| Saturday, 9th November 2019, 1:28 pm

മോശം പെരുമാറ്റം, തോല്‍പ്പിക്കാന്‍ ശ്രമം; 'വ്യാജ' പ്രൊഫസര്‍ക്കെതിരെ പ്രക്ഷോഭത്തിലേക്കെന്ന് വിദ്യാര്‍ത്ഥികള്‍

രോഷ്‌നി രാജന്‍.എ

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി സൈക്കോളജി വിഭാഗം അസിസ്റ്റന്‍ഡ് പ്രൊഫസര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തി വിദ്യാര്‍ത്ഥികള്‍. ആര്‍.ജോണ്‍സനെനെതിരെയാണ് പരാതിയുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത് വന്നിരിക്കുന്നത്. വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുകയും ഇന്റേണല്‍ മാര്‍ക്ക് നല്‍കാതെ തോല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായാണ് വിദ്യാര്‍ത്ഥികളുടെ പരാതി.

വി.സിക്കും രജിസ്ട്രാര്‍ക്കും സ്റ്റുഡന്‍സ് യൂണിയനുമാണ് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിട്ടുള്ളത്. കോളേജ് യൂണിയന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച പ്രതിഷേധം നടത്താനും വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചിട്ടുണ്ട്. ജോണ്‍സണിന്റെ പ്രൊഫസര്‍ നിയമനം വ്യാജമാണെന്നാരോപിച്ചും അദ്ദേഹത്തിന്റെ പെരുമാറ്റത്തിനെതിരെയും നിരവധി പരാതികള്‍ മുമ്പും ഉണ്ടായിട്ടുണ്ട്.

ഭിന്നശേഷിക്കാരനായ കുട്ടി ഉള്‍പ്പെടെ ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ജോണ്‍സണ്‍ മണിക്കൂറുകളോളം മുറിക്ക് പുറത്ത് കാത്തുനിര്‍ത്തുകയും ചെയ്തതായി വിദ്യാര്‍ത്ഥികളുടെ ആരോപണമുണ്ട്. ചട്ടവിരുദ്ധമായി അസിസ്റ്റന്‍ഡ് പ്രൊഫസര്‍ സ്ഥാനത്തേക്ക് നിയമിതനായ വ്യക്തിയാണ് ജോണ്‍സനെന്നും യൂണിവേഴ്‌സിറ്റി ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ജോണ്‍സണ്‍ പി.എച്ച്.ഡി ഗൈഡ്ഷിപ്പ് നേടിയെന്നും ആരോപണം ഉയര്‍ന്നപ്പോള്‍ 2019 ഫെബ്രുവരിയില്‍ ഡൂള്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിന് മുമ്പും സഹപ്രവര്‍ത്തകരുടെയും വിദ്യാര്‍ത്ഥികളുടെയും എച്ച്.ഒ.ഡിയുടെയും ഭാഗത്തുനിന്ന് ജോണ്‍സണിനെതിരെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇതിനൊന്നും നടപടികള്‍ എടുത്തില്ലെന്നും ആരോപണമുണ്ട്.

അധ്യാപകനെതിരെ പരാതിപ്പെട്ടതുമായി ബന്ധപ്പെട്ട് കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി ഡൂള്‍ ന്യൂസിനോട് പ്രതികരിച്ചു.

‘ഇന്റേണല്‍ മാര്‍ക്കിനെ ചൊല്ലിയുള്ള തര്‍ക്കം ബുധനാഴ്ചയാണ് ഉണ്ടായത്. ഈ വിഷയത്തിന് മുമ്പു തന്നെ അധ്യാപകനെതിരെ രണ്ടു തവണ ഞങ്ങള്‍ എച്ച്.ഒ.ഡിക്കും രജിസ്ട്രാര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്’.

‘അന്ന് അധ്യാപകന്‍ അറ്റഡന്‍സ് ഷീറ്റെന്നും പറഞ്ഞ് ഒരു ഒഴിഞ്ഞ പേപ്പറില്‍ ഞങ്ങളുടെ ക്ലാസിലെ എല്ലാ വിദ്യാര്‍ത്ഥികളെയും കൊണ്ട് ഒപ്പിടുവിച്ചിരുന്നു. പേപ്പറിന്റെ തുടക്കത്തില്‍ നിന്നും ഒപ്പ് ഇടരുതെന്നും പകുതി തൊട്ട് ഇട്ടാല്‍ മതിയെന്നും അദ്ദേഹം ഞങ്ങളോട് പറയുകയും ചെയ്തു. ആ പേപ്പറില്‍ അദ്ദേഹത്തിന് എന്ത് വേണമെങ്കിലും എഴുതി ചേര്‍ക്കാമെന്നതില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്’. വിദ്യാര്‍ത്ഥി പറഞ്ഞു.

‘ഞങ്ങള്‍ക്ക് കൃത്യമായി ക്ലാസ് എടുത്തു തരാതിരിക്കുകയും ക്ലാസിനിടയിലും സെമിനാറിനിടയിലും മോശമായി പെരുമാറുകയും ചെയ്തിട്ടുണ്ട്. അധ്യാപകന്‍ സംസാരിക്കുമ്പോളും നോക്കുമ്പോളും വിദ്യാര്‍ത്ഥികള്‍ക്കത് മോശമായി അനുഭവപ്പെട്ടിരുന്നു’.

‘ബുധനാഴ്ചയായിരുന്നു സൈക്കോളജി പേപ്പറില്‍ ഞങ്ങള്‍ക്ക് സെമസ്റ്റര്‍ എക്‌സാം ഉണ്ടായത്. എക്‌സാമിന് ശേഷം എല്ലാ വിഷയങ്ങളുടെയും ഇന്റേണല്‍ മാര്‍ക്ക് പബ്ലിഷ് ചെയ്തു. എന്നാല്‍ ഈ അധ്യാപകന്റെ വിഷയത്തില്‍ മാത്രം ഇന്റേണല്‍ പബ്ലിഷ് ചെയ്യാതിരുന്നപ്പോള്‍ ഞങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെട്ടപ്പോഴാണ് ഇന്റേണല്‍ പബ്ലിഷ് ചെയ്തത്’.

‘ഇന്റേണലില്‍ ക്ലാസിലെ 26 പേരില്‍ 24 കുട്ടികളെ തോല്‍പ്പിക്കുകയായിരുന്നു. അധ്യാപകനെതിരെ ആദ്യം മുതലേ പ്രതികരിച്ച രണ്ട് വിദ്യാര്‍ത്ഥികളെയൊഴികെ ബാക്കി എല്ലാവര്‍ക്കും മാര്‍ക്ക് കുറച്ചിട്ട് അധ്യാപകന്‍ തോല്‍പ്പിച്ചു.

ഇതിനെതിരെ ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഒരുമിച്ച് അധ്യാപകനോട് വാല്യുവേറ്റ് ചെയ്ത എക്‌സാം പേപ്പര്‍ കാണിച്ചു തരണമെന്ന് ആവശ്യപ്പെടുകയായിരുന്നു’.

‘ഓരോ വിദ്യാര്‍ത്ഥികളും തനിച്ച് അപേക്ഷയുമായി അധ്യാപകന്റെ മുറിയില്‍ ചെല്ലാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ അത് അനുസരിക്കാതിരുന്നപ്പോള്‍ പേപ്പര്‍ നല്‍കില്ലെന്ന് പറയുകയും ചെയ്തു’.

‘മുറിയില്‍ നിന്നും വിദ്യാര്‍ത്ഥികളെ ഇറക്കിവിടുകയും ചെയ്തു. പിന്നീട് അദ്ദേഹം എക്‌സാം പേപ്പറുകളുമായി ക്ലാസിലേക്ക് വരികയായിരുന്നു. എന്നാല്‍ ആ പേപ്പറുകളില്‍ ഒന്നു പോലും അധ്യാപകന്‍ വാല്യൂ ചെയ്തിട്ടില്ലായിരുന്നു.

വാല്യൂ ചെയ്യാത്ത പേപ്പറിന് എങ്ങനെയാണ് ഇന്റേണല്‍ മാര്‍ക്കിട്ടതെന്ന് വിദ്യാര്‍ത്ഥികള്‍ ചോദിച്ചപ്പോള്‍ എന്ത് ചെയ്യണമെന്ന് എനിക്കറിയാം നിങ്ങള്‍ പഠിപ്പിക്കേണ്ടെന്നായിരുന്നു മറുപടി’. വിദ്യാര്‍ത്ഥി  ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

മാര്‍ക്ക് ഇടാന്‍ വേണ്ടി വിദ്യാര്‍ത്ഥികള്‍ പേന കൊടുത്തപ്പോള്‍ അധ്യാപകന്‍ അത് വലിച്ചെറിഞ്ഞതായും ആരോപണമുണ്ട്. യൂണിവേഴ്‌സിറ്റിയിലും കോളേജ് ഡിപ്പാര്‍ട്ട്‌മെന്റിലും നിരവധി പരാതികള്‍ ജോണ്‍സണിനെതിരെ ഉണ്ടായിട്ടും അദ്ദേഹം എങ്ങനെയാണ് ജോലിയില്‍ തുടരുന്നതെന്ന് അറിയില്ലെന്നും ഇവര്‍ പറയുന്നു.

മുമ്പ് സഹപ്രവര്‍ത്തകരായ അധ്യാപകര്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയെങ്കിലും പരാതിക്കെതിരായി ജോണ്‍സണ്‍ നല്‍കിയ പരാതിയിലാണ് നടപടിയുണ്ടായതെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. അധ്യാപകന്റെ മോശമായ പെരുമാറ്റം മൂലം രണ്ടാമതും എച്ച്.ഒ.ഡി പരാതിപ്പെട്ടിട്ടുണ്ട്.

മുമ്പ് 2018 ജൂലൈയിലാണ് എച്ച്.ഒ.ഡി യൂണിവേഴ്‌സിറ്റിയില്‍ പരാതി നല്‍കിയത്. പരാതിയെത്തുടര്‍ന്ന് ജോണ്‍സണിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

2003ല്‍ ഹെല്‍ത്ത് സര്‍വ്വീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനത്തിനുള്ള അഭിമുഖത്തിനായി ജോണ്‍സണ്‍ അപേക്ഷ സമര്‍പ്പിച്ച വേഷയിലാണ് അദ്ദേഹത്തിന്റെ എംഫില്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് പി.എസ്.സി കണ്ടെത്തിയത്.

കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് അഭിമുഖം പോലും നടത്താതെ 2008 ഫെബ്രുവരി 27 ന് കേരള സര്‍വകലാശാലയില്‍ സൈക്കോളജി വിഭാഗത്തില്‍ ജോണ്‍സണിന് നിയമനം ലഭിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

യൂണിവേഴ്‌സിറ്റി ലക്ചറര്‍ നിയമനം നടത്താന്‍ സെലക്ഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശ നിര്‍ബന്ധമാണെന്ന യൂണിവേഴ്‌സിറ്റി ചട്ടം നിലനില്‍ക്കെയാണ് ഇത് മറികടന്ന് സിന്‍ഡിക്കേറ്റ് നിയമനം നടത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2010ല്‍ ഡോ.കെ.എം എബ്രഹാം വൈസ് ചാന്‍സലറായിരിക്കേ ഡോ.ആര്‍ ജോണ്‍സന്റെ നിയമനത്തില്‍ ക്രമക്കേടുണ്ടെന്ന് മനസ്സിലാക്കി അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് ഡിസ്മിസ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെതിരെ ജോണ്‍സണ്‍ കോടതിയെ സമീപിക്കുകയും കോടതി അദ്ദേഹത്തിന്റെ ഡിസ്മിസ് നടപടി റദ്ദാക്കുകയും ചെയ്തു.

നേരത്തേ കോടതി വിധി പ്രകാരം നിയമിച്ചയാളാണെന്ന യൂണിവേഴ്‌സിറ്റിയുടെ നിലപാടാണ് കോടതിയില്‍ ജോണ്‍സന് തുണയായത്.

ഇത്തരം ആരോപണങ്ങളും പരാതികളും നിലനില്‍ക്കെയാണ് 2019ല്‍ ജോണ്‍സന് യൂണിവേഴ്‌സിറ്റി പി.എച്ച്.ഡി ഗൈഡ്ഷിപ്പ് നല്‍കിയത്.

രോഷ്‌നി രാജന്‍.എ

മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.

We use cookies to give you the best possible experience. Learn more