മുംബൈ: ബി.ജെ.പി ഭീഷണിയെ വകവെക്കാതെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ (ടിസ്) വിദ്യാര്‍ത്ഥികള്‍.
200ഓളം വിദ്യാര്‍ഥികള്‍ ലാപ്‌ടോപ്പിലും മൊബൈല്‍ ഫോണുകളിലുമായി ഡോക്യുമെന്ററി കണ്ടു. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി യുവമോര്‍ച്ചയും എ.ബി.വി.പിയും ക്യാമ്പസിന് പുറത്തെത്തിയിരുന്നു.
ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത് വിലക്കണമെന്ന ആവശ്യവുമായി ബി.ജെ.പി മുംബൈ യൂണിറ്റ് പ്രസിഡന്റ് ആശിഷ് ഷെലാറും രംഗത്തെത്തിയിരുന്നു.
‘പൊലീസ് ഉടന്‍ തന്നെ ഡോക്യുമെന്ററി പ്രദര്‍ശനം വിലക്കണം. അല്ലെങ്കില്‍ ഞങ്ങള്‍ വേണ്ട വിധത്തിലത് കൈകാര്യം ചെയ്യും,’ എന്നാണ് ആശിഷ് ഷെലാര്‍ ട്വീറ്റ് ചെയ്തത്.
BBC च्या बोगस डॉक्युमेंट्रीचा शो करुन मुंबई आणि महाराष्ट्रातील कायदा सुव्यवस्था Tata Institute of Social Sciences (TISS) बिघडू पाहतेय. पोलीसांनी तातडीने त्यावर बंदी घालावी अन्यथा आम्ही घ्यायची ती भूमिका घेऊ!
TISS ने हे असले धंदे बंद करावेत!!
ഇതേത്തുടര്‍ന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ വലിയ സ്‌ക്രീനില്‍ ഡോക്യുമെന്ററി പ്രദര്‍ശനത്തിനുള്ള അനുമതി നിഷേധിച്ചിരുന്നു. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുകയാണെങ്കില്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്നും ടിസ് അധികൃതര്‍ അറിയിച്ചിരുന്നു.
തുടര്‍ന്ന് ലാപ്‌ടോപ്പുകളിലും മൊബൈല്‍ ഫോണുകളിലുമായി വിദ്യാര്‍ഥികള്‍ ഡോക്യുമെന്ററി കാണുകയായിരുന്നു. പ്രോഗ്രസീവ് സ്റ്റുഡന്റ്‌സ് ഫോറം (പി.എസ്.എഫ്) എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തിലാണ് ഡോക്യുമെന്ററി പ്രദര്‍ശനം നടന്നത്.
കഴിഞ്ഞ ദിവസം രാജസ്ഥാന്‍ കേന്ദ്ര സര്‍വകലാശാലയില്‍ ബി.ബി.സി ഡോക്യുമെന്ററി കണ്ടതിന് 11 വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്തിരുന്നു.
ക്യാമ്പസിനകത്ത് വെച്ച് മൊബൈല്‍ ഫോണ്‍ വഴി ഡോക്യുമെന്ററി കണ്ടതിന് ഹിന്ദുത്വ ഗ്രൂപ്പുകള്‍ പ്രശ്നമുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ സസ്‌പെന്‍ഷന്‍ നടപടിയുണ്ടായത്.
ഗുജറാത്ത് കലാപത്തില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന് ബി.ബി.സി പുറത്തിറക്കിയ ‘ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍’ ഡോക്യുമെന്ററി ഇന്ത്യയില്‍ ബാന്‍ ചെയ്തതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്.
പിന്നാലെ ജെ.എന്‍.യു, ഹൈദരാബാദ് യൂണിവേഴ്‌സിറ്റി, ജാമിയ മിലിയ, ദല്‍ഹി യൂണിവേഴ്‌സിറ്റി തുടങ്ങിയ രാജ്യത്താകമാനമുള്ള നിരവധി സര്‍വകലാശാലകളില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുകയായിരുന്നു.