| Monday, 17th January 2022, 1:37 pm

രക്ഷിതാക്കളുടെ സമ്മതമില്ലാതെ വിദ്യാര്‍ഥികള്‍ക്ക് വാക്‌സിനില്ല; കുത്തിവെപ്പ് 967 സ്‌കൂളുകളില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ ബുധനാഴ്ച ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. 500ലേറെ കുട്ടികളുള്ള സ്‌കൂളുകളിലാണ് വാക്‌സിനേഷന്‍ നല്‍കുക.

വാക്‌സിനേഷന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും മന്ത്രി അറിയിച്ചു. വിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചേര്‍ന്ന അവലോകന യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

967 സ്‌കൂളുകളില്‍ വാക്‌സിേനഷന് സൗകര്യം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. വാക്‌സിനേഷന്‍ നടക്കുന്ന സ്‌കൂളുകളില്‍ ചൊവ്വാഴ്ച പി.ടി.എ മീറ്റിങ് ചേരും. രക്ഷിതാക്കളുടെ സമ്മതമില്ലാതെ വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ നല്‍കില്ല.

8.14 ലക്ഷം വിദ്യാര്‍ഥികള്‍ക്കാണ് വാക്‌സിനേഷന് അര്‍ഹത. ഇതില്‍ 51 ശതമാനം പേര്‍ക്ക് ഇതുവരെ വാക്‌സിന്‍ നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

അതേസമയം, ഒന്നാം ക്ലാസ് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ ഈ മാസം 21 മുതല്‍ സ്‌കൂളില്‍ വരേണ്ടതില്ല. അവര്‍ക്ക് വിക്ടേഴ്‌സ് ചാനല്‍ വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. പുതുക്കിയ ടൈം ടേബിള്‍ ഉടനെ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍, 10 മുതല്‍ 12 ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ നേരിട്ടെത്താം. ജനുവരി 22,23 തീയതികളില്‍ 10,11,12 ക്ലാസുകളിലെ കുട്ടികളെ ഉള്‍പ്പെടുത്തികൊണ്ട് സ്‌കൂളുകളില്‍ ശുചീകരണ യജ്ഞം സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

അധ്യാപകര്‍ സ്‌കൂളുകളില്‍ നേരിട്ടെത്തണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ഒമിക്രോണ്‍ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ കോടതികളുടെ പ്രവര്‍ത്തനം തിങ്കാളാഴ്ച മുതല്‍ ഓണ്‍ലൈനായി മാറും. ഹൈക്കോടതിയുടേയും കീഴ്‌ക്കോടതികളുടേയും പ്രവര്‍ത്തനം ഓണ്‍ലൈനായി മാറും.

ഒഴിവാക്കാനാവാത്ത കേസുകള്‍ക്ക് മാത്രം വാദം കേള്‍ക്കുമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ കോടതികളില്‍ 15 പേരില്‍ കൂടുതല്‍ പാടില്ലെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നുണ്ട്.

അതേസമയം, മതപരമായ ചടങ്ങുകള്‍ക്കും നിയന്ത്രണം ബാധകമാവും. ടി.പി.ആര്‍ 20ന് മുകളിലെത്തിയ ജില്ലകളില്‍ മതചടങ്ങുകള്‍ക്ക് 50 പേര്‍ക്ക് മാത്രമാണ് അനുമതി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Students are not vaccinated without parental consent; Vaccination in 967 schools

We use cookies to give you the best possible experience. Learn more