പ്ലസ് വണ്‍ പ്രവേശനത്തിനുള്ള നീന്തല്‍ ബോണസ് പോയിന്റ് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നീക്കം; മലപ്പുറത്ത് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് വിതരണത്തിലെ അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍
Kerala News
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള നീന്തല്‍ ബോണസ് പോയിന്റ് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നീക്കം; മലപ്പുറത്ത് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് വിതരണത്തിലെ അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th June 2022, 10:15 am

തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാലക പ്രവേശന സമയത്ത് നീന്തല്‍ സര്‍ട്ടിഫിക്കറ്റിന് ബോണസ് പോയിന്റ് നല്‍കുന്ന രീതി നിര്‍ത്തലാക്കിയേക്കും. നീന്തല്‍ അറിവിന് ബോണസ് പോയിന്റ് നല്‍കുന്ന സമ്പ്രദായം ഒഴിവാക്കുന്നത് സംബന്ധിച്ച് സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാരിന് ശിപാര്‍ശ നല്‍കി.

പ്ലസ് വണ്‍ ഏകജാലക പ്രവേശന നടപടിക്രമങ്ങള്‍ തീരുമാനിക്കാന്‍ വിദ്യാഭ്യാസ മന്ത്രി തലത്തില്‍ നടന്ന ചര്‍ച്ചയില്‍ ശിപാര്‍ശ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ തലത്തില്‍ കൂടി ഇതിന് അംഗീകാരമായാല്‍ പ്ലസ് വണ്‍ പ്രവേശത്തിന് നീന്തലിനുള്ള ബോണസ് പോയിന്റ് ഒഴിവാക്കിയായിരിക്കും പ്രോസ്പക്ടസ് പ്രസിദ്ധീകരിക്കുക.

ബോണസ് പോയിന്റിന് പകരം കുട്ടിയുടെ അക്കാദമിക് മികവിന് തന്നെ പരിഗണന നല്‍കുന്ന തരത്തിലുള്ള ഭേദഗതികള്‍ക്കും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ശിപാര്‍ശ നല്‍കിയിട്ടുണ്ട്.

രണ്ട് പോയിന്റാണ് പ്രവേശനത്തിന് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് ബോണസ് പോയിന്റായി നിലവില്‍ നല്‍കുന്നത്. വിദ്യാര്‍ത്ഥി താമസിക്കുന്ന പഞ്ചായത്തിലെ സ്‌കൂളില്‍ രണ്ട് ബോണസ് പോയിന്റും താലൂക്കിന് ഒരു ബോണസ് പോയിന്റുമാണ് നല്‍കുന്നത്. ഇത് പരമാവധി രണ്ടായി പരിമിതപ്പെടുത്താനും നിര്‍ദേശമുണ്ട്.

പ്ലസ് വണ് ഏകജാലക പ്രവേശനത്തിനുള്ള വിജ്ഞാപനം പോലും സര്‍ക്കാര്‍ പ്രസിദ്ധീകരിക്കാത്ത സാഹചര്യത്തിലും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ കുട്ടികളില്‍ നിന്നും ഫീസ് ഈടാക്കിക്കൊണ്ട് നീന്തല്‍ അറിവ് പരിശോധന നടത്തുന്നുണ്ട്. ഇതിനിടെയാണ് നീന്തല്‍ ബോണസ് പോയിന്റ് നിര്‍ത്തലാക്കാനുള്ള നീക്കത്തിലേക്ക് സര്‍ക്കാര്‍ നടക്കുന്നത്.

അതേസമയം, മലപ്പുറം ജില്ലയില്‍ നീന്തല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ വിദ്യാര്‍ത്ഥികള്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ച നീന്തല്‍ പരീക്ഷക്കിടെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്.

തിങ്കളാഴ്ച മലപ്പുറം മേല്‍മുറി മഅ്ദിന്‍ ക്യാമ്പസിന് സമീപം അഞ്ചിനിക്കുളത്തില്‍ അരീക്കോട്, മലപ്പുറം ബ്ലോക്ക് പഞ്ചായത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പ്രാവീണ്യം തെളിയിക്കാന്‍ സൗകര്യമൊരുക്കിയിരുന്നു. രാവിലെ എട്ട് മണിക്കായിരുന്നു നീന്തല്‍ പരീക്ഷ തുടങ്ങിയത്.

എന്നാല്‍ എട്ട് മണിക്ക് മുമ്പുതന്നെ ടോക്കണ്‍ നല്‍കിത്തുടങ്ങിയതോടെ വലിയ ക്യൂ രൂപപ്പെടുകയായിരുന്നു. അരീക്കോട് ബ്ലോക്ക് പഞ്ചായത്തിലെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കെത്തിയപ്പോള്‍ കുളത്തില്‍ അതിനുള്ള സൗകര്യമുണ്ടായിരുന്നില്ല.

പരിശോധനാ നടത്തിപ്പിലുണ്ടായ അധികൃതരുടെ അനാസ്ഥ കാരണം നടപടിക്രമങ്ങള്‍ നീങ്ങാതായതോടെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പ്രതിഷേധിക്കുകയായിരുന്നു. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ എത്തുമെന്നറിഞ്ഞിട്ടും അധികൃതര്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.

പ്രാവീണ്യ പരിശോധനയില്‍ അപാകതയുണ്ടെന്നാരോപിച്ച് കോഴിക്കോട്- പാലക്കാട് ദേശീയപാത വിദ്യാര്‍ത്ഥികള്‍ ഉപരോധിച്ചു.

സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത കെട്ടിടത്തില്‍ നിന്നാരംഭിച്ച വിദ്യാര്‍ത്ഥി പ്രതിഷേധം ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ദേശീയപാതയിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. സമരം പിന്നീട് എം.എസ്.എഫ് ഏറ്റെടുത്തു.

ഇതേത്തുടര്‍ന്ന് മലപ്പുറം പൊലീസ് എം.എസ്.എഫ് നേതാക്കളുമായും പിന്നീട് ഇവര്‍ക്കൊപ്പം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധികൃതരുമായും ചര്‍ച്ച നടത്തി.

തട്ടേക്കാട് ബോട്ട് ദുരന്തത്തില്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ച ദാരുണ സംഭവത്തിന് പിന്നാലെയായിരുന്നു കുട്ടികള്‍ക്കിടയില്‍ നീന്തല്‍ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് ബോണസ് പോയിന്റ് രീതി കൊണ്ടുവന്നത്. എന്നാല്‍ പ്ലസ് വണ്‍ പ്രവേശനത്തിന്റെ മെറിറ്റ് അട്ടിമറിക്കുന്ന രീതിയില്‍ അനാവശ്യമായി ബോണസ് പോയിന്റ് നല്‍കുന്നതായും പരിശീലനം പോലുമില്ലാതെ ഇത് ദുരുപയോഗം ചെയ്യുന്നതായും വ്യാപകമായി വിമര്‍ശനമുയര്‍ന്നിരുന്നു.

ഈ വര്‍ഷത്തെ പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നത് ജൂലൈ ഒന്ന് മുതല്‍ ആരംഭിക്കാനാണ് നീക്കം.

Content Highlight: Students blocked national highway in protest against the Malappuram sports council swimming exam organizers