത്തി യുവാക്കളെ അതിർത്തിയിൽവെച്ച് അധികൃതർ അറസ്റ്റ് ചെയ്തിരുന്നു.

’19-20 വയസുള്ള ഗുജറാത്തി യുവാക്കളെ കനേഡിയൻ അതിർത്തിക്കടുത്തുള്ള സെയിന്റ് റെജിസ് പുഴയിൽ മുങ്ങിക്കൊണ്ടിരിക്കുന്ന ബോട്ടിൽനിന്നാണ് പിടികൂടിയത്. ഇതിൽ നാല് പേർ മെഹ്‌സാന ജില്ലയിൽ നിന്നുള്ളവർ ആണ്. ബാക്കി രണ്ടുപേർ ഗാന്ധിനഗറിൽനിന്നും പടാനിൽ നിന്നുമുള്ളവരുമാണ്.’ റാത്തോഡ് പറഞ്ഞു.

ഇവരെ കോടതിയിൽ ഹാജരാക്കിയപ്പോൾ ജഡ്ജിയുടെ ചോദ്യങ്ങൾക്ക് ഇംഗ്ലീഷിൽ ഉത്തരം പറയുന്നതിൽ പരാജയപ്പെട്ടിരുന്നു. പിന്നീട് ഒരു ഹിന്ദി പരിഭാഷകന്റെ സഹായത്തോടെയാണ് കോടതിയിൽ സംസാരിച്ചത്.

ഇംഗ്ലീഷ് പ്രൊഫിഷ്യൻസി ടെസ്റ്റായ ഐ.ഇ.എൽ.ടി.എസിൽ ഇവർ 6.5 മുതൽ 7 വരെ ബാൻഡുകൾ നേടിയത് കോടതിയെ അത്ഭുതപ്പെടുത്തിയിരുന്നുവെന്ന് റാത്തോഡ് പറഞ്ഞു.

ഈ സംഭവത്തെകുറിച്ചുള്ള വാർത്താ റിപ്പോർട്ടിനെ തുടർന്ന് മുംബൈയിലെ യു.എസ് ജനറലിന്റെ ക്രിമിനൽ തട്ടിപ്പ് അന്വേഷണ വിഭാഗം മെഹ്‌സാന പൊലീസിന് മെയിൽ അയച്ചിരുന്നു. മെഹ്‌സാനയിൽ നിന്നുള്ള ഈ വിദ്യാർത്ഥികൾക്ക് എങ്ങനെ ഇത്രയധികം മാർക്ക് ലഭിച്ചുവെന്നും, ഏത് ഏജൻസിയാണ് ഇതിന് പിന്നിലെന്നും കണ്ടെത്താൻ ആവശ്യപ്പെട്ടുകൊണ്ടുള്ള മെയിൽ ആയിരുന്ന് അത്.

‘ഐ.ഇ.എൽ.ടി.എസ് പരീക്ഷകളിൽ അഞ്ച് മുതൽ ആറ് വരെ ബാൻഡ് നേടാൻ, മിടുക്കരായ വിദ്യാർത്ഥികൾക്ക് പോലും ഏറെ കഷ്ടപ്പെടേണ്ടി വരുന്നുണ്ട്. എന്നാൽ ആറ് മുതൽ ഏഴ് വരെ ബാൻഡ് നേടിയ മെഹ്‌സാനയിൽ നിന്നുമുള്ള ഈ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് സംസാരിക്കാൻ പോലും കഴിയുന്നില്ല.’ റാത്തോഡ് പറഞ്ഞു.

Content Highlight: Students failed to speak in English after scoring high marks in IELTS, probe on

We use cookies to give you the best possible experience. Learn more