കോട്ടയം: തമിഴ്‌നാട്ടിലെ തീവ്രബാധിത മേഖലകളില്‍ നിന്ന് കോട്ടയത്തെത്തിയ വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ ക്വാറന്റീനില്‍ പോകാതെ കടന്നുകളഞ്ഞു. 34 വിദ്യാര്‍ത്ഥികളാണ് തമിഴ്‌നാട്ടിലെ റെഡ് സോണായ തിരുവണ്ണൂരില്‍ നിന്നും കഴിഞ്ഞ ദിവസം കോട്ടയത്ത് എത്തിയത്.
34 വിദ്യാര്‍ത്ഥികള്‍ എത്തിയതില്‍ നാല് പേര്‍ മാത്രമാണ് ക്വാറന്റീനില്‍ പോയത്. ഇതോടെ 28 പേരെ കണ്ടെത്താന്‍ പൊലീസിന്റെ സഹായം തേടിയിരിക്കുകയാണ് ജില്ലാ ഭരണകൂടം.
ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് പോകാതെ കടന്നുകളഞ്ഞാല്‍ ആ വ്യക്തിക്കെതിരെ കേസെടുക്കാനും അറസ്റ്റ് ചെയ്യാനും പൊലീസിന് അധികാരമുണ്ട്. സംസ്ഥാനത്തേക്ക് പ്രവേശനം അനുവദനീയമായ ആറ് അതിര്‍ത്തികളിലേക്ക് പാസ്സുകളില്ലാതെ എത്തുന്ന ആരായാലും അവരെ നിര്‍ബന്ധിത ക്വാറന്റീനിലാക്കുകയും ചെയ്യും.
കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ നിര്‍ബന്ധമായും സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ (Institutional Quarantine Centres) 14 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.
ഇതില്‍ ഗര്‍ഭിണികള്‍, 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, 14 വയസ്സിന് താഴെയുള്ളവര്‍ എന്നിവര്‍ക്ക് മാത്രമാണ് ഇളവ് അനുവദിച്ചത്.
ഏത് ജില്ലയിലേക്കാണോ വന്നത് ആ ജില്ലയിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ത്തന്നെയാണ് ഇവര്‍ക്ക് നിരീക്ഷണത്തിനുള്ള സൗകര്യമൊരുക്കിയത്. അതിര്‍ത്തിയില്‍ ഇവര്‍ എത്തിയാല്‍ പരിശോധനകള്‍ക്ക് ശേഷം, ഏത് ക്വാറന്റീന്‍ കേന്ദ്രത്തിലേക്കാണ് പോകേണ്ടതെന്ന കൃത്യം അഡ്രസ്സടക്കം നല്‍കണം. അവിടേക്ക് സ്വന്തം വാഹനത്തില്‍ത്തന്നെയാണ് ഇവര്‍ പോകേണ്ടത്. ഇത്തരത്തില്‍ സ്വന്തം വാഹനത്തില്‍ പോയവരാണ് ക്വാറന്റീല്‍ കഴിയാതെ കടന്നുകളഞ്ഞത്.
അതിര്‍ത്തി കടന്ന് പോയ റെഡ് സോണില്‍ നിന്ന് വന്ന എല്ലാവരും അതാത് ജില്ലകളിലെ ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് തന്നെ നേരിട്ടെത്തി എന്ന് ഉറപ്പാക്കേണ്ടത് അതാത് ഇടങ്ങളിലെ തദ്ദേശഭരണസ്ഥാപനങ്ങളും പൊലീസും ചേര്‍ന്നാണ്. ഇവരെല്ലാം ആ വിവരങ്ങള്‍ തത്സമയം ഇ-ജാഗ്രത ഡാറ്റാബേസിലേക്ക് നല്‍കുകയും വേണം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.